ഇന്ന് മൊബൈൽ ഡാറ്റയേക്കാൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ബ്രോഡ്‌ബാൻഡ് കണക്ഷനായിരിക്കും.
കാരണം വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമാകും എന്നതാണ് ഏറ്റവും പ്രധാന നേട്ടം. എന്നാൽ ചില സമയങ്ങളിൽ വീട്ടിലെ ഇന്റർനെറ്റ് പ്രവർത്തിക്കാതെ വരികയോ, എന്തെങ്കിലും കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയോ ചെയ്യുന്നെങ്കിൽ ഇതിന് പ്രതിവിധിയുണ്ട്. ഇങ്ങനെ വീട്ടിലെ വൈ-ഫൈയിലുണ്ടാകുന്ന തടസം മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ചില ടിപ്സുകൾ ചുവടെ വിശദീകരിക്കുന്നു.
ആദ്യം മോഡവും റൂട്ടറും Restart ചെയ്യുക. ഇതിനായി പവർ ഔട്ട്‌ലെറ്റിൽ നിന്ന് 30 സെക്കൻഡ് നേരത്തേക്ക് മോഡവും റൂട്ടറും അൺപ്ലഗ് ചെയ്യുക. ശേഷം ഇവ തിരികെ പ്ലഗ് ഇൻ ചെയ്യുക. തുടർന്ന് ഇന്റർനെറ്റ് കണക്ഷൻ ശരിയായോ എന്ന് പരിശോധിക്കാവുന്നതാണ്.
മോഡം, റൂട്ടർ എന്നിവയുമായി ബന്ധിപ്പിക്കുന്ന എല്ലാ കേബിളുകളും സുരക്ഷിതമായി പ്ലഗ് ഇൻ ചെയ്തിട്ടില്ലെങ്കിൽ Internet പ്രശ്നം ഉണ്ടായേക്കാം. അതിനാൽ, അയഞ്ഞതോ കേടുപാട് വന്നതോ ആയ കേബിളുകൾ ശരിയാക്കി ഉപയോഗിക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ പ്രദേശത്ത് വേറെയും വയർലെസ് നെറ്റ്‌വർക്കുകൾ ഉണ്ടെങ്കിൽ, അവ നിങ്ങളുടെ സിഗ്നലിനെ ബാധിക്കുന്നു. എന്നാൽ റൂട്ടറിന്റെ ചാനൽ മാറ്റി ഈ പ്രശ്നം പരിഹരിക്കാം. ഇങ്ങനെ ഇന്റർനെറ്റ് കണക്ഷനും ശരിയാക്കാനാകും.
റൂട്ടർ വയർലെസ് ആണെങ്കിൽ അത് കഴിവതും അടുത്ത് തന്നെ ക്രമീകരിക്കുന്നതിനായി ശ്രദ്ധിക്കുക. കാരണം സിഗന്ൽ ശക്തിയ്ക്ക് ഇത് പ്രധാനമാണ്. ഇത്രയും ചെയ്തിട്ടും Broadband കണക്ഷനിൽ പ്രശ്നം നേരിടുന്നുവെങ്കിൽ, നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവിനെ ബന്ധപ്പെടേണ്ടതാണ്.
അതുപോലെ മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, സിഗ്നലിനെ തടസ്സപ്പെടുത്തുന്ന ലോഹ വസ്തുക്കൾക്കോ വീട്ടുപകരണങ്ങൾക്കോ സമീപം മോഡവും റൂട്ടറും സ്ഥാപിക്കരുത്. അതുപോലെ, വൈ-ഫൈയുമായി അനാവശ്യമായി അല്ലെങ്കിൽ ഉപയോഗിക്കാത്ത ഏതെങ്കിലും ഉപകരണങ്ങൾ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കുക.
ചില സമയങ്ങളിൽ നിങ്ങളുടെ ഹോം നെറ്റ്‌വർക്ക് കണക്ഷൻ വളരെ മന്ദഗതിയിലായിരിക്കും പ്രവർത്തിക്കുക. ഇങ്ങനെയുള്ള അവസരങ്ങളിൽ വീട്ടിലെ എല്ലാവരും ഒരേ സമയം, വൈ-ഫൈ അധികമായി ഉപയോഗിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കുക. ഉദാഹരണത്തിന് സിനിമ ഡൗൺലോഡ് ചെയ്യുന്നതോ, വീഡിയോ കോൾ ചെയ്യുന്നതോ ഒരേ സമയമാണെങ്കിൽ ഇന്റർനെറ്റിന്റെ സ്പീഡും കുറഞ്ഞേക്കാം. അതുപോലെ, മൈക്രോവേവ്, കോർഡ്‌ലെസ് ഫോണുകൾ, ബേബി മോണിറ്ററുകൾ, ഡിമ്മർ സ്വിച്ചുകൾ തുടങ്ങിയ ഉപകരണങ്ങളിൽ നിന്നുള്ള Wi-Fi കണക്ഷനും കഴിവതും നീക്കം ചെയ്യുക. അലക്സ പോലുള്ള ഉപകരണങ്ങളിൽ എപ്പോഴും വൈ-ഫൈ കണക്ഷൻ നൽകണമെന്നില്ല.
ഇങ്ങനെയെല്ലാം വീട്ടിലെ Broadband ശരിയായി പ്രവർത്തിക്കുന്നതായി ഉറപ്പുവരുത്താം.