ഇന്ന് മുതൽ ഷോക്കടിപ്പിക്കുന്ന നിരക്കാണ് Electricity billന് വരുന്നത്. ജൂൺ 1 മുതൽ സംസ്ഥാനത്ത് യൂണിറ്റിന് 10 പൈസ കൂടി ഈടാക്കാനാണ് KSEBയുടെ തീരുമാനം. ഇപ്പോൾ ഈടാക്കി വരുന്ന സർചാർജ് 9 പൈസയും ഈ 10 പൈസയും കൂടി ചേരുമ്പോൾ യൂണിറ്റിന് മൊത്തമായി 19 പൈസ ചെലവാകും. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ഇന്ധനത്തിൻ്റെ വില വർധിച്ചതാണ് നിരക്ക് കൂട്ടാനും കാരണമായത്. അതിനാൽ തന്നെ ഇലക്ട്രിസിറ്റി ബിൽ ഇനി കടുക്കുമെന്നതിൽ സംശയമില്ല. എങ്കിലും, നിങ്ങളൊന്ന് ശ്രദ്ധിച്ചാൽ ഒരുപക്ഷേ വീട്ടിലെ കറണ്ട് ബിൽ അമിതഭാരമാകാതെ നോക്കാം.
വീട്ടിൽ നിങ്ങൾ വിനിയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറച്ചുകൊണ്ട് നിങ്ങൾക്ക് Electricity bill നിയന്ത്രിക്കാം. അധികമായി ഓണാക്കുന്ന ലൈറ്റുകൾ മുതൽ അലക്കലിൽ വരെ ഒരു ശ്രദ്ധ നൽകാം. ഇങ്ങനെ വീട്ടിൽ പരീക്ഷിച്ച് നോക്കാവുന്ന ചില Tipsകൾ ഇതാ…
ഏതാനും ചില മുറികളിൽ മാത്രം LED ലൈറ്റ് ഉപയോഗിക്കുന്ന പ്രവണത ഉണ്ടായിരിക്കാം നിങ്ങൾക്ക്. എന്നാൽ വീട് പൂർണമായും LED ലൈറ്റിലേക്ക് മാറ്റിയാൽ 90 ശതമാനം ഉപഭോഗവും കുറയ്ക്കാൻ സാധിക്കും. പരമ്പരാഗത ഇൻകാൻഡസെന്റ് ലൈറ്റ് ബൾബുകൾ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു. അതിനാൽ കൂടുതൽ വെളിച്ചം തരുന്ന കാര്യത്തിലായാലും, കുറഞ്ഞ വൈദ്യുതി വിനിയോഗിക്കുന്ന കാര്യത്തിലായാലും എൽഇഡി ലൈറ്റുകളാണ് ഉത്തമം.
വൈദ്യുതി ബിൽ ഇരുട്ടടി ആകാതിരിക്കാൻ നിങ്ങൾ കുറച്ച് ബുദ്ധി പ്രയോഗിക്കുക. ഒരു ഇലക്ട്രിക്കൽ ഔട്ട്ലെറ്റിൽ നിന്ന് കൂടുതൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ വീട്ടുപകരണങ്ങൾ ബന്ധിപ്പിക്കുക. ഒരു പവർ സ്ട്രിപ്പിലേക്ക് ഒരുമിച്ച് പ്രവർത്തിപ്പിക്കാവുന്ന എല്ലാ ഉപകരണങ്ങളും പ്ലഗ് ചെയ്യുകയാണെങ്കിൽ അവയുടെ ഉപയോഗം ആവശ്യമില്ലാത്തപ്പോൾ ഇവ ഒറ്റയടിക്ക് സ്വിച്ച് ഓഫ് ചെയ്യാം.
വൈദ്യുത വിനിയോഗം നിയന്ത്രിക്കാൻ സോളാർ ഉപകരണങ്ങളെ ആശ്രയിക്കുന്നതും, സോളാർ പാനലുകൾ സ്ഥാപിക്കുന്നതും പ്രയോജനം ചെയ്യും.
ഏതെങ്കിലും വീട്ടുപകരണങ്ങൾ നിങ്ങൾ മാറ്റി വാങ്ങുന്നെങ്കിൽ കൂടുതൽ ഊർജ്ജ-കാര്യക്ഷമമായ സംവിധാനങ്ങളുള്ള, പുതിയ ടെക്നോളജി ഉപയോഗിക്കുന്നവ തന്നെ വാങ്ങുക.
അമിതമായി ചൂട് അനുഭവപ്പെടുന്നില്ലെങ്കിൽ AC ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താം. പകരം, നിങ്ങൾക്ക് ഫാനുകളിലേക്ക് ഷിഫ്റ്റ് ചെയ്യാം. വീട്ടിലുടനീളം വായു വിതരണം ശരിയാകാനും ഇത് സഹായിക്കും.
നിങ്ങളുടെ കറണ്ട് ബിൽ ആദ്യം വിശദമായി അറിയുക. നിങ്ങളുടെ മുൻ ബില്ലുകളും മറ്റും താരതമ്യം ചെയ്ത് ഏത് ഉപകരണമാണ് ഏറ്റവും കൂടുതൽ വൈദ്യുതി വിനിയോഗിക്കുന്നതെന്നും, കറണ്ട് ബിൽ ഉയരുന്നതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.