അപ്രതീക്ഷിതമായി യാത്ര ചെയ്യേണ്ടിവരുമ്പോൾ ജനറൽ ടിക്കറ്റെടുത്തായിരിക്കും യാത്ര. എന്നാൽ ഇങ്ങനെ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ നീണ്ട ക്യൂവിൽ നിൽക്കുന്നതും മറ്റൊരു തലവേദനയല്ലേ? നല്ല തിരക്കുള്ള സമയം കൂടിയായാൽ ചിലപ്പോൾ യാത്രാതടസ്സങ്ങളും ഉണ്ടായേക്കാം.
എന്നാൽ Indian Railwayയുടെ UTS മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക്, റിസർവ് ചെയ്യാത്ത സാധാരണ train ticketകളും, പ്ലാറ്റ്ഫോം ടിക്കറ്റുകളും, മറ്റ് സീസൺ ടിക്കറ്റുകളും എല്ലാം ബുക്ക് ചെയ്യാനാകും.
UTS ടിക്കറ്റ് ബുക്കിങ് ശരിക്കും പറഞ്ഞാൽ റെയിൽ യാത്രക്കാരുടെ യാത്രാനുഭവം സുഗമമാക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ട്രെയിനിൽ ദിവസേന യാത്ര ചെയ്യുന്നവർ അല്ലെങ്കിൽ ആസൂത്രണം ചെയ്യാതെ യാത്രയ്ക്ക് പോകേണ്ടിവരുന്നവർക്ക് ഇത് വളരെ സുഖപ്രദമാണ്.
ഈ ആപ്പ് ഉപയോഗിക്കുന്നതിന്, യാത്രക്കാർ അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യുകയും പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുകയും വേണം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ടിക്കറ്റ് ലഭ്യത പരിശോധിക്കാനും ട്രെയിൻ ഷെഡ്യൂളുകൾ നേടാനും ആപ്പ് ഉപയോഗിക്കാം. യാത്രക്കാർക്ക് ആവശ്യമെങ്കിൽ ടിക്കറ്റ് റദ്ദാക്കാനും ആപ്പ് ഉപയോഗിക്കാം.
റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ സൃഷ്ടിക്കുന്നതിനും റദ്ദാക്കുന്നതിനും സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും പാസുകൾ പുതുക്കുന്നതിനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങുന്നതിനുമായി ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) 2014-ൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ് അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) ടിക്കറ്റ്.
ലോക്കൽ ട്രെയിൻ യാത്രയ്‌ക്കോ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിനോ ഉള്ള പ്രിന്റഡ് കാർഡ് ടിക്കറ്റുകൾ (പിസിടി) വാങ്ങാൻ നീണ്ട ക്യൂവിൽ നിൽക്കേണ്ടിവരുന്നതിൽ നിന്ന് ഇത് യാത്രക്കാരെ രക്ഷിക്കുന്നു.
ഇടയ്ക്കിടെ യാത്ര ചെയ്യുന്ന യാത്രക്കാർക്കും അപ്രതീക്ഷിതമായി എവിടെയെങ്കിലും പോകേണ്ടവർക്കും ഇത് പ്രയോജനകരമാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾക്കായി ബന്ധപ്പെട്ട ആപ്പ് സ്റ്റോറുകളിൽ നിന്ന് യുടിഎസ് ആപ്പ് സൗജന്യമായി download ചെയ്യാനുമാകും.