Google സെർച്ചിന് ഇനി പുതിയ ഫീൽ; പുതിയ സെർച്ച് റിസൾട്ട് ഡിസ്പ്ലേ വരുന്നു

Updated on 16-Feb-2023
HIGHLIGHTS

സെർച്ച് റിസൾട്ടുകൾ ഡിസ്പ്ലേ ചെയ്യുന്ന രീതിയാണ് ഗൂഗിൾ മാറ്റുന്നത്

ഒന്നിലധികം പേജുകളിലായി സെർച്ച് റിസൾട്ട് കാണിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി സ്ക്രോൾ ചെയ്ത് കൂടുതൽ ലിങ്കുകൾ കാണാൻ സാധിക്കും

ഈ സേവനം അമേരിക്കയിൽ ആയിരിക്കും ഗൂഗിൾ ആദ്യം അവതരിപ്പിക്കുക

ഗൂഗിളി(Google)ന്റെ സെർച്ച് റിസൾട്ട് (Search Results) ഡിസ്പ്ലേ രീതിയിൽ വലിയ മാറ്റങ്ങൾ വരികയാണ്. സാധാരണ രീതിയിൽ ഗൂഗിളിൽ നാം ഏതെങ്കിലും ഒരു വിവരം തിരയുകയാണെങ്കിൽ അവയുടെ സെർച്ച് റിസൾട്ട് വിവിധ പേജുകളിൽ ആയിട്ടായിരിക്കും ലഭ്യമാവുക. ആദ്യത്തെ പേജിലെ റിസൾട്ടിൽ നിന്നും അടുത്ത പേജിലേക്ക് നാവിഗേറ്റ് ചെയ്തു പോകുന്ന രീതിയിലാണ് നിലവിൽ സെർച്ച് റിസൾട്ടുകൾ ഗൂഗിൾ ഡിസ്പ്ലേ ചെയ്യുന്നത്. എന്നാൽ ഈ രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു സെർച്ച് റിസൾട്ട് ഡിസ്പ്ലേ രീതിയാണ് ഗൂഗിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഗൂഗിളിന്റെ പുതിയ സെർച്ച് റിസൾട്ട്; കൂടുതൽ അറിയാം

ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളിൽ ഗൂഗിൾ സെർച്ച് റിസൾട്ടുകൾ തുടർച്ചയായി സ്ക്രോൾ ചെയ്ത് കാണാൻ കഴിയുന്ന രീതിയിലേക്ക് മാറ്റും. അതായത് നിലവിൽ ആറ് പേജുകളിൽ വരെ ആയി ക്രമീകരിച്ചിരിക്കുന്ന സെർച്ച് റിസൾട്ട് തുടർച്ചയായി താഴേക്ക് സ്ക്രോൾ ചെയ്ത് കാണാൻ സാധിക്കുന്ന രീതിയിലായിരിക്കും ലഭ്യമാവുക. അതായത് ഉപഭോക്താവിനെ അവരുടെ തിരയലിന്റെ ഫലമായി ലഭിക്കുന്ന കൂടുതൽ ലിങ്കുകൾ ആദ്യ പേജിൽ തന്നെ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള മാറ്റം ആദ്യമായി ഇംഗ്ലീഷ് ഭാഷയിലെ സെർച്ചിങ്ങിൽ ആയിരിക്കും പ്രാബല്യത്തിൽ വരിക. ആദ്യമായി അമേരിക്കയിൽ ലഭ്യമായി തുടങ്ങുന്ന ഈ സേവനം പിന്നീട് ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്കും വിവിധ ഭാഷകളിലെ സെർച്ചിങ്ങുകളിലേക്കും വ്യാപിപ്പിക്കും.

എന്തുകൊണ്ടാണ് ഗൂഗിൾ ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവരുന്നത്?

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ രീതി പിന്തുടർന്നാണ് ഇത്തരമൊരു മാറ്റം ഗൂഗിൾ കൊണ്ടുവരുന്നത്. അതായത് സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ താഴേക്ക് വീണ്ടും വീണ്ടും സ്ക്രോൾ ചെയ്ത് തങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്തുന്നത് പോലെയുള്ള സേവന ലഭ്യത ഇത്തരമൊരു മാറ്റത്തിലൂടെ ഗൂഗിളും ആവിഷ്കരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വിവരങ്ങൾ ഉപഭോക്താവിന് ലഭിക്കാനുള്ള അവസരം ഒരുക്കുകയാണ് ഗൂഗിൾ. അതായത് മറ്റൊരു പേജ് ലോഡ് ചെയ്യുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ മിക്കവാറും ഉപഭോക്താക്കൾക്ക് നഷ്ടമായിട്ടുണ്ട് എന്നുള്ള കാര്യം ഗൂഗിളിന് മനസ്സിലായിട്ടുണ്ട് എന്ന് വേണം കരുതാൻ.

ഒരു സെർച്ചിന്റെ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ള ആളുകൾ നിലവിൽ സെർച്ച് റിസൾട്ടുകളുടെ 4 പേജുകൾ വരെ നാവിഗേറ്റ് ചെയ്തു പരിശോധിക്കാറുണ്ട് എന്നുള്ള ഗൂഗിളിന്റെ നിരീക്ഷണമാണ് ഇത്തരത്തിൽ ഒറ്റ സ്ക്രോളിംഗിലൂടെ ആറ് പേജുകൾ വരെയുള്ള സെർച്ച് റിസൾട്ട് ലഭ്യമാക്കുന്നതിനായുള്ള ശ്രമത്തിന് പിന്നിൽ.

സെർച്ച് എൻജിൻ മാർക്കറ്റിങ്ങിന് ഇത് എങ്ങനെ സ്വാധീനിക്കും?

നിലവിൽ പ്രമുഖ ബ്രാൻഡുകൾ ഒക്കെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ സെർച്ച് റിസൾട്ടുകൾ ആദ്യത്തെ പേജിൽ വരാൻ ആയിട്ടാണ് ശ്രമിക്കുന്നത്. കാരണം മിക്കവാറും ഉള്ള ആളുകൾ ഒന്നും അടുത്ത പേജുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ കൂടുതൽ റിസൾട്ട് ആദ്യ പേജിൽ തന്നെ വരുന്നതോടുകൂടി കൂടുതൽ ബ്രാൻഡുകളുടെ ഉൽപന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ആദ്യപേജിൽ തന്നെ ലഭ്യമായി തുടങ്ങും. ഇത്തരത്തിൽ ആദ്യത്തെ പേജുകളിൽ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ സെർച്ച് അടിസ്ഥാനമായ ഓപ്ഷനുകൾ ലഭ്യമാകുന്നതോട് കൂടി ബ്രാൻഡുകൾ തമ്മിലുള്ള കിട മത്സരം വീണ്ടും ശക്തമാകും എന്നതിന് സൂചന കൂടിയാണ് ഗൂഗിൾ വരുത്തുന്ന ഈ മാറ്റം.

Connect On :