ഇന്ന് WhatsApp ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. അതുപോലെ വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പും വർധിക്കുന്നു. അന്താരാഷ്ട്ര നമ്പരുകളിൽ നിന്നും മറ്റുമായി വ്യാജ കോളുകളും മറ്റും ലഭിക്കുന്നതായി നിരവധി കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്. വോയിസ് കോളുകളും വീഡിയോ കോളുകളും ഇത്തരത്തിൽ അജ്ഞാത നമ്പരുകളിൽ നിന്ന് വരുന്നതായാണ് ലഭിക്കുന്ന വിവരം.
ഇപ്പോഴിതാ, ഇത്തരം പ്രവണതകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാരും എത്തിയിരിക്കുകയാണ്. തട്ടിപ്പുകൾക്കോ മറ്റ് കെണികൾക്കോ ആയി വ്യാജന്മാർ കോളുകൾ ചെയ്യുന്നുവെങ്കിൽ ഇത്തരം അക്കൗണ്ടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ WhatsAppനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി WhatsApp ഏതാനും അക്കൗണ്ടുകൾക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തു. അതായത്, ഇന്ത്യയിൽ 36 ലക്ഷത്തിലധികം WhatsApp അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതുപോലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വാട്സ്ആപ്പ് സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും മറ്റും കണ്ടുപിടിക്കാൻ സഹായിക്കുന്ന ടെലികോം വകുപ്പിന്റെ സഞ്ചാർ സാതി വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വിശദമാക്കിയത്.
WhatsAppലെ തട്ടിപ്പ് തടയാൻ കേന്ദ്ര സർക്കാർ എന്തെല്ലാം നടപടി സ്വീകരിക്കുന്നുവെന്ന് ലോഞ്ച് ചടങ്ങിനിടെ വന്ന ചോദ്യത്തിന് മറുപടിയായാണ്, മെറ്റയുമായി സജീവമായി ഇന്ത്യൻ ഗവൺമെന്റ് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. 'ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നത്. തട്ടിപ്പുകാരായി കണ്ടെത്തിയ ഉപയോക്താക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ എല്ലാ OTT പ്ലാറ്റ്‌ഫോമുകളും സജീവമായി സഹകരിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ പരിശ്രമിക്കുമെന്ന് വാട്സ്ആപ്പും അംഗീകരിച്ചിട്ടുണ്ട്.' ഇതിന്റെ ഭാഗമായി തട്ടിപ്പ് നടത്തിയിട്ടുള്ള 36 ലക്ഷം ഫോൺ നമ്പറുകൾ വിച്ഛേദിച്ചിതായും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
ഏത് നമ്പറായിരിക്കും തട്ടിപ്പ് നടത്തുന്നവരുടേതെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്തോനേഷ്യ (+62), മലേഷ്യ (+60), വിയറ്റ്നാം (+84), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള സ്പാം കോളുകൾ ലഭിക്കുന്നതായാണ് ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെടുന്നത്. ഇതിന് പുറമെ പണം തട്ടിപ്പ് നടത്തുന്ന അജ്ഞാത കോളുകൾക്ക് എതിരെ ജാഗ്രത പുലർത്തണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. +84, +62, +60 എന്നിവയിൽ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് അജ്ഞാത കോളുകൾ വരുന്നുവെന്നും, ഇവയോട് പ്രതികരിക്കരുതെന്നും വാട്സ്ആപ്പ് തന്നെ ഉപയോക്താക്കളെ അറിയിച്ചിരുന്നു.