വാട്സ് ആപ്പി (Whatsapp) ന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകൾ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയയ്ക്കാൻ സഹായിക്കും.
സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് എത്താറുണ്ട്. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൗഡ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. വാട്സ് ആപ്പ് (Whatsapp) സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷനിൽ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്സ് ആപ്പി (Whatsapp)ൽ നിലവിലുണ്ട്. ഫീച്ചർ നിലവിൽ ഡവലപ്പ് ചെയ്യുകയാണ്. അപ്ഡേറ്റ് ആകുന്ന തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫയൽ കൈമാറ്റത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ വാട്സ്ആപ്പ് (Whatsapp)തയാറെടുക്കുന്നതായി കുറച്ച് ദിവസങ്ങൾക്കു മുമ്പ് നാം പറഞ്ഞിരുന്നു. ഒറ്റയടിക്ക് 100 ഫയലുകൾ വരെ വാട്സ്ആപ്പി (Whatsapp) ലൂടെ ഒറ്റയടിക്ക് കൈമാറാൻ സാധിക്കുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു എന്നായിരുന്നു വാർത്ത. അധികം വൈകാതെ ഈ ഫീച്ചർ എത്തുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും വേഗം ഫീച്ചർ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. നിരവധി ഫോട്ടോകളും ഫയലുകളും നാം സുഹൃത്തുക്കളുമായും ഓഫീസ് കാര്യങ്ങൾക്കായുമൊക്കെ പരസ്പരം കൈമാറേണ്ടിവരാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മറ്റ് ഫയൽ ഷെയറിങ് ആപ്പുകളെയാണ് നാം ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ എത്തിയതോടെ വാട്സ്ആപ്പി (Whatsapp) ലൂടെയുള്ള ഫയൽ കൈമാറ്റം കൂടുതൽ എളുപ്പവും ജനകീയവുമാകും എന്നാണ് കരുതപ്പെടുന്നത്.
ഇപ്പോൾ പുറത്തിറക്കിയ ഒരു അപ്ഡേറ്റിലൂടെ ഒറ്റയടിക്ക് 100 ഫയലുകൾ വരെ കൈമാറാനുള്ള സൗകര്യം ആണ് വാട്സ്ആപ്പ് (Whatsapp) തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്‌ക്രിപ്ഷനും, ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവയ്ക്കാനുള്ള സൗകര്യം എന്നീ ഫീച്ചറുകളും ഇതോടൊപ്പം പുതിയ അപ്ഡേറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറെ നാളായി ഉപയോക്താക്കൾ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചറാണ് ഫയൽകൈമാറ്റവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് (Whatsapp)ഒടുവിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനുമുമ്പ് ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പിലൂടെ അയയ്ക്കാൻ സാധിച്ചിരുന്നത്.
നിരവധി ഫയലുകൾ ഉണ്ടെങ്കിൽ ഫയലുകൾ സെലക്ട് ചെയ്ത് 30 വീതം അയയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. ഇനി നിങ്ങൾ അയയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങളടങ്ങിയ ഫോൾഡറിൽ നൂറിൽ താഴെ ചിത്രങ്ങളേ ഉള്ളൂ എങ്കിൽ ഒറ്റയടിക്ക് 'സെല്ക്ട് ഓൾ' നൽകി ഒറ്റ ക്ലിക്കിൽ അവ മറ്റൊരാൾക്ക് അയച്ചുനൽകാൻ സാധിക്കും. ഫോട്ടോ മാത്രമല്ല മറ്റ് ഫയലുകളും ഇതേ രീതിയിൽ ഇനി വാട്സ്ആപ്പി (Whatsapp) ലൂടെ കൈമാറാം. അതേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള അപ്ഡേഷൻ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാക്കുന്ന അപ്ഡേറ്റ് എപ്പോൾ പുറത്തുവിടുമെന്ന് വാട്സ്ആപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.