രാജ്യാന്തര നമ്പരുകളിൽനിന്നെത്തുന്ന കോളുകൾ ആളുകളുടെ സ്വകാര്യവിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ളവയാണ്. ദിവസം നാല് സ്പാംകോളുകൾ വരെ ലഭിച്ച വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിചയമില്ലാത്ത രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകളോട് പ്രതികരിക്കരുതെന്ന് വിദഗ്ധർ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ പറയുന്നുണ്ട്. എന്നാൽ ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.
രാജ്യാന്തര നമ്പരുകളിൽനിന്ന് വരുന്ന കോളുകൾ എടുത്താലും എതിർഭാഗത്തുനിന്ന് പലപ്പോഴും പ്രതികരണം ഉണ്ടാകില്ല. എന്നാൽ ഈ സമയമത്രയും അവർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. കേന്ദ്ര സർക്കാർ അടക്കം വിഷയത്തിൽ ഇടപെടുകയും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വാട്സ്ആപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്പാം കോളുകൾ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിക്കും എന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങൾ ആണ് ചെയ്യാൻ കഴിയുക. അതിലൂടെ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് ഒരു പരിധിവരെ ഒഴിഞ്ഞുനിൽക്കാൻ നമുക്ക് സാധിക്കും.
ആരാണ് വിളിക്കുന്നത് എന്ന് അറിയില്ലെങ്കിൽ, രാജ്യാന്തര നമ്പരിൽനിന്ന് എത്തുന്ന വാട്സ്ആപ്പ് കോളുകളോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. അജ്ഞാത നമ്പരുകളിൽനിന്ന് എത്തുന്ന വാട്സ്ആപ്പ് കോളിന് ഉത്തരം നൽകുന്നത് നിങ്ങളെ ഒരു തട്ടിപ്പിന്റെയോ ചതിയുടെയോ ഇരയാക്കാനുള്ള അപകടസാധ്യത ഏറെയാണ്. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽനിന്നാണ് തട്ടിപ്പ് കോളുകൾ എത്തുന്നത്. ഈ കോഡുകളുള്ള കോളുകൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക. നമ്മുടെ പല നഗരങ്ങളിലും വാട്‌സ്ആപ്പ് കോളുകൾക്കായി രാജ്യാന്തര നമ്പറുകൾ വിൽക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നതിനാൽ ഇന്ത്യയിൽനിന്നുതന്നെ തട്ടിപ്പുകോളുകൾ എത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.
വിവിധ നറുക്കെടുപ്പുകളിലോ, മത്സരങ്ങളിലോ നിങ്ങൾ ജയിച്ചെന്നും സമ്മാനത്തിന് അർഹനായെന്നുമൊക്കെയുള്ള വാഗ്ദാനം വാട്സ്ആപ്പ് കോൾ വഴിയോ സന്ദേശമായോ എത്തിയാൽ അതിൽ വീഴരുത്. അത് നിങ്ങളെ കുടുക്കാനുള്ള കെണിയാണ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ ഉടൻ തന്നെ വാട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.
നിങ്ങൾക്ക് പരിചയമില്ലാത്ത ഒരു ഇൻർനാഷണൽ നമ്പരിൽ നിന്ന് തുടർച്ചയായി കോളുകൾ എത്തുന്നുണ്ടെങ്കിൽ അതിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പർ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും. അതിനായി നിങ്ങളുടെ കോൾ ലോഗിലെ നമ്പറിൽ ടാപ്പ് ചെയ്‌ത് നമ്പർ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
നിങ്ങൾക്ക് ലഭിക്കുന്നത് ഇൻർനാഷണൽ നമ്പറിൽനിന്നുള്ള സ്പാം കോളോ, ഹാക്കിങ്ങ് പോലെ വിവരങ്ങൾ ചോർത്താൻ സാധ്യതയുള്ള എന്തെങ്കിലും സന്ദേശങ്ങളോ ആണെന്ന് സംശയം തോന്നിയാൽ ആ നമ്പർ ഉടൻ തന്നെ വാട്സ്ആപ്പിലേക്ക് റിപ്പോർട്ട് ചെയ്യാം. അതിലൂടെ കൂടുതൽ ആളുകൾ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാം. കോൾ ലോഗിലെ നമ്പറിൽ ടാപ്പുചെയ്‌താൽ നമ്പർ റിപ്പോർട്ടുചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്.
അനധികൃത ആക്‌സസിൽ നിന്ന് വാട്‌സ്ആപ്പ് അക്കൗണ്ടിനെ കൂടുതൽ പരിരക്ഷിക്കുന്നതിന്, ടു-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക. അപ്പോൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡിന് പുറമെ ഒരു കൺഫർമേഷൻ കോഡ് കൂടി നൽകേണ്ടിവരും. അതിലൂടെ നമ്മുടെ അക്കൗണ്ട് സുരക്ഷിതമാണ് എന്ന് ഒരു പരിധിവരെ ഉറപ്പിക്കാൻ സാധിക്കും.