പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഓർമിപ്പിക്കണോ? അതിനൊരു ആപ്പുണ്ട്
സ്മാര്‍ട്ട് 5-എ-ഡേ എന്ന ആപ്പ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്.
പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇത് ഓർമിപ്പിക്കും
യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്
ജീവിതശൈലി രോഗങ്ങള്‍ വർധിച്ചുവരുന്ന കാലഘട്ടത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം പ്രദാനം ചെയ്യുകയും രോഗവിമുക്തിക്കും സഹായിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നവരില്‍ ഹൃദ്രോഗ മസ്തിഷ്ക സംബന്ധിയായ അസുഖങ്ങള്‍ കുറയുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ആഗോളതലത്തില്‍ നോക്കിയാല്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഈ അവസ്ഥ മാറ്റി ജനങ്ങള്‍ക്കിടയില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാല. സ്മാര്‍ട്ട് 5-എ-ഡേ- SMART 5-A-DAY എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപഭോക്താക്കളെ അവരുടെ പഴം, പച്ചക്കറി ഉപയോഗം ചെയ്യാന്‍ സഹായിക്കും.
ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പ്രാദേശികമായി ലഭ്യമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അനുസൃതമായി ഇതില്‍ ആവശ്യമായ മാറ്റം വരുത്താമെന്ന് ആപ്പ് വികസിപ്പിച്ച ബോണ്‍മൗത്ത് സര്‍വകലാശാലയിലെ സൈകോളജി പ്രഫസര്‍ കാതറീന്‍ ആപ്പിള്‍ടണ്‍ പറയുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 2022 ഡിസംബര്‍ 29ന് ആപ്പ് അവതരിപ്പിച്ചു.
ഈ ആപ്പിനെ അടിസ്ഥാനമാക്കി 2019ല്‍ നടത്തിയ ഒരു ഗവേഷണത്തില്‍ ഇത്തരം ആപ്പുകളുടെ ഉപയോഗം നേരിയ തോതില്‍ ജനങ്ങളിൽ അവബോധം വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ലക്ഷ്യം നേടാന്‍ ശ്രമിക്കുമ്പോൾ അതിനെ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ കരുതുന്നു.
പച്ചക്കറികൾ ശരീരത്തിൽ കുറഞ്ഞാല്‍ ഹൃദയത്തെ ബാധിക്കുന്ന പെരിഫെറല്‍ ആര്‍ട്ടെറി ഡീസീസിന് കാരണമാവും. കാലുകളിലേക്ക് രക്തയോട്ടം കുറയ്ക്കുന്ന ഇൗ രോഗം പ്രായഭേദമമന്യേ കണ്ടു വരുന്നുണ്ട്. ഇൗ രോഗമുളളവര്‍ക്ക് വേദന കാരണം അധിക നേരം നില്‍ക്കാനോ നടക്കാനോ കഴിയില്ല. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ തവണ കഴിക്കുന്നവരില്‍ ഈ രോഗം കുറവായിരിക്കും. പഴങ്ങളിലും പച്ചക്കറിയിലും ധാരാളം നാരുകളടങ്ങിയിട്ടുളളതിനാല്‍ ദഹനവും എളുപ്പത്തിലാക്കും.
ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി സ്കൂള്‍ ഒാഫ് മെഡിസിനിലെ അസോസിയേറ്റ് പ്രഫസര്‍ ജെഫ്രി ബര്‍ഗര്‍ ആണ് ഇതു സംബന്ധിച്ച പഠനം മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയത്. മെഡിക്കല്‍ സംഘം 3.7 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനപ്രകാരം ഇവരില്‍ 6.3 ശതമാനം പേര്‍ക്ക് പെരിഫെറല്‍ ആര്‍ട്ടറിയെ ബാധിക്കുന്ന അസുഖമുണ്ടെന്നാണ് കണ്ടെത്തിയത്.