ക്രിസ്മസും പുതുവർഷവും മകര സംക്രാന്തിയുമായി ഇത് ആഘോഷങ്ങളുടെ കാലമാണ്. പുത്തൻ വസ്ത്രങ്ങൾക്കായാലും, വീട്ടുപകരണങ്ങൾക്കായാലും ഷോപ്പിങ് നടത്താനുള്ള പണം ഒരുപക്ഷേ നിങ്ങളുടെ പക്കൽ ഇപ്പോൾ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ, വിലക്കിഴിവിൽ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഷോപ്പിങ് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പണം കൈവശമില്ലെങ്കിലും ഇഷ്ടമുള്ളവ വാങ്ങാം. അതായത്, ആവശ്യമുള്ളപ്പോൾ സാധനങ്ങൾ വാങ്ങി പിന്നീട് പണം തിരിച്ചടച്ചാൽ മതി.
കുറച്ച് കാലത്തേക്ക് വായ്പ വാങ്ങുന്ന പോലെ, പണമടയ്ക്കാതെ ഓൺലൈൻ ഷോപ്പിങ് നടത്താനും പിന്നീട് പണം അടയ്ക്കാനും സാധിക്കും. Buy Now, Pay Later അഥവാ ബിഎൻപിഎൽ (BNPL) എന്ന ഈ സംവിധാനത്തിലൂടെ നിങ്ങൾക്ക് പോയിന്റ് ഓഫ് സെയിൽ (POS) നടത്താൻ സാധിക്കും. ക്രെഡിറ്റ് കാർഡിൽ വായ്പ എടുക്കുന്നതിനേക്കാൾ ഈ പ്രക്രിയ വളരെ എളുപ്പമാണ്. അതുപോലെ, ഇവയ്ക്ക് പലിശ ഈടാക്കുന്നില്ല എന്നതും ഉപയോക്താക്കളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.
ഇന്ത്യയിലെ പ്രധാന BNPL ബ്രാൻഡുകളിൽ LazyPay, Simpl, Amazon Pay Later, Flipkart Pay Later, ZestMoney എന്നിവ ഉൾപ്പെടുന്നു. ഈ ബ്രാൻഡുകളിൽ ഭൂരിഭാഗവും ഒരേ പ്രവർത്തന മാതൃകയിലുള്ളവയാണ്. ഇപ്പോൾ വാങ്ങി, പിന്നീട് പണമടയ്ക്കുക എന്ന ഓപ്ഷൻ നിങ്ങൾക്ക് ബിഎൻപിഎല്ലിലൂടെ തെരഞ്ഞെടുക്കാം. ബിഎൻപിഎൽ ഓപ്ഷൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഉപഭോക്താക്കൾ മൊത്തം തുകയുടെ ചെറിയ ഡൗൺ പേയ്‌മെന്റ് നടത്തേണ്ടതുണ്ട്. ശേഷിക്കുന്നവ ഒരു നിശ്ചിത കാലയളവിനുള്ളിൽ പലിശ രഹിത EMI-കളിലൂടെ കുറയ്ക്കുന്നു.
എന്നാൽ ആമസോണിൽ പേ ലേറ്റർ (Pay Later) ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടുത്താതെ തന്നെ വായ്പ ലഭിക്കുന്നതാണ്. അതും രണ്ട് മിനിറ്റു കൊണ്ട് വായ്പ ലഭ്യമാകും. ഈ സംവിധാനത്തിന് നിങ്ങൾ പ്രത്യേക പ്രോസസ്സിങ് ഫീസ് ഈടാക്കേണ്ടതില്ല. മാത്രമല്ല, ക്യാൻസലേഷൻ ഫീസോ പ്രീ ക്ലോഷര്‍ ഫീസോ ഈടാക്കില്ല.
ഇന്ത്യയിലെ BNPL ലോണുകൾക്ക് യോഗ്യത നേടുന്നതിന് ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് വേതനം നേടുന്ന ആളായിരിക്കണം. കൂടാതെ, അവർക്ക് ഒരു ബാങ്ക് അക്കൗണ്ടും മറ്റ് കെവൈസി രേഖകളും ഉണ്ടായിരിക്കണം. 18 വയസ്സ് പൂർത്തിയായ ആളായിരിക്കണം എന്നതും മറ്റൊരു നിബന്ധനയാണ്. ബിഎൻപിഎൽ (BNPL) ഓപ്‌ഷൻ ലളിതവും സുതാര്യവും സുരക്ഷിതവുമാണ്. ഇതിന് പുറമെ, നോ-കോസ്റ്റ് EMI-കളുടെ ആനുകൂല്യവും നൽകുന്നുണ്ട്.എന്നാൽ, ഒരു വ്യക്തി തിരിച്ചടവ് കാലാവധിക്കുള്ളിൽ തുക അടച്ചിട്ടില്ലെങ്കിൽ പലിശ ഈടാക്കുമെന്നത് ബിഎൻപിഎല്ലിന്റെ നിബന്ധനയാണ്.