ഫോൺ ചാർജ് ചെയ്യുന്നത് ശ്രദ്ധിച്ച് വേണമെന്ന് പറയാൻ കാരണമുണ്ട്
ഓരോരുത്തരും ഫോൺ ചാർജ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്
ചാർജിങ്ങിലെ പിഴവുകളും അശ്രദ്ധയും ബാറ്ററിയുടെയും ഫോണിന്റെയും ആയുസ്സിനെ ബാധിക്കും
അശ്രദ്ധ ചിലപ്പോൾ ആളുകളുടെ ജീവൻ വരെ അപകടത്തിലാക്കിയേക്കും
ബാറ്ററി ചാർജ് (Battery charge) ഇല്ലെങ്കിൽ സ്മാർട്ട്ഫോണുകളുടെ ജീവൻ നിശ്ചലമായത് തന്നെ. എന്നാൽ, ചാർജിങ്ങിലെ പിഴവുകളും അശ്രദ്ധയും ബാറ്ററിയുടെ ആയുസ്സിനെയും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങൾ കൊണ്ടെത്തിക്കും. എന്നോ കേട്ട അശാസ്ത്രീയ രീതികളിലായിരിക്കും ഓരോ വ്യക്തിയും ഫോൺ ചാർജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചാർജിങ്ങിൽ ഇന്ന് ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. അശ്രദ്ധ ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ എത്തിച്ചേക്കാം.
ബാറ്ററി(Battery)കൾക്ക് എല്ലാം എക്സ്പയറി ഡേറ്റും ഉണ്ട്. സ്‌മാർട്ട്‌ഫോണുകളുടെ ബാറ്ററി(Battery)യുടെ കാര്യവും അങ്ങനെ തന്നെ. ഫോണിന്റെ ആയുസും ബാറ്ററി ചാർജിങ്ങും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചാർജിങ് ശീലങ്ങളും ഉപയോഗിക്കുന്ന ചാർജറുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജുചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. അതുപോലെ, വിലകുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിനും ബാറ്ററിക്കും അപകടകരമാണ്. അതിനാൽ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
അധികമായാൽ ഫാസ്റ്റ് ചാർജറുകളും പണിതരും
എപ്പോഴും ഫാസ്റ്റ് ചാർജർ(Fast Charger) ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സിന് അത്ര നല്ലതല്ല. ഈ പ്രക്രിയയിൽ ഫോണിന്റെ ബാറ്ററിയിലേക്ക് അയയ്‌ക്കേണ്ട ഉയർന്ന വോൾട്ടേജ് ഉൾപ്പെടുന്നു, ഇത് താപനിലയിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു. ഒരു സാധാരണ ചാർജിംഗ് സൈക്കിൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അനുയോജ്യം. ഫോൺ അസാധാരണമായി ചൂടാകുന്നുണ്ട് എങ്കിൽ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നത് വരെ ഉടൻ പവർ ബട്ടൺ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓൺ ആക്കുക. നിങ്ങളുടെ ഫോൺ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യരുത്.
സ്വന്തം ചാർജർ ഉപയോഗിക്കുക
യഥാർഥ ചാർജർ(Charger) ഉപയോഗിച്ച് മാത്രമേ ഫോൺ ചാർജ് ചെയ്യാവൂ. ഒരുപോലെയുള്ള ചാർജിങ് പോർട്ട് ഉള്ള ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഒറിജിനൽ ചാർജർ അല്ലെങ്കിൽ അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോൾട്ടേജും (V) കറന്റ് (ആമ്പിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും ശ്രദ്ധിക്കണം.
വിലകുറഞ്ഞ ചാർജറുകൾ ഒഴിവാക്കുക.
സ്മാർട്ട്ഫോണുകളുടെ ചാർജർ തകരാറിലായാൽ കടയിലെത്തി ഏതെങ്കിലും വില കുറഞ്ഞ ചാർജർ വാങ്ങി ഉപയോഗിക്കുന്നത് ശീലമാക്കാതിരിക്കുന്നതാണ് നല്ലത്. വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളിൽ കാരണം അമിത ചാർജിങ്ങിൽ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും അവയിൽ ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും ഒരുപോലെ ബാധിക്കും. ചാർജിങ് സമയത്ത് സ്മാർട്ട്ഫോൺ കവറുകൾഒഴിവാക്കുക മിക്കവാറും ഫോണുകൾ ചാർജ് ചെയ്യുമ്പോൾ ചൂടാകും. അത് സ്വാഭാവികമാണ്.
എന്നാൽ ഈ സമയത്ത് ചൂട് പുറത്തേക്ക് പോകുന്നതിന് കവർ ഒരു തടസമാകുകയും താപ വിസർജ്ജനം മന്ദഗതിയിലാക്കുകയും ചെയ്യും. രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിന് ഇടുന്നത് അപകടമാണ്. തുടരെയുള്ള ചാർജിങ് ഒഴിവാക്കുക നിങ്ങൾ ചാർജ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ ബാറ്ററി കുറഞ്ഞത് 80% ചാർജിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക. ഫോൺ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല. ബാറ്ററിയുടെ ആയുസ് പരിശോധിക്കുക ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തിൽ നിന്ന് ഫുൾചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിൾ. പകുതി ചാർജിൽ, അതായത് 50 ശതമാനത്തിൽ നിന്നും 100 ശതമാനം ചാർജുചെയ്യുമ്പോൾ ഹാഫ് സൈക്കിളേ ആകുന്നുള്ളു.
പുതിയ ഫോൺ വാങ്ങുമ്പോൾ മണിക്കൂറുകൾ ചാർജ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക എന്ന ഉപദേശം നാം കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ സ്മാർട്‌ഫോണുകൾക്കൊന്നും ഇത് ബാധകമല്ല. എല്ലാത്തവണയും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് സൈക്കിൾ കുറയ്ക്കും. 100% ചാർജ് ചെയ്തതിനു ശേഷം പൂജ്യം ശതമാനത്തിലേക്ക് ചാർജ് പോയാൽ അതും ബാറ്ററിയുടെ ദൈർഘ്യം ചുരുക്കും. ഫോണിന്റെ ചാർജ് 10 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ നിർത്തുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും. തുടരെത്തുടരെ ഫോൺ ചാർജിങ്ങിന് ഇടുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുന്നു.
പവർ ബാങ്കുകൾ നല്ലത് തെരഞ്ഞെടുക്കുക
വോൾട്ടേജ് വർധനവ്, ഷോർട്ട് സർക്യൂട്ട്, ഓവർ കറന്റ്, ഓവർ ചാർജിംഗ് എന്നിവയിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പവർ ബാങ്കുകൾ വാങ്ങുക. ഈ ഫീച്ചറുകൾ ബാറ്ററി പാക്ക് കൂടുതൽ നേരം നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു, കൂടാതെ അവ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ അമിതമായി ചാർജ് ചെയ്യുന്നതിൽ നിന്നും ചൂടാക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.ചാർജിങ് സമയത്ത് ഉപയോഗിക്കാതിരിക്കുക നിങ്ങളുടെ ഹാൻഡ്‌സെറ്റ് പവർബാങ്കുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചാർജിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് ആന്തരിക താപനില വർദ്ധിപ്പിക്കുകയും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. ചാർജിങ്ങിൽ ഫോൺ ഉപയോഗിക്കാതിരുന്നാൽ ബാറ്ററി വേഗം ചാർജാകും, ഫോൺ അധികമായി ചൂടാകില്ല എന്നീ ഗുണങ്ങളുമുണ്ട്.