ലാപ്ടോപ്പ് ദിവസവും ഓഫീസിലേക്കോ സ്കൂളിലേക്കോ എടുത്തുകൊണ്ട് പോകുന്ന പതിവുണ്ടോ? അങ്ങനെയെങ്കിൽ മഴ തകൃതിയായി പെയ്യുമ്പോൾ അത് ലാപ്ടോപ്പിനും പ്രശ്നമാകാറുണ്ടായിരിക്കും.
വില കൂടിയ ലാപ്ടോപ്പ് മഴയത്ത് നനഞ്ഞ് കേടാകുന്ന പ്രശ്നം നിങ്ങൾക്കുമുണ്ടെങ്കിൽ അത് ശരിയാക്കുന്നതിന് ചില പോംവഴികളുണ്ട്. ലാപ്‌ടോപ്പിൽ ഏതെങ്കിലും സാഹചര്യത്തിൽ വെള്ളം കയറിയാൽ ഉടൻ എന്ത് ചെയ്യണമെന്ന് ചുവടെ വിശദീകരിക്കുന്നു.
ലാപ്ടോപ്പ് മഴയത്ത് നനയുകയോ, അതുമല്ലെങ്കിൽ അറിയാതെ കൈതട്ടി വെള്ളം അതിന് മുകളിലേക്ക് വീഴുകയോ ചെയ്താൽ എന്താണ് ഉടനടി ചെയ്യേണ്ടതെന്ന് നോക്കാം. ഈ സമയം, നിങ്ങളുടെ ലാപ്‌ടോപ്പ് സ്ലീപ്പ് മോഡിലാണോ എന്ന് നോക്കുക. ആണെങ്കിൽ ലാപ്ടോപ്പിന്റെ പവർ ബട്ടൺ ആദ്യം സ്വിച്ച് ഓഫ് ചെയ്യുക. ശേഷം, ലാപ്‌ടോപ്പിൽ ഏതെങ്കിലും USB കണക്ഷനോ അതുമല്ലെങ്കിൽ മറ്റ് ആക്‌സസറികളോ പ്ലഗ്-ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ, അവയെല്ലാം അൺപ്ലഗ് ചെയ്യുക. ഈ സമയത്ത് ലാപ്‌ടോപ്പ് ചാർജ് ചെയ്യാതിരിക്കുക. Laptop ഓഫ് ചെയ്ത് അതിലെ എല്ലാ ആക്സസറികളും അൺപ്ലഗ് ചെയ്‌ത ശേഷം അതിന് പുറകിലെ ഭാഗത്ത് നിന്നും ബാറ്ററി പുറത്തെടുക്കുക.
ചില ലാപ്ടോപ്പുകളിൽ ഇങ്ങനെ ബാറ്ററി പുറത്തെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കില്ല. എങ്കിൽ അത് ഉപേക്ഷിക്കുക. തുടർന്ന് ഒരു മൃദുവായ തുണി ഉപയോഗിച്ച് ലാപ്ടോപ്പ് തുടച്ച് ഒരു തുണിയിൽ ലാപ്ടോപ്പ് തലകീഴായി വയ്ക്കുക. ഏറ്റവും കുറഞ്ഞത് 4 മണിക്കൂറെങ്കിലും ഇങ്ങനെ വയ്ക്കണം. ഇതിന് പുറമെ ഹെയർഡ്രൈയർ വച്ചും ഉണക്കാവുന്നതാണ്. എന്നാൽ ചിലയിടങ്ങളിൽ നനഞ്ഞ ലാപ്ടോപ്പ് അരിയിൽ വയ്ക്കുന്ന പതിവുണ്ട്, ഇത് തെറ്റാണ്.
ഏറ്റവും മികച്ചത് ലാപ്ടോപ്പ് 24 മണിക്കൂറോ 26 മണിക്കൂറോ ഓണാക്കാതെ ഇങ്ങനെ വയ്ക്കുക എന്നതാണ്. അഥവാ നിങ്ങൾ ഈ സമയത്തിനുള്ളിൽ Laptop ഓൺ ചെയ്യുന്നുവെങ്കിൽ അത് കൂടുതൽ പ്രശ്നമാകും.
ലാപ്ടോപ്പ് നനഞ്ഞ ഉടനെ ചെയ്യാവുന്ന പ്രതിവിധിയാണ് ഇതെങ്കിലും ഭാവിയിൽ ഉപകരണത്തിന് കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാൻ ഒരു ലാപ്ടോപ്പ് സർവ്വീസ് സെന്ററിൽ കാണിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
അതുപോലെ ലാപ്ടോപ്പിൽ വീണ പാനീയം ഏതാണെന്നതും ശ്രദ്ധിക്കുക. വെള്ളമല്ലാതെ ചായ പോലുള്ള എന്തെങ്കിലും പാനീയമോ സാനിറ്റൈസറോ ലാപ്ടോപ്പിന് ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ ഉടനടി അത് സർവ്വീസ് സെന്ററിൽ എത്തിക്കുന്നതാണ് ഏറ്റവും ഉചിതം.