വാട്‌സ്ആപ്പിലൂടെ വൻ തട്ടിപ്പ്; ജാഗ്രതയുമായി കേരള പോലീസ്
അറിയാത്ത നമ്പറിൽ നിന്നു ലഭിക്കുന്ന കോളുകളും വീഡിയോ കോളുകളും എടുക്കരുത്
വീട്ടിലിരുന്ന് ദിവസവും ആയിരങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനവും തട്ടിപ്പുകാർ നൽകുന്നുണ്ട്
തട്ടിപ്പിനു പിന്നിൽ വൻ ശൃംഖല തന്നെയുണ്ടെന്നാണ് കേരള പോലീസ് നൽകുന്ന റിപ്പോർട്ട്
വിദേശത്തു നിന്ന് ഒന്നിലധികം മിസ്കോളുകൾ, ജോലി വാഗ്ദാനം ചെയ്തുള്ള മെസേജുകൾ, സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മെസേജുകൾ ആരംഭിക്കുന്നത്. പല നമ്പറുകളിൽ നിന്നായി ഇത്തരത്തിൽ നിരവധി മെസേജുകൾ വന്നു തുടങ്ങിയതോടെ ഇതിനു പിന്നിൻ വൻ തട്ടിപ്പ് സംഘം തന്നെയുണ്ടെന്ന് കേരള പോലീസിന് മനസ്സിലായി.
അറിവില്ലാത്തവർ തട്ടിപ്പിൽ വീണുപോകാനുള്ള സാധ്യത കൂടുതലാണ്
അറിയാത്ത നമ്പറിൽ നിന്നു ലഭിക്കുന്ന കോളുകളും വീഡിയോ കോളുകളും എടുക്കരുതെന്ന് പോലീസ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായിട്ടുണ്ട്. സ്വയം പരിചയപ്പെടുത്തിയ ശേഷം, തങ്ങൾ അയച്ചു നൽകുന്ന യൂട്യൂബ് ലിങ്കുകൾ ലൈക്ക് ചെയ്ത് സ്ക്രീൻഷോട്ട് അയച്ചാൽ 150 രൂപ പ്രതിഫലം നൽകുമെന്നാണ് തട്ടിപ്പ് സംഘം പറയുന്നത്. വീട്ടിലിരുന്ന് ദിവസവും ആയിരങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനവും തട്ടിപ്പുകാർ നൽകുന്നുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് അറിവില്ലാത്തവർ തട്ടിപ്പിൽ വീണുപോകാനുള്ള സാധ്യത കൂടുതലാണ്. ആദ്യത്തെ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയാൽ തട്ടിപ്പുകാരൻ പണം നൽകും. ഇത്തരത്തിൽ ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷം വൻ തോതിൽ പണം തട്ടിച്ചെടുക്കുന്നതാണ് ഇത്തരക്കാരുടെ രീതിയെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം
തട്ടിപ്പിനു പിന്നിൽ വൻ ശൃംഖല തന്നെയുണ്ടെന്നാണ് സംശയിക്കേണ്ടതുണ്ട്. വാട്സാപ്പിൽ ഒരു നമ്പർ ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ അടുത്ത നമ്പറിൽ നിന്നും മെസേജ് അയക്കുന്നത് ഇതിന്റെ തെളിവാണ്. എഴുപതോളം നമ്പറുകൾ ബ്ലോക്ക് ചെയ്ത അനുഭവം ചിലർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നാണ് കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം. അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
സഹായത്തിനായി സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ 1930ൽ വിളിക്കുക
സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്." കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.