കമ്പ്യൂട്ടറിലും WhatsApp വീഡിയോ, ഓഡിയോ കോളുകൾ സാധ്യം!
വിൻഡോസ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായിട്ടാണ് ഈ പുത്തൻ അപ്ഡേറ്റ്
ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഡെസ്ക്ടോപ്പ് ആപ്പിൽ മെസേജുകൾ ലഭ്യമാകും
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ കൊണ്ടുവന്നത്
വാട്ട്സ്ആപ്പ്(WhatsApp)വിൻഡോസ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി പുത്തൻ അപ്ഡേറ്റ് പുറത്തിറക്കി. എട്ട് പേരുമായിവരെ ഗ്രൂപ്പ് വീഡിയോ കോളുകളും 32 പേരുമായി ഓഡിയോ കോളുകളും നടത്താം എന്നത് ഉൾപ്പെടെ ഒട്ടനവധി മികച്ച ഫീച്ചറുകളാണ് ഈ അപ്ഡേഷനിലൂടെ വാട്ട്സ്ആപ്പ് (WhatsApp) വിൻഡോസ് ഉപയോക്താക്കൾക്കായി എത്തിച്ചിരിക്കുന്നത്.
നാല് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാം
ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഡെസ്ക്ടോപ്പ് ആപ്പിൽ മെസേജുകൾ ലഭ്യമാകും, ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു വാട്ട്‌സ്ആപ്പ് (WhatsApp) അക്കൗണ്ടിലേക്ക് നാല് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാം. ഡിവൈസിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിൽപ്പോലും എല്ലാ ഡിവൈസുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരും എന്നിങ്ങനെ നിരവധി ഫീച്ചറുകൾ അപ്ഡേഷനിലൂടെ എത്തിയിട്ടുണ്ട്.
പുത്തൻ ഫീച്ചർ വിൻഡോസ് ഉപയോക്താക്കൾക്ക് മാത്രം
എന്നാൽ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഉപയോക്താക്കൾക്കുമാത്രമാണ് പുതിയ ഫീച്ചറുകൾ ലഭ്യമാക്കിയിരിക്കുന്നത്. മാക് ഉപയോക്താക്കൾക്കായുള്ള വാട്ട്സ്ആപ്പ് (WhatsApp) ഡെസ്‌ക്‌ടോപ്പ് പതിപ്പ് ബീറ്റ ടെസ്റ്റിംഗിലാണ്. ഇത് അടുത്ത ആഴ്ചതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. പുതിയ ഫീച്ചറുകൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ അടുപ്പത്തിൽ ഇടപെടാൻ ഉപയോക്താക്കളെ സഹായിക്കും.
പുതിയ അപ്‌ഡേറ്റിലെ ഫീച്ചറുകൾ
വാട്ട്സ്ആപ്പ് (WhatsApp) വിൻഡോസ് ഡെസ്‌ക്‌ടോപ്പ് ആപ്പ് വഴിയുള്ള വീഡിയോ, ഓഡിയോ കോളിംഗ് നിലവിൽ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഫീച്ചർ ലഭിക്കും. അപ്ഡേഷനു ശേഷം സ്മാർട്ട്ഫോണിലെ വാട്ട്സ്ആപ്പി(WhatsApp)ൽ കാണുന്നതുപോലെ കോൾ ഐക്കണിന് സമാനമായ ഒരു കോൾ ഓപ്ഷൻ ചാറ്റ് ബോക്സിൽ കാണാൻ സാധിക്കും. ഒന്നിലധികം ഡിവൈസുകളിൽ ഒരേസമയം വാട്ട്സ്ആപ്പ് (WhatsApp) ഉപയോഗിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ലിങ്ക് വഴി ഗ്രൂപ്പ് സ്പാം ചെയ്യാൻ എത്തുന്നവരെ തടയാൻ ഈ മാറ്റത്തിലൂടെ സാധിക്കും. ഒരാൾ അംഗമായിട്ടുള്ള പൊതുവായുള്ള ഗ്രൂപ്പുകൾ ഏതൊക്കെയാണെന്ന് പെട്ടെന്ന് കണ്ടെത്താനുള്ള ഫീച്ചറും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺടാക്റ്റിലെ ഒരാളുമായി നിങ്ങൾ പങ്കിടുന്ന ഗ്രൂപ്പുകൾ കാണാൻ വാട്‌സാപ്പിൽ അവരുടെ പേര് തിരഞ്ഞശേഷം പ്രൊഫൈൽ പരിശോധിച്ചാൽ മതി. ഇരുവരും അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.
കൂട്ടുകാർ, ബന്ധുക്കൾ തുടങ്ങിവർ അംഗങ്ങളായിട്ടുള്ള ഏതൊക്കെ ഗ്രൂപ്പുകളിൽ നാം അംഗമാണ് എന്ന് കണ്ടെത്താൻ ഇത് സഹായിക്കും. വാട്സ്ആപ്പ് (WhatsApp) ഗ്രൂപ്പിൽ നിന്ന് ഒരാൾക്ക് എപ്പോൾ പുറത്തുപോകണമെന്ന് നേരത്തെ തന്നെ സജ്ജീകരിക്കാൻ കഴിയുന്ന ഫീച്ചറും വാട്സ്ആപ്പ് (WhatsApp) ഉടൻ അവതരിപ്പിക്കും എന്നാണ് വിവരം.