ഗൂഗിൾ പേയെയും കടത്തിവെട്ടി രാജ്യത്ത് പ്രചാരമേറുകയാണ് ഫോൺപേ എന്ന UPI ആപ്പിന്. ഇന്ത്യയിലെ ആഭ്യന്തര ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേ ഇനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത് വെറുമൊരു ആപ്പല്ല. പകരം ആപ്പ് സ്റ്റോറാണ്.
ഇന്ന് ലോകമെമ്പാടും പ്രചാരമുള്ള ഗൂഗിൾ പ്ലേ (Google Play) സ്റ്റോറിന് സമാനമായ പുതിയ ആപ്പ് സ്റ്റോറാണ് PhonePe കൊണ്ടുവരുന്നത്. അങ്ങനെ ആൻഡ്രോയിഡ് ഫോണിലെ ആപ്പ് സ്റ്റോറിനോട് മത്സരിക്കാൻ ഫോൺപേയുടെ ഈ പുതിയ സംരഭത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
പുതിയ ആപ്പ് സ്റ്റോറിലൂടെ ഉയർന്ന നിലവാരമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കളെ സ്വന്തമാക്കാനാണ് ലക്ഷ്യം. ഉടനെ തന്നെ ഫോൺപേയുടെ App store നിലവിൽ വരുമെന്നും സൂചനകളുണ്ട്. ഈ ആപ്പ് സ്റ്റോർ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് മികച്ച പരസ്യങ്ങളും ആപ്പ് സ്റ്റോർ അനുഭവം നൽകും. കൂടാതെ 12 വ്യത്യസ്ത ഭാഷകളിലേക്ക് ഫോൺപേയുടെ ആപ്പ് സ്റ്റോർ പിന്തുണ നൽകുമെന്നും പറയുന്നു. ഇതുവഴി തദ്ദേശീയമായ ഒരു ആപ്പ് സ്റ്റോർ എന്ന ആശയമാണ് യാഥാർഥ്യമാകുന്നത്.
അതുപോലെ, ആപ്പ് സ്റ്റോറുകൾ നിർമിച്ച് നൽകുന്ന IndusOSനെ വാങ്ങിയ ശേഷമാണ് PhonePe ആപ്പ് സ്റ്റോറുകളിലേക്കും പരീക്ഷണം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ഗൂഗിൾ പേയുടെ എതിരാളിയായ PhonePe, Xiaomi പോലുള്ള സ്മാർട്ട്‌ഫോൺ നിർമാതാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിക്കുന്നതായും, ഇതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഫോൺപേയുടെ ഔദ്യോഗിക അറിയിപ്പ് ഇക്കാര്യത്തിൽ വന്നിട്ടില്ല.
ആപ്പ് സ്റ്റോറുകൾ മാത്രമല്ല, ഫോൺപേയുടെ പദ്ധതിയിലുള്ളത്. രാജ്യത്ത് ഇന്റർനെറ്റ് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനും ഫോൺപേയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി 1660 കോടി രൂപയിലധികമാണ് കമ്പനി നിക്ഷേപത്തിനായി മാറ്റിവച്ചിട്ടുള്ളത്.