ഇന്ന് വെറും ഫോണല്ല, നമ്മുടെ സ്മാർട്ഫോൺ. നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കാനുള്ള താക്കോൽ സ്മാർട്ഫോണിലാണ്. രാവിലെ എഴുന്നേൽപ്പിക്കുന്നത് മുതൽ വൈകുന്നേരം ഉറങ്ങുന്നത് വരെയുള്ള മിക്ക കാര്യങ്ങളിലും സ്മാർട്ഫോണിന്റെ ആവശ്യം കൂടിയേ തീരൂ. ടിക്കറ്റ് എടുക്കാനും സാധനം വാങ്ങാനും പ്രിയപ്പെട്ടവരോട് സംസാരിക്കാനും യാത്ര ചെയ്യാനും പാട്ട് കേൾക്കാനും സിനിമ കാണാനും സമയം നോക്കാനും കാലാവസ്ഥ അറിയാനും… അങ്ങനെ എന്തിനും ഏതിനും ഇന്ന് Smartphone ഒഴിവാക്കാനാവാതെ വന്നിരിക്കുകയാണ്.
അങ്ങനെ നമ്മുടെ സ്വകാര്യങ്ങളും സുരക്ഷയുമെല്ലാം ഫോണിൽ വച്ചിരിക്കുന്നതിനാൽ തന്നെ ഫോൺ നഷ്ടപ്പെട്ടാലോ, അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടാലോ അത് നമുക്ക് എന്തുമാത്രം വിപത്തായിരിക്കുമെന്നത് പറയേണ്ടതില്ല.
ചിലപ്പോഴൊക്കെ നമ്മുടെ അശ്രദ്ധ മതി ഫോൺ ഹാക്ക് ചെയ്യപ്പെടാൻ. ഇങ്ങനെ നമ്മുടെ പല സ്വകാര്യ ഡേറ്റയും മോഷ്ടിക്കപ്പെട്ടേക്കാം. സിനിമയിലൊക്കെ കാണുന്ന പോലെ ഫോണിൽ സ്ക്രീൻ അടിച്ചുപോവുകയോ, നമ്മുടെ കൺമുമ്പിൽ ആപ്പുകൾ സ്വയം തുറക്കുകയോ ചെയ്യുന്നത് മാത്രമല്ല ഹാക്കിങ്. ഒരുപക്ഷേ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് കൂടി നിങ്ങൾക്ക് മനസിലാകില്ല. എന്നാൽ ആരെങ്കിലും ഫോൺ ഹാക്ക് ചെയ്തിട്ടുണ്ടോ, അല്ലെങ്കിൽ നിങ്ങളുടെ Smartphoneന്റെ കൺട്രോൾ അവർക്ക് ലഭിച്ചോ എന്നറിയാൻ ചില സൂചനകളുണ്ട്. ഇവ എന്തെല്ലാമെന്ന് നോക്കാം…
നിങ്ങളുടെ ഫോണിൽ ചില ആപ്പുകൾ നിങ്ങളുടെ അറിവോടെയല്ലാതെ ഇൻസ്റ്റാൾ ആയിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോഴൊക്കെ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ, ഫോൺ ഹാക്ക് ചെയ്യുന്നതിന് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടാകും. അതിനാൽ തന്നെ ഫോൺ ആരുടെയും കൈയിൽ നൽകരുത്. നിങ്ങളറിയാതെ അവർക്ക് ഇത്തരത്തിൽ Application ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.
ഫോണിൽ വേഗത്തിൽ ബാറ്ററി ചോർച്ച ഉണ്ടാകുന്നെങ്കിൽ അത് ഒരുപക്ഷേ Hackingനെ സൂചിപ്പിക്കുന്നു. ഹാക്കിങ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുവെങ്കിൽ ഫോണിലെ ബാറ്ററിയും അതിവേഗം കാലിയാകും.
ഫോൺ അധികമായി ചൂടാകുന്നതും പ്രശ്നമാണ്. അപകടകരമായ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ, അവ GPS ഫീച്ചർ ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്കിങ്ങും മറ്റും നടത്തിയേക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഫോൺ അധികമായി ചൂടാകുന്നതിനും കാരണമാകും.
Hackingലൂടെ നിങ്ങളുടെ വിവരങ്ങൾ ദൂരെയുള്ള ഒരു ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ കൈമാറുമ്പോൾ നിങ്ങളുടെ ഫോണിന്റെ ഡാറ്റ വിനിയോഗിക്കപ്പെടും. നിങ്ങൾ ഉപയോഗിക്കാതെ ഇങ്ങനെ ഇന്റർനെറ്റ് ഡാറ്റ നഷ്ടപ്പെടുന്നുണ്ടോ എന്നത് ശ്രദ്ധിക്കുക.
വോയ്‌സ് കോൾ ചെയ്യുമ്പോൾ അസാധരണമായി അത് റെക്കോർഡ് ചെയ്യപ്പെടുന്നതായോ അതുമല്ലെങ്കിൽ റെക്കോഡഡ് കോളുകൾക്കിടയിൽ എന്തെങ്കിലും ശബ്ദം ഉള്ളതായോ തോന്നുന്നെങ്കിൽ അത് Phone Hacking നടന്നുവെന്നതിന്റെ സൂചനയാണ്.
അതുപോലെ നിങ്ങളുടെ ഫോണിൽ ഗൂഗിളിലോ യൂട്യൂബിലോ നിങ്ങൾ സെർച്ച് ചെയ്ത ബ്രൗസർ ഹിസ്റ്ററിയും ട്രാക്ക് ചെയ്യപ്പെട്ടിരിക്കാം. ഇതിന് പുറമെ WhatsApp പോലുള്ള മെസേജിങ് ആപ്പുകൾ, ക്യാമറ, വെബ്‌സൈറ്റുകൾ വഴിയും ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.