ഫെയ്‌സ്ബുക്കി (Facebook)ലും ഇന്‍സ്റ്റഗ്രാമി (Instagram) ലും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ (Meta). വെരിഫിക്കേഷന്‍ ബാഡ്ജ് (Verification Badge) വാഗ്ദാനം ചെയ്തുകൊണ്ടാണ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഒരുക്കിയിരിക്കുന്നത്. പ്രതിമാസം 11.99 ഡോളര്‍ മുതല്‍ 14.99 ഡോളര്‍ വരെയാണ് iOS ആപ്പിലൂടെ സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുമ്പോഴുള്ള നിരക്ക്. കണ്ടന്റ് ക്രിയേറ്റര്‍മാരെയാണ് പ്രധാനമായും ഇത് ലക്ഷ്യമിടുന്നത്. വെരിഫിക്കേഷന്‍ ബാഡ്ജി (Verification Badge)നെ കൂടാതെ അക്കൗണ്ടിന് കൂടുതല്‍ സംരക്ഷണവും പിന്തുണയും വിസിബിലിറ്റിയും റീച്ചും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റ (Meta)കമ്പനിയാണ് ഇപ്പോള്‍ മാസവരി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേര് മെറ്റാ (Meta) വേരിഫൈഡ് എന്നായിരിക്കും. സർക്കാർ ഐഡി നല്‍കിയാല്‍ ബ്ലൂബാഡ്ജ് (badge) നല്‍കാമെന്നാണ് മെറ്റാ പറയുന്നത്. മാസവരി നല്‍കുന്നില്ലെങ്കില്‍ ബ്ലൂ ബാഡ്ജ് ഇല്ല. അതേസമയം, കാലക്രമത്തില്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പുതിയ ഫീച്ചറുകള്‍ നല്‍കിയേക്കാം.
നിങ്ങളുടെ പേരില്‍ മറ്റാര്‍ക്കും ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ അക്കൗണ്ട് സൃഷ്ടിക്കാനാവില്ല എന്നതാണ് വെരിഫിക്കേഷന്‍ ബാഡ്ജ് (Verification Badge) കൊണ്ടുള്ള ഗുണം. ഈ പുതിയ ഫീച്ചര്‍ അക്കൗണ്ടിന്റെ ആധികാരികത വര്‍ധിപ്പിക്കുകയും സേവനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ട്വിറ്ററിന്റെ ബ്ലൂ ടിക് പോലെ അക്കൗണ്ട് വ്യാജമല്ലെന്ന് അറിയിക്കാനായി ബ്ലൂ ബാഡ്ജ് ആയിരിക്കും ഫെയ്‌സ്ബുക് നല്‍കുക. ഇത് വേണ്ടവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വേരിഫൈ ചെയ്ത ആളുകള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് വേണ്ടിവന്നാല്‍ അത് നേരിട്ടു നല്‍കുമെന്നും കമ്പനി പറയുന്നു. ഈ സേവനം തുടക്കത്തില്‍ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മാത്രമായിരിക്കും അവതരിപ്പിക്കുക.
വരുമാനത്തിനുള്ള പുതിയ മാര്‍ഗമായാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തെ കമ്പനികള്‍ കാണുന്നത്. നേരത്തെ പരസ്യ വിതരണത്തെ ആശ്രയിച്ചായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വരുമാനം. എന്നാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പരസ്യ വിതരണത്തില്‍ വന്നത് കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇതിന് പുറമെ പൊതുവിലുള്ള സാമ്പത്തികമാന്ദ്യവും കമ്പനികളെ ബാധിച്ചിട്ടുണ്ട്. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമാവുമോ എന്ന് കണ്ടറിയണം. നിലവില്‍ പരിമിതമായ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സേവനം എങ്കിലും ഭാവിയില്‍ ഫെയ്‌സ്ബുക്കിന്റെയും മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളുടെയും പ്രധാനപ്പെട്ട സൗകര്യങ്ങളെല്ലാം ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലേക്ക് ഉള്‍പ്പെടുത്തി പെയ്ഡ് പ്ലാറ്റ്‌ഫോമുകളായി അവ മാറാനും സാധ്യതയുണ്ട്. Twitterഉം ഇത്തരത്തിൽ ബാഡ്ജ് സംവിധാനം കൊണ്ടുവരുന്നുണ്ട്. ട്വിറ്റര്‍ ഇന്ത്യയില്‍ വേരിഫൈഡ് ബ്ലൂ ടിക്കിന് ഈടാക്കുന്നത് 900 രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.