കൂടുതൽ കമ്പനികൾ ട്വിറ്ററിൽ പരസ്യം നൽകുന്നത് താൽക്കാലികമായി നിർത്തലാക്കിയ സാഹചര്യത്തിൽ ട്വിറ്ററിന്റെ പ്രചാരം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ മസ്ക് (Elon Musk). ഇതോടനുബന്ധിച്ച് ട്വിറ്ററിൽ ഡിജിറ്റൽ പേയ്മെന്റ് (digital payments on Twitter) സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിക്കുന്നത്. ചൈനയുടെ മൊബൈൽ ആപ്പായ വീചാറ്റ് (WeChat) പോലെ ട്വിറ്റർ വഴിയും പണം അയയ്ക്കാനും കൈമാറ്റം നടത്താനുമുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പേയ്മെന്റിലേക്ക് ചുവട് വക്കുന്നതായി, പരസ്യദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ട്വിറ്റര്‍ സിഇഒ അറിയിച്ചത്.
ഉപയോക്താക്കൾക്ക് പണം അയക്കാനും, അവ അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും, ഭാവിയില്‍ ബാലൻസ് പണത്തിന് പലിശ ലഭിക്കുന്ന രീതിയിലുള്ള അക്കൗണ്ട് രൂപീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് മസ്ക് പ്രതീക്ഷിക്കുന്നത്.
ട്വിറ്റർ വഴി പേയ്‌മെന്‍റ് സേവനം നടത്തുന്നതിനുള്ള അനുമതിക്കായി കഴിഞ്ഞ ആഴ്ച യുഎസ് അധികൃതര്‍ക്ക് ട്വിറ്റര്‍ അപേക്ഷ
നൽകിയിരുന്നു. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന രീതിയില്‍ ട്വിറ്ററിനെ മാറ്റുക എന്നതാണ് മസ്കിന്റെ ലക്ഷ്യം. അതായത്, ട്വിറ്ററിലൂടെ വിനോദം, വാർത്തകൾ, ആശയവിനിമയം ഒപ്പം ഡിജിറ്റൽ പേയ്മെന്റ് എന്നിയും നടത്താൻ സാധിക്കും. എന്നാൽ, ട്വിറ്റർ ഡിജിറ്റൽ പേയ്മെന്റിൽ ക്രിപ്‌റ്റോകറൻസികൾ എങ്ങനെ പ്രവർത്തിക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം വ്യക്തത നൽകിയിട്ടില്ല.
അതേ സമയം, പരസ്യദാതാക്കളുമായി നടത്തിയ ചർച്ചയിൽ ട്വിറ്ററിന്റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ചും അദ്ദേഹം വ്യക്തത നൽകി. ട്വിറ്റർ ബ്ലൂ (Twitter Blue) വരിക്കാർക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനും, ആപ്പ് സ്റ്റോറുകളുടെ ഇൻ-ആപ്പ് പർച്ചേസ് സിസ്റ്റം വഴി അവരുടെ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാനും സംവിധാനം ഉണ്ടാകുമെന്ന് മസ്ക് വിശദമാക്കി.
ആഗോളതലത്തിൽ എല്ലാവർക്കും ലഭ്യമാകുന്ന ചൈനയുടെ വീചാറ്റ് പോലെ എക്‌സ്.കോം (X.com) എന്ന സൂപ്പർ ആപ്പ് നിർമിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ട്വിറ്റർ വാങ്ങുന്നതെന്നാണ് മസ്‌ക് മുൻപ് പറഞ്ഞിരുന്നത്.