WhatsAppൽ ഗ്രൂപ്പുകൾക്ക് വേണ്ടി ഗ്രൂപ്പ്; പുതിയ ഫീച്ചർ പരിചയപ്പെടാം…

WhatsAppൽ ഗ്രൂപ്പുകൾക്ക് വേണ്ടി ഗ്രൂപ്പ്; പുതിയ ഫീച്ചർ പരിചയപ്പെടാം…
HIGHLIGHTS

വാട്സ്ആപ്പ് ഗ്രൂപ്പുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള, ഗ്രൂപ്പുകളുടെ ഒരു ശേഖരണമാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾ

ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പുതിയ ഫീച്ചർ പ്രയോജനപ്പെടും

ഒരു പാരന്റ് ഗ്രൂപ്പിൽ 21 സബ് ഗ്രൂപ്പുകൾ വരെ ഉൾപ്പെടുത്താം

വാട്‌സാപ്പിൽ കമ്മ്യൂണിറ്റികൾ തുടങ്ങാനും, മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും, ആശയവിനിമയം കൂടുതൽ വിപുലമാക്കാനും ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് (WhatsApp) അടുത്തിടെ കമ്മ്യൂണിറ്റി എന്ന പുതിയ ഫീച്ചർ പുറത്തിറക്കിയിരുന്നു. സാധാരണ വാട്സ്ആപ്പിൽ നമ്മൾ ഉപയോഗിച്ച് വന്നിരുന്ന ഗ്രൂപ്പുകളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാം.

എന്താണ് WhatsApp കമ്മ്യൂണിറ്റികൾ?

പേര് സൂചിപ്പിക്കുന്നത് പോലെ, വ്യത്യസ്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള ആളുകളെ ഒരു പ്രധാന പാരന്റ് ഗ്രൂപ്പിലൂടെ ബന്ധിപ്പിക്കുന്നതാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾ (WhatsApp Communities). ഒന്നിലധികം ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സൗകര്യമാണ് WhatsApp കമ്മ്യൂണിറ്റികളിലൂടെ (WhatsApp Communities) ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു സ്കൂളിലെ ഓരോ ക്ലാസുകൾക്കും ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് കരുതുക. ഇപ്പോൾ, പ്രിൻസിപ്പലിനോ സീനിയർ കോർഡിനേറ്റർക്കോ എല്ലാ ഗ്രൂപ്പുകളിലേക്കും പ്രസക്തമായ ഒരു സന്ദേശം പങ്കുവക്കണമെങ്കിൽ, അവർ അത് എല്ലാ ഗ്രൂപ്പുകളിലേക്കും വെവ്വേറെയായി അയയ്‌ക്കേണ്ടി വരും. ഇവിടെയാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റി എന്ന പുതിയ ഫീച്ചർ പ്രസക്തമാകുന്നത്. ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ബിസിനസ്സുകൾക്കും ഇത് വളരെ പ്രയോജനകരമാണ്.

ഒരാൾക്ക് WhatsApp കമ്മ്യൂണിറ്റി ഗ്രൂപ്പ് (പാരന്റ് ഗ്രൂപ്പ്) രൂപീകരിച്ച്, എല്ലാ സബ് ഗ്രൂപ്പുകളെയും അതിലേക്ക് ഉൾപ്പെടുത്താം. ഈ ഗ്രൂപ്പിലേക്ക് നിങ്ങൾക്ക് സന്ദേശമോ അറിയിപ്പോ പങ്കുവക്കാൻ കഴിയും. എന്നാൽ അഡ്മിനൊഴികെ മറ്റ് അംഗങ്ങൾക്ക് ഈ ഗ്രൂപ്പിലേക്ക് മെസേജ് അയക്കേണ്ട ആവശ്യമില്ലെങ്കിൽ അതിനും സൗകര്യമുണ്ട്. മറ്റ് ഗ്രൂപ്പുകളെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്ക് ആർക്ക് വേണമെങ്കിലും ക്ഷണിക്കാം. എന്നാൽ, ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് അവർക്ക് കമ്മ്യൂണിറ്റികളില്‍ അംഗമാകാനാകൂ.

അതുപോലെ, സബ് ഗ്രൂപ്പുകളിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെങ്കിൽ അത് അവർക്ക് അതാത് ഗ്രൂപ്പുകളിൽ കൈമാറാം. ഈ സന്ദേശങ്ങൾ പാരന്റ് ഗ്രൂപ്പിൽ പ്രതിഫലിക്കില്ല. 

കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ എത്ര പേർക്ക് അംഗമാകാം?

നിലവിൽ 512 അംഗങ്ങൾക്ക് വാട്സ്ആപ്പിന്റെ ഒരു സാധാരണ ഗ്രൂപ്പിൽ ചേരാനാകും. എങ്കിലും, ഉടൻ തന്നെ ഇത് 1,024ലേക്ക് വർധിപ്പിക്കുമെന്നാണ് പുതിയ വാർത്ത. അതേ സമയം, WhatsApp കമ്മ്യൂണിറ്റിയിലേക്ക് വരികയാണെങ്കിൽ ഒരു പാരന്റ് ഗ്രൂപ്പിന് 21 ഗ്രൂപ്പുകൾ വരെ നിയന്ത്രിക്കാനാകും. അതായത് 21,504 ഉപയോക്താക്കളെ വരെ ഒരു വാട്സസ്ആപ്പ് കമ്മ്യൂണിറ്റിയിൽ ഉൾക്കൊള്ളാൻ കഴിയും. എന്നിരുന്നാലും, നിലവിൽ ഒരു ഗ്രൂപ്പിലേക്ക് 5,000 അംഗങ്ങളെ മാത്രമേ വാട്ട്‌സ്ആപ്പ് അനുവദിക്കുന്നുള്ളൂ.

WhatsApp കമ്മ്യൂണിറ്റികൾ ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത്… 

Androidൽ വാട്സ്ആപ്പിൽ, കമ്മ്യൂണിറ്റികൾ സ്ക്രീനിന് മുകളിലുള്ള ബാറിലും, iOSൽ സ്ക്രീനിന്റെ താഴെയുമാണ് ദൃശ്യമാകുന്നത്. ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ അഡ്മിന് ആ ഗ്രൂപ്പിന്റെ മേൽ മാത്രമല്ല, അതിൽ അംഗമാകുന്ന ഗ്രൂപ്പുകളുടെ മേലും നിയന്ത്രണമുണ്ട്. അഡ്‌മിനുകൾക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കാളി/ സബ് ഗ്രൂപ്പ് സൃഷ്ടിക്കാനും, അല്ലെങ്കിൽ  അംഗമായ ഗ്രൂപ്പിനെ നീക്കം ചെയ്യാനും കഴിയും. ഗ്രൂപ്പുകളുടെ പേരും, ഡിസ്ക്രിപ്ഷനും, ഗ്രൂപ്പ് ഐക്കണും എഡിറ്റ് ചെയ്യാനും അഡ്‌മിനുകൾക്ക് സാധിക്കും. 
അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല. അതുപോലെ, വാട്സ്ആപ്പ് ഗ്രൂപ്പുകളിലുള്ള പോലെ എൻഡ് റ്റു എൻഡ് എന്‍ക്രിപ്ഷന്‍ ഇതിലും ഉണ്ടായിരിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo