നിങ്ങളുടെ ഫേവറിറ്റ് സോഷ്യൽ മീഡിയ Instagram ആണോ? എങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു പുതുപുത്തൻ ഫീച്ചറാണ് ഇൻസ്റ്റഗ്രാമിലേക്ക് മെറ്റ കൊണ്ടുവരുന്നത്. വാട്സ്ആപ്പിൽ പ്രചാരമുള്ള സ്റ്റിക്കറുകൾ ഇനി മുതൽ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിലും ലഭിക്കും. ഇതിനായി സ്റ്റിക്കർ ക്രിയേറ്റിങ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.
നിങ്ങളുടെ ഇഷ്ടപ്പെട്ട റീലുകളിലും സ്റ്റോറികളിലും സ്റ്റിക്കറുകൾ കൊണ്ടുവരാനുള്ള പുതിയ ഫീച്ചറാണിത്. എന്നാൽ, ഇതിൽ നിങ്ങളുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റി റീലുകളിലും സ്റ്റോറികളിലും പങ്കുവയ്ക്കാമെന്നതാണ് ഫീച്ചറിന്റെ സവിശേഷത.
ആകർഷകമായ ഈ പുതിയ ഫീച്ചറിനെ കുറിച്ച് ഇൻസ്റ്റഗ്രാം ഹെഡ് ആദം മൊസേരിയാണ് ഔദ്യോഗികമായി അറിയിച്ചത്.
ഇഷ്ടപ്പെട്ട രീതിയിൽ നിങ്ങളുടെ ഫോട്ടോകളെ സ്റ്റിക്കറാക്കി മാറ്റാനും അവ ഇൻസ്റ്റഗ്രാം റീലുകളായി പങ്കുവയ്ക്കാനുമുള്ള ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം കുറിച്ചത്. ഫോൺ ക്യാമറയിലൂടെ പകർത്തുന്ന ചിത്രങ്ങളോ, അല്ലെങ്കിൽ ഗാലറിയിലുള്ള നിങ്ങളുടെ ഫോട്ടോകളോ സ്റ്റിക്കറുകളാക്കി മാറ്റാൻ കഴിയുമെന്നും, ഇത് ഉപയോക്താക്കൾക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നും മൊസേരി പറഞ്ഞു.
നിലവിൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും ആഴ്‌ചകളിൽ ഇത് എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദമാക്കി.
പുതുപുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്റ്റിക്കർ നിർമിക്കുന്നത്. ഗാലറിയിൽ നിന്നോ, തൽക്ഷണം ക്ലിക്ക് ചെയ്തതോ ആയ ഫോട്ടോ എടുത്ത് ബാക്ക്ഗ്രൌണ്ട് റിമൂവ് ചെയ്തുകൊണ്ട് പുതിയ ഫീച്ചർ ഉപയോഗിക്കാം.
ഇനിമുതൽ AI- പവർഡ് സ്റ്റിക്കറുകളും ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥ കമ്പനിയായ മെറ്റാ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സ്റ്റോറീസ് എന്നിവയിലെല്ലാം ഇത് ലഭിക്കും.
ഇൻസ്റ്റഗ്രാമിൽ മാത്രമല്ല വാട്സ്ആപ്പിലും നിരവധി ഫീച്ചറുകളാണ് മെറ്റ കൊണ്ടുവരുന്നത്. ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് അനുസരിച്ചുള്ള സ്റ്റിക്കറുകൾ ഇനി വാട്സ്ആപ്പിൽ ലഭ്യമാകും.