DSLR ഇല്ലെങ്കിലും അത്യാവശ്യം മികച്ച റെസല്യൂഷനിൽ ഫോട്ടോ എടുക്കാനാകുന്ന മൊബൈൽ ഫോണുകൾ ഇന്ന് വിപണിയിലുണ്ട്. ആപ്പിൾ ഫോണുകൾ മാത്രമല്ല, ആൻഡ്രോയിഡ് ഫോണുകളിലും നിരവധി ബ്രാൻഡുകൾ മികച്ച ക്യാമറ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇന്ന് യാത്രാവേളകളിലും ആഘോഷങ്ങളിലുമെല്ലാം മൊബൈൽ ഫോട്ടോഗ്രാഫി പ്രചാരം നേടുന്നുണ്ട്. കൂടാതെ, ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിനും പ്രൊഫൈൽ പിക്ചർ സെറ്റ് ചെയ്യുന്നതിനുമെല്ലാം ഇത്തരത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി ഉപയോഗപ്രദമാകുന്നു.
എന്നാൽ നല്ല രീതിയിൽ Mobile photography ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മിക്കവർക്കും ബോധ്യമുണ്ടായിരിക്കില്ല. ഇതിനുള്ള ഏതാനും Tipsകളാണ് ചുവടെ വിശദീകരിക്കുന്നത്. ഇനി മൊബൈലിൽ ഫോട്ടോ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഏറ്റവും മികച്ച ഫോട്ടോകൾ നിങ്ങളുടെ ഫോണിൽ ലഭിക്കും.
ഫോട്ടോഗ്രാഫിയിൽ പ്രധാനമാണ് ലൈറ്റിങ്. ഇതിനായി പരമാവധി നാച്യുറൽ ലൈറ്റ് തന്നെ ഉപയോഗിക്കുക. ഇനി സ്വാഭാവികമായ ലൈറ്റ് ലഭ്യമല്ല എങ്കിൽ കുറഞ്ഞ വെളിച്ചത്തിൽ കൃത്രിമ വെളിച്ചം ഉപയോഗിക്കുക. എന്നാൽ ഫോട്ടോ എടുക്കുന്ന വസ്തുവിന്റെ എതിർ വശത്തായിരിക്കണം ഇത്തരം ആർട്ടിഫിഷ്യൽ ലൈറ്റ് വരേണ്ടത്. ഒരു വസ്തുവിന്റെ പ്രത്യേക ഭാഗം ഫോക്കസ് ചെയ്യുന്നതിനും ലൈറ്റിങ് ഹൈലൈറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഒരു നല്ല ഫോട്ടോയ്ക്കായി അതിന്റെ കോമ്പോസിഷനിലും ശ്രദ്ധ വേണം. അതുപോലെ ഫോക്കസും കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഒബ്‌ജക്‌റ്റിൽ കൃത്യമായി ഫോക്കസ് ചെയ്യാൻ നിങ്ങളുടെ ഫോൺ ക്യാമറയിലെ ടച്ച്-ഫോക്കസ് അല്ലെങ്കിൽ ഓട്ടോ-ഫോക്കസ് ക്രമീകരിക്കാവുന്നതാണ്.
ജിമ്മി ലൈൻ മികച്ച ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാം. ഫോട്ടോയുടെ മധ്യഭാഗവും ക്യാമറയുടെ സ്ഥാനവും കൈകൊണ്ട് ബാലൻസ് ചെയ്യാൻ നിങ്ങൾക്ക് കഴിയാതെ വരുമ്പോൾ ജിമ്മി ലൈൻ ഉപയോഗപ്രദമാണ്. ഫോട്ടോയ്ക്ക് എടുക്കുന്ന വസ്തു ഫോക്കസ് ചെയ്യാനും ഇത് സഹായിക്കും.
ഹൈ ഡൈനാമിക് റേഞ്ച് (HDR) മോഡ് സെറ്റ് ചെയ്തും നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എടുക്കാവുന്നതാണ്. ഒന്നിലധികം എക്‌സ്‌പോഷറുകൾ ക്യാപ്‌ചർ ചെയ്യുന്നതിനും ഫോട്ടോയുടെ വെളിച്ചവും ഇരുണ്ട ഭാഗങ്ങളും തമ്മിൽ മികച്ച ബാലൻസ് നിലനിർത്തുന്നതിനും HDR ഓപ്ഷൻ സൌകര്യപ്രദമാണ്. ഫോർട്ടുകളോ, ക്ഷേത്രങ്ങളോ പോലുള്ള വലിയ ലൊക്കേഷനുകളിൽ എച്ച്ഡിആർ ഓപ്ഷൻ ഉപയോഗിക്കാം.