ദീർഘ ദൂര യാത്രയ്ക്കോ, അല്ലെങ്കിൽ ദിവസേന ജോലി ആവശ്യങ്ങൾക്കോ കോളേജിലേക്കോ പോകാൻ Indian Railway-യെ ആശ്രയിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾ അറിയാതെ പോയ ഒരു കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. RailMadad എന്നൊരു ആപ്പിനെ കുറിച്ചും, അതിന്റെ പ്രയോജനവും, അത് നിങ്ങളുടെ യാത്രയെ എത്രമാത്രം ഈസിയാക്കുമെന്നതിനെ കുറിച്ചുമാണ് ഇവിടെ വിശദമാക്കുന്നത്.
ട്രെയിൻ യാത്രികർക്ക് യാത്രയിലെ ബുദ്ധിമുട്ടുകൾ പരാതിപ്പെടാനും, അതിന് പരിഹാരം ലഭിക്കാനുമായി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച മൊബൈൽ ആപ്പാണിത്. വൃത്തിയില്ലാത്തതോ, ക്വാളിറ്റിയില്ലാത്തതോ ആയ ഭക്ഷണം ലഭിക്കുമ്പോഴും മറ്റും നിങ്ങളുടെ അസംതൃപ്തി അറിയിക്കാനും, ഉടനടി പരിഹാരം കണ്ടെത്താനുമുള്ള മികച്ച മാർഗം കൂടിയാണിതെന്ന് ഇതുവരെ ആപ്പ് ഉപയോഗിച്ചവർ അഭിപ്രായപ്പെടുന്നു.
റെയിൽമദദിന്റെ വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ, എസ്എംഎസ്, സോഷ്യൽ മീഡിയ, ഹെൽപ്പ് ലൈൻ നമ്പറായ 139 വഴിയോ പരാതി അറിയിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും ആകർഷക ഫീച്ചർ.
ട്രെയിൻ യാത്രയ്ക്കിടയിൽ കേടായ ഭക്ഷണമോ, ക്വാളിറ്റിയില്ലാത്തതോ, പരസ്പരം ബന്ധമില്ലാത്ത ഭക്ഷണം ലഭിച്ചാലോ അതുമല്ലെങ്കിൽ നിർദിഷ്ട വിലയിൽ നിന്ന് അധികം ഈടാക്കിയാലോ നിങ്ങൾക്ക് ഈ ആപ്പിലൂടെ പരാതി അറിയിക്കാം. ഭക്ഷണം മാത്രമല്ല, മെഡിക്കൽ സഹായമോ സുരക്ഷയോ വികലാംഗർക്കുള്ള സൗകര്യങ്ങളോ ആവശ്യമുള്ളപ്പോൾ ആപ്പിലൂടെ അത് റെയിൽവേ അധികൃതരെ അറിയിക്കാം.
Also Read: Motorola Fold Phone Offer: ഓഫറിൽ വാങ്ങാം മോട്ടറോളയുടെ മടക്ക് ഫോൺ, Moto razr 40
കോച്ചുകൾ ശുചിത്വമില്ലെങ്കിലും ജീവനക്കാരുടെ മോശമായ പെരുമാറ്റവുമെല്ലാം ഇതിൽ പരാതിയായി രജിസ്റ്റർ ചെയ്യാം. പരാതി നൽകാൻ മാത്രമല്ല അതിന്റെ അപ്ഡേറ്റുകൾ നിങ്ങൾക്ക് ട്രാക്ക് ചെയ്യാനും സാധിക്കും. നിങ്ങളുടെ ട്രെയിൻ യാത്ര പൂർത്തിയാകുന്നതിന് മുന്നേ അധികൃതർ ഇതിന് പരിഹാരം നടപ്പിലാക്കുന്നതാണ്.
ട്രെയിൻ യാത്രക്കാർക്കുള്ള സഹായമായി എത്തിയ ഈ ആപ്പ് വഴി നിങ്ങൾക്ക് യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റുമെടുക്കാം. അതായത്, സ്റ്റേഷനിലെ നീണ്ട ക്യൂ ഒഴിവാക്കി ജനറൽ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യാൻ ഈ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഉണ്ടായാൽ മതി. മാത്രമല്ല, യാത്രയുടെ അതേ ദിവസം തന്നെ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങാൻ റെയിൽമദദ് ഉപകരിക്കും.
ഈ ആപ്പ് വഴി നിങ്ങൾക്ക് ഹാർഡ് കോപ്പിയും പേപ്പർലെസ് ടിക്കറ്റും ലഭിക്കാനുള്ള സൗകര്യമുണ്ട്. ടിക്കറ്റെടുക്കുമ്പോൾ പേയ്മെന്റിനായി ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, വാലറ്റ് തുടങ്ങിയ എല്ലാ പേയ്‌മെന്റ് മോഡുകളും ഇതിൽ ലഭ്യമാണ്.
സാധാരണ ഇന്ത്യൻ റെയിൽവേ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി രജിസ്റ്റർ ചെയ്ത പരാതിയുടെ ഫലം ആ യാത്രയിക്കിടയിൽ തന്നെ മനസിലാക്കാനും, നിങ്ങൾക്ക് ആവശ്യമായ പരിഹാരം ലഭിക്കാനും ഈ മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കും. ആപ്പ് സ്റ്റോറിലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.