ഓൺലൈനായി വസ്തു രജിസ്ട്രേഷൻ, നഷ്ടപ്പെട്ട രേഖകൾക്ക് സെർട്ടിഫൈഡ് ട്രൂ കോപ്പി വാങ്ങാം; എങ്ങനെ?

Updated on 23-Jan-2023
HIGHLIGHTS

ഒറിജിനൽ രേഖകൾ നഷ്‌ടപ്പെട്ടാൽ രജിസ്‌റ്റർ ചെയ്‌ത രേഖയുടെ ട്രൂ കോപ്പിയോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ വാങ്ങാം.

ഇതിനായി നിങ്ങൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ പരിചയപ്പെടാം

കേരളത്തിൽ ഓൺലൈനായി ഭൂമി രജിസ്ട്രേഷൻ നടത്തേണ്ട ഘട്ടങ്ങളും വിവരിക്കുന്നു

നിങ്ങളുടെ പ്രോപ്പർട്ടി (Property documents) അഥവാ വസ്തുവകകളുടെ രജിസ്ട്രേഷൻ (Land registration) പേപ്പറുകളോ പവർ ഓഫ് അറ്റോർണിയോ നഷ്ടമായിട്ടുണ്ടോ? നിങ്ങൾക്ക് ആ വസ്തുവിന്മേൽ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന നിയമപരമായ രേഖകളാണ് ഇവ. അതിനാൽ തന്നെ വസ്തു വിൽക്കുമ്പോഴും, കൈമാറ്റം ചെയ്യുമ്പോഴുമെല്ലാം ഈ രേഖകൾ ആവശ്യമാണ്.

എന്നാൽ ഇത്തരം രേഖകൾ നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ ഇനി ആശങ്കപ്പെടേണ്ടതില്ല. കാരണം, ഇതിന് പോംവഴിയായി സബ് രജിസ്ട്രാറിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിങ്ങൾക്ക് ലഭിക്കും. ഇത് വസ്തു വിൽപ്പന സമയത്തും, കൈമാറ്റം ചെയ്യുമ്പോഴുമെല്ലാം പ്രയോജനകരമാകും. എന്നാൽ ഈ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്താണെന്നും അത് നിങ്ങൾക്ക് എങ്ങനെ നേടാമെന്നും അറിയാമോ? ഇതിനെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു.

എന്താണ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്?

പേര് സൂചിപ്പിക്കുന്നത് പോലെ, ട്രൂ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് യഥാർഥ പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് പകർപ്പാണ്. ഇത് യോഗ്യതയുള്ള അധികാരി സാക്ഷ്യപ്പെടുത്തിയതാണ്. ഒരു യഥാർഥ പകർപ്പ് – ബന്ധപ്പെട്ട രജിസ്ട്രാർ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസ് സാക്ഷ്യപ്പെടുത്തിയാൽ അത് ഒറിജിനൽ ഡോക്യുമെന്റിന് തുല്യമാണ്.

ഒറിജിനൽ രേഖകൾ നഷ്‌ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്‌താൽ ഒരു രജിസ്‌റ്റർ ചെയ്‌ത രേഖയുടെ ട്രൂ കോപ്പിയോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ വാങ്ങാം.

നിങ്ങൾക്ക് എങ്ങനെ ഈ പകർപ്പ് ലഭിക്കും?

നഷ്ടപ്പെട്ടതോ കേടായതോ ആയ പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കുന്നതിന് നിങ്ങൾ പിന്തുടരേണ്ട ചില നടപടി ക്രമങ്ങളുണ്ട്.

  • നിങ്ങൾ ഡ്യൂപ്ലിക്കേറ്റ് പകർപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ്, നഷ്ടപ്പെട്ട രേഖയെ കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സബ് രജിസ്ട്രാർ ഓഫീസിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷിക്കുന്നതിന് നിർബന്ധമായും പരാതി/എഫ്‌ഐആർ ഫയൽ ചെയ്യേണ്ട ആവശ്യമില്ല.
  • എന്നിരുന്നാലും, ഇങ്ങനെ ഒരു രേഖ മോഷ്ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ, പോലീസിൽ എഫ്‌ഐആർ / നോൺ-കോഗ്‌നിസൈബിൾ പരാതി ഫയൽ ചെയ്യുന്നതാണ് ഉചിതം. ഭാവിയിൽ വസ്തു വാങ്ങുന്നവർക്കും ഈ രേഖ യഥാർഥത്തിൽ മുമ്പ് തന്നെ നഷ്ടപ്പെട്ടുവെന്ന് തെളിയിക്കാൻ ഇത് സഹായിക്കുന്നു.
  • വിലാസം, വിവരണം, ഉടമയുടെ പേര്, സഹ-ഉടമകളുടെ പേര്, തുടങ്ങിയ പ്രമാണങ്ങളുടെയും വസ്തുവിന്റെയും എല്ലാ വിശദാംശങ്ങളും നിങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ഇനി അടുത്ത ഘട്ടം പത്രങ്ങളിൽ അറിയിപ്പ് പ്രസിദ്ധീകരിക്കുക എന്നതാണ്. വസ്തു ഉടമ പ്രാദേശിക പത്രങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നിശ്ചിത ഫോർമാറ്റിൽ ഒരു അറിയിപ്പ് പ്രസിദ്ധീകരിക്കണം.
  • ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഒറിജിനൽ രേഖകൾ നഷ്ടപ്പെട്ടതായി പൊതുജനങ്ങളെ അറിയിക്കുകയും, വസ്തുവിന്മേൽ ആർക്കും അവകാശമില്ല എന്ന് തെളിയിക്കാൻ 15 ദിവസത്തിനുള്ളിൽ ക്ലെയിം ഉന്നയിക്കാനായി ഏതെങ്കിലും അംഗത്തെ ക്ഷണിക്കുകയും വേണം.

15 ദിവസത്തെ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ വസ്തുവിന്റെ വിശദാംശങ്ങൾ, പ്രസിദ്ധീകരിച്ച നോട്ടീസ്, അപേക്ഷയുടെ അടിസ്ഥാനമോ ന്യായീകരണമോ വിശദീകരിക്കുന്ന സത്യവാങ്മൂലം, ഒരു വക്കീലിന്റെ സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം രജിസ്ട്രാർ ഓഫീസിലോ സബ് രജിസ്ട്രാർ ഓഫീസിലോ അപേക്ഷിക്കാം. 

ഈ അപേക്ഷ ഓഫീസർ സ്വീകരിച്ച തീയതി മുതൽ 8-10 ആഴ്ചകൾക്കിടയിൽ മുഴുവൻ പ്രക്രിയയും പൂർത്തിയാകുന്നതാണ്. എങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ, ഒരു യഥാർഥ പകർപ്പിന് നിങ്ങളുടെ ഉദ്ദേശ്യം നിറവേറ്റാൻ കഴിയുമെങ്കിലും, നിങ്ങളുടെ യഥാർഥ പ്രമാണങ്ങൾ കഴിയുന്നത്ര ഭദ്രമായും സുരക്ഷിതമായും കൈവശം വയ്ക്കുന്നതിന് ശ്രമിക്കുക. കാരണം നിങ്ങൾ പ്രോപ്പർട്ടി വിൽക്കുമ്പോഴും മറ്റ് പകർപ്പ് കാണിക്കുകയാണെങ്കിൽ അത് വാങ്ങുന്നയാളിൽ സംശയം സൃഷ്ടിച്ചേക്കാം.

കേരള സർക്കാരിന്റെ ഓൺലൈൻ പോർട്ടൽ

ഇനി കേരളത്തിൽ വസ്തു രജിസ്ട്രേഷൻ എങ്ങനെ ഓൺലൈനായി നടത്താമെന്ന് നോക്കാം. കഴിഞ്ഞ വർഷമാണ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് ഓൺലൈൻ കേരള രജിസ്ട്രേഷൻ പോർട്ടലിന് തുടക്കമിട്ടത്. ഈ സൗകര്യം അപേക്ഷകർക്ക് എൻകംബ്രൻസ് സർട്ടിഫിക്കറ്റ് നേടാനും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഓൺലൈനായി അടയ്ക്കാനും ഓൺലൈനായി ഭൂമിയുടെ രേഖകൾ പരിശോധിക്കാനും സഹായിക്കുന്നതാണ്.

ഭൂമി രജിസ്ട്രേഷൻ പ്രക്രിയയിലെ ഒരു പ്രധാന രേഖയായ എൻകംബ്രൻസ് സർട്ടിഫിക്കറ്റിന് നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

എൻകംബ്രൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ട വിധം

  • ഇതിനായി കേരള രജിസ്ട്രേഷൻ പോർട്ടൽ സന്ദർശിക്കുക. മെയിൻ നാവിഗേഷൻ മെനുവിൽ നിന്ന് "സർട്ടിഫിക്കറ്റ്" തിരഞ്ഞെടുത്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ കാണുന്ന എൻകംബ്രൻസ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുത്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ദൃശ്യമാകുന്ന അടുത്ത പേജിൽ "ആപ്ലിക്കേഷൻ ഫോൺ ഇസി" തിരഞ്ഞെടുത്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ഓൺലൈനായി ഈ ഫോം പൂരിപ്പിക്കുമ്പോൾ, നിങ്ങളുടെ ശരിയായ മൊബൈൽ നമ്പറാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്തുക. അതുവഴി SMS സന്ദേശങ്ങൾ ലഭിക്കുന്നതാണ്.
  • ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ, അപേക്ഷകന്റെ വിശദാംശങ്ങൾ നൽകുക. ഒരു GRN ഉം ഇടപാട് ഐഡിയും ജനറേറ്റുചെയ്യും.
  • അപൂർണമായതോ തെറ്റായതോ ആയ വിശദാംശങ്ങളുടെ ഉത്തരവാദിത്തം കേരള രജിസ്‌ട്രേഷൻ വകുപ്പ് സ്വീകരിക്കുന്നതല്ല. അതിനാൽ ഓൺലൈൻ പേയ്‌മെന്റ് പ്രക്രിയയിൽ ദയവായി എല്ലാ വിശദാംശങ്ങളും നൽകുന്നതിന് ശ്രദ്ധിക്കുക.
  • അടുത്ത മെനുവിൽ നിങ്ങൾ ഒരുപാട് ഓപ്ഷൻ കാണുന്നുണ്ടാകും.
  • നിങ്ങൾക്ക് മുൻഗണന ലഭിക്കണമെങ്കിൽ, ഫീസിന്റെ ഇരട്ടി തുക നൽകേണ്ടിവരും.
  • ഇതിനായി "വിഷ് റ്റു ഗറ്റ് പ്രെയോരിറ്റി" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് "നീഡ്സ് സർട്ടിഫിക്കറ്റ്" ഓപ്‌ഷനിൽ ഏത് ഭാഷയിലാണ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്നത് നൽകണം.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :