ഗൂഗിൾ പ്ലേയിൽ ലഭിക്കുന്ന എല്ലാ മൊബൈൽ ആപ്പുകളും സുരക്ഷിതമാണെന്ന് പറയാനാകില്ല. കാരണം നിങ്ങളുടെ ഫോണിലെ വിവരങ്ങളും ക്യാമറ, മൈക്ക് എന്നിവയുടെ എല്ലാം ആക്സസ് ചോദിക്കുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കണം. ഇവർ തങ്ങളുടെ ലാഭത്തിനായി നിങ്ങളുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നു. ഇവ മറ്റ് പാർട്ടികൾക്ക് ഒരുപക്ഷേ വിതരണം ചെയ്തേക്കാനും സാധ്യതയുണ്ട്.
ചിലപ്പോൾ നിങ്ങൾ വളരെ വിശ്വസിക്കുന്ന മെസേജിങ് ആപ്ലിക്കേഷനോ, സോഷ്യൽ മീഡിയ ആപ്പോ, പ്രിയപ്പെട്ട ഗെയിമിങ് ആപ്പോ ആയിരിക്കും. സർഫ്‌ഷാർക്ക് എന്ന VPN സേവന ദാതാവിന്റെ ഏറ്റവും പുതിയ പഠനത്തിൽ ഇത്തരത്തിൽ നമ്മുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ചില ജനപ്രിയ ആപ്ലിക്കേഷനുകൾ ഉള്ളതായും, ഇവ വിവരങ്ങൾ മോഷ്ടിക്കുന്നതായും പറയപ്പെടുന്നു.
കാൻഡി ക്രഷ് സാഗ, കാരം പൂൾ ഡിസ്‌ക് ഗെയിം, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ എന്നീ ജനപ്രിയമായ 3 ഗെയിമിങ് ആപ്പുകളാണ് സ്വകാര്യത ചോർത്തുന്നതിൽ മുൻപന്തിയിലുള്ള 3 ആപ്ലിക്കേഷനുകൾ എന്ന് പറയുന്നു. നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും വീഡിയോകളും, കോൺടാക്റ്റ് വിവരങ്ങളും, ലൊക്കേഷൻ ഡാറ്റയും, കോൺടാക്റ്റുകളുമെല്ലാം ഇവ കൈക്കലാക്കുന്നുണ്ട്. ഇങ്ങനെ ഫോണിലെ 17 വിവരങ്ങൾ ചോർത്തിയെടുക്കുന്നുവെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് വിശദമാക്കുന്നു.
മുഖ്യമായും Candy Crush Saga, Carrom Pool Disc Game, Call of Duty Mobile എന്നിവർ ലൊക്കേഷൻ വിവരങ്ങളാണ് മോഷ്ടിക്കുന്നത്. ഇങ്ങനെ ആപ്പ് ഉപയോക്താവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുമ്പോൾ അയാളുടെ വീട് അഡ്രസ്, ഓഫീസ്, യാത്ര ചെയ്യുന്ന ഇടങ്ങൾ എല്ലാം മനസിലാക്കുന്നു. ഒരാളുടെ ദിനചൈര്യ പോലും ഇങ്ങനെ പോകുന്ന സ്ഥലം ഉപയോഗിച്ച് കണ്ടുപിടിക്കാനാകും. ഇതുവഴി പ്രദേശം അടിസ്ഥാനമാക്കി പ്രൊമോഷനുകളും പരസ്യങ്ങളും പ്രദർശിപ്പിക്കാനും മറ്റും ആപ്പുകളിലൂടെ സാധിക്കും. ഇങ്ങനെ പരസ്യങ്ങൾ പ്രദർശിപ്പിക്കാനായി മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾക്ക് വിവരങ്ങൾ കൈമാറിയേക്കാം. മാൽവെയറുകൾ ഇവയിൽ വന്നുപെട്ടാൽ വ്യക്തിഗത വിവരങ്ങളും ഈ ആപ്പുകളിലൂടെ കൈക്കലാക്കാം.
ഇന്ത്യയിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ലുഡോ കിംഗ്, സബ്‌വേ സർഫേഴ്‌സ് എന്നിവയും സുരക്ഷിതമല്ലാത്ത ഗെയിമിങ് ആപ്പുകളിൽ ഇടം പിടിച്ചു. ഇവയ്ക്കും ചില വിവരങ്ങൾ ഉപയോക്താക്കളിൽ നിന്ന് ആക്സസ് ചെയ്യാനാകും. ലുഡോ കിംഗ് ഈ ലിസ്റ്റിൽ 38-ാമത്തെ സ്ഥാനത്താണ്. സബ്‌വേ സർഫേഴ്‌സ് ആകട്ടെ ഏഴാം സ്ഥാനത്തുമാണ്.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാത്ത ആപ്ലിക്കേഷനുകളിൽ Traffic Rider, Among Us, Mini Militia War.io എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ സുരക്ഷ ചോർത്തുന്ന ആപ്പുകളിൽ അവസാന നിരയിലാണ് ഈ 3 ആപ്ലിക്കേഷനുകളും.