റീൽസ് പ്രേമികൾക്ക് ഇൻസ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചർ; BeReal പോലെ ഇതാ കാൻഡിഡ് സ്റ്റോറീസ്
കാൻഡിഡ് സ്റ്റോറി എന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു.
ബീറിയൽ എന്ന ആപ്പിന് സമാനമായ ഫീച്ചറാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
നോട്ട്സ് എന്ന ഒരു ഫീച്ചർ ഈയിടെ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു
കാൻഡിഡ് സ്റ്റോറീസ് എന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം (Instagram) അവതരിപ്പിച്ചു. റാൻഡം ഇടവേളകളിൽ ഉപഭോക്താക്കൾക്ക് സെൽഫി പോസ്റ്റ് ചെയ്യുന്നതിനുള്ള ചലഞ്ച് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ബീറിയൽ (BeReal) ആപ്പിന് സമാനമായ ഫീച്ചറാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് മറ്റൊരു ആപ്പിൽ നിന്നും ഒരു ഫീച്ചർ കോപ്പി ചെയ്തു ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്. പുറത്തുനിന്നുള്ള ആപ്പുകളെ പരമാവധി പ്രോത്സാഹിപ്പിക്കാത്ത ഒരു നയം ആയിരുന്നു ഇൻസ്റ്റാഗ്രാം കൈക്കൊണ്ടിരുന്നത് എന്നാൽ ഈ ഒരു രീതിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറിനെ 'കാൻഡിഡ് സ്റ്റോറീസ്' (candid stories) എന്നാണ് അറിയപ്പെടുന്നത്.
ഇൻസ്റ്റാഗ്രാമിലെ പുതിയ കാൻഡിഡ് സ്റ്റോറി ഫീച്ചർ
യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയും ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒക്കെ ഫോട്ടോപകർത്തുന്ന രീതിയാണ് കാൻഡിഡ് ഫോട്ടോഗ്രാഫി എന്നറിയപ്പെടുന്നത്. ഇതിന് സമാനമായ ഒരു ഫീച്ചർ തന്നെയാണ് കാൻഡിഡ് സ്റ്റോറി എന്നുള്ളതും കൗതുകകരമാണ്. ഫിൽട്ടറുകളുടെ അതിപ്രസരമില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന സെൽഫികൾ പകർത്തുകയും അവ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യുക എന്ന ബീറിയൽ ആപ്പിന്റെ പ്രവർത്തനങ്ങളൊക്കെയാണ് ഈ ഇൻസ്റ്റാഗ്രാം ആപ്പും നിർവഹിക്കുക.
എല്ലാം കിട്ടും ഇൻസ്റ്റാഗ്രാമിൽ
മെറ്റയുടെ ബിസിനസ് സമീപനത്തിന്റെ വേറിട്ട ഒരു ഉദാഹരണമാണ് ഇത്തരമൊരു ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തുന്നതിലൂടെ കാണാൻ കഴിയുന്നത്. tiktok ന് സമാനമായ ഫീച്ചറോട് കൂടി Reels അവതരിപ്പിച്ചതും ഇപ്പോൾ ബീറിയൽ പിന്നെ സമാനമായ ഒരു ഫീച്ചറിനെ ഉൾപ്പെടുത്തിയതും ഒക്കെ ആളുകൾക്ക് വേണ്ടുന്ന കാര്യം നൽകുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്. വാട്സാപ്പിനോടും ഇൻസ്റ്റാഗ്രാമിനോട് ഒക്കെ മെറ്റ ചെയ്തതും ഇത് തന്നെയാണ്.
അതായത് നല്ലതിനെ ഒന്നുകിൽ സ്വന്തമാക്കുക അല്ലെങ്കിൽ അതിനെ കോപ്പി ചെയ്തു ഉപയോഗിക്കുക. എന്തായാലും ഇത് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും നിലവിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ ഉള്ള മികച്ച ആപ്പുകൾക്ക് ഒരു ഭീഷണിയായിരിക്കും. ലോകത്തിലെ മറ്റു ഭാഗങ്ങളിൽ എത്തും മുൻപേ ദക്ഷിണാഫ്രിക്കയിലായിരിക്കും ഈ സേവനം ലഭ്യമായി തുടങ്ങുക.
എന്താണ് ബീറിയല്‍?
ഒരാള്‍ തന്റെ (സാമൂഹിക) ജീവിതത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്പുകളാണ് ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയവ. അയാൾ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്നും വിഡിയോകളില്‍ നിന്നും തിരഞ്ഞെടുത്തവയോ എഡിറ്റ് ചെയ്തവയോ ആയിരിക്കും ഇവയിൽ ഇടുക. അതേസമയം, ബീറിയലില്‍ യാഥാര്‍ഥ്യത്തിനാണ് ഊന്നല്‍. യഥാര്‍ഥമായത് കാണിക്കൂ എന്നാണ് ബീറിയല്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ യഥാര്‍ഥ മുഖം തന്നെ പങ്കുവയ്ക്കൂ എന്നാണ് പുതിയ വൈറല്‍ ആപ്പിന് പറയാനുള്ളത്. പ്രതീക്ഷിക്കാത്തപ്പോള്‍ പോസ്റ്റ് ഇടാന്‍ ആവശ്യപ്പെടും എന്നതാണ് ഇതിന്റെ പല സവിശേഷതകളില്‍ ഒന്ന്.
ബീറിയല്‍ ഇതുവരെ കണ്ട എല്ലാ ആപ്പുകളില്‍നിന്നും വ്യത്യസ്തം
നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ആപ് വഴി ക്യാമറ തുറന്ന് ഫോട്ടോ പകര്‍ത്തി കൂട്ടുകാരുമായി പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് സമയ പരിമിതിയും ഉണ്ട്. രണ്ടു മിനിറ്റ് മാത്രമാണ് ഇതിനായി ലഭിക്കുക. ഫോട്ടോ എടുക്കുന്ന സമയത്ത് നിങ്ങള്‍ക്കു ചുറ്റും എന്താണോ സംഭവിക്കുന്നത് അത് പകര്‍ത്താനല്ലാതെ, മറ്റെന്തെങ്കിലും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള സമയം ലഭിക്കില്ല. പങ്കുവയ്ക്കുന്ന ഫോട്ടോ നിങ്ങളുടെ ഫോളോവേഴ്സിന് മാത്രമായി പരിമിതപ്പെടുത്താം. അല്ലെങ്കില്‍ ആർക്ക് കാണാവുന്ന രീതിയിലും പങ്കുവയ്ക്കാം. ഫോട്ടോ എടുക്കാനായി ആപ്പ് തുറക്കുമ്പോള്‍ യാഥാര്‍ഥ്യം പകര്‍ത്താനുള്ള സമയമായി എന്ന അര്‍ഥത്തില്‍ Time to BeReal എന്ന സന്ദേശം ആപ്പില്‍ പ്രദര്‍ശിപ്പിക്കും. അപ്പോള്‍ മുതല്‍ നിങ്ങളുടെ രണ്ടു മിനിറ്റ് സമയം ആരംഭിക്കുന്നു.