വിശന്നിരിക്കുമ്പോൾ, സ്വിഗ്ഗിയെടുത്ത് ഒരു ചെറിയ ബർഗർ ഓർഡർ ചെയ്യാമെന്ന് വിചാരിക്കുന്നവർക്കും പണികിട്ടി. ഓർഡർ ചെറുതായാലും വലുതായാലും ഓർഡറിന് രണ്ട് രൂപ ഈടാക്കാനൊരുങ്ങി Swiggy. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഒട്ടും ആശ്വാസകരമല്ലാത്ത വാർത്തയാണിത്. നിലവിൽ ചില നഗരങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് പ്ലാറ്റ്ഫോം ഫീസായ ഈ അധിക നിരക്ക് (Extra charge) ഏർപ്പെടുത്തിയിരിക്കുന്നത്.
ഓരോ ഓർഡറിനും ഇനി 2 രൂപ കൂടി (Rs. 2 charge) ഈടാക്കുന്നു. കാർട്ടിലെ ഓർഡർ ചെറുതാണോ വലുതാണോ എന്ന് പരിഗണിക്കാതെയാണ് ഈ തുക ഈടാക്കുന്നത്. എന്നാൽ, ഓർഡർ ചെയ്യുന്ന ഓരോ ഇനത്തിനും ഫീസ് പ്രത്യേകം നൽകേണ്ടതില്ല.
നിലവിൽ സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി സർവ്വീസിൽ മാത്രമാണ് ഈ അധിക നിരക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാമാർട്ട് (Instamart), ക്വിക്ക് കൊമേഴ്സ് (Quick Commerce) ഓർഡറുകൾക്ക് ഈ നിരക്ക് ഇതുവരെയും കമ്പനി നടപ്പിലാക്കിയിട്ടില്ല എന്നതും നേരിയ ആശ്വാസമാണ്. ഇങ്ങനെ Swiggyയിൽ പ്ലാറ്റ്ഫോം ചാർജ് ഏർപ്പെടുത്തുന്നതോടെ, തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. അതുപോലെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ പുതിയ ഫീച്ചറുകൾ Swiggy Appൽ ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ ഇന്ത്യൻ നഗരങ്ങളിലാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് (Swiggy paltform fee) ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മറ്റ് പ്രധാന നഗരങ്ങളിൽ ഈ അധിക നിരക്ക് എപ്പോൾ നടപ്പാക്കുമെന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. വെറും 2 രൂപയാണെങ്കിലും, ഒരു ദിവസം ഒന്നര ദശലക്ഷത്തിലധികം ഓർഡർ ലഭിക്കുന്ന സ്വിഗ്ഗിയ്ക്ക് ഇത് കൂറ്റൻ ലാഭമൊരുക്കുമെന്നതിൽ സംശയമില്ല.
അതേ സമയം, സാമ്പത്തിക പ്രതിസന്ധിയുള്ള സൊമാറ്റോ പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല.