അവധി ആഘോഷിക്കാനും, ജോലി ആവശ്യങ്ങൾക്കുമായി ഒരുപാട് മലയാളികൾ വിദേശത്തേക്ക് പറക്കാറുണ്ട്. പഠനത്തിനായും യുകെ, യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന മലയാളികൾ ചുരുക്കമല്ല. വിദേശരാജ്യങ്ങളിൽ എത്തുന്ന വിദ്യാർഥികളാകട്ടെ അവിടെ നിരവധി പാർട്- ടൈം ജോലികളും അന്വേഷിക്കാറുണ്ട്. ഇതിന് പുറമെ, വിദേശ രാജ്യങ്ങളിൽ ടാക്സി സർവീസ് നടത്തുന്നവരിലും മലയാളികൾ നിരവധിയുണ്ടെന്ന് പറയാം.
ഇത്തരം സന്ദർഭങ്ങളിൽ തീർച്ചയായും നിങ്ങൾക്ക് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് (International driving license) ആവശ്യമായി വരും. ഇങ്ങനെ ഒരു അന്തർദേശീയ തിരിച്ചറിയൽ രേഖ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ, ഒരു പ്രത്യേക രാജ്യത്തിൽ മാത്രമല്ല ലോകത്തിന്റെ ഏത് കോണിലും നിങ്ങൾക്ക് കാറും ബൈക്കും ഓടിക്കാൻ കഴിയുന്നതാണ്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് നേടുന്നത് വലിയ പണിയാണെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ തെറ്റി. ഈ ലൈസൻസ് എടുക്കുന്നത് വളരെ എളുപ്പമാണ് എന്ന് മാത്രമല്ല, ഇതിന് ചെലവും കുറവാണ്. അതായത്, വെറും 800 രൂപയ്ക്ക് നിങ്ങൾക്ക് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും.
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് സ്ഥിരം വിദേശ യാത്രക്കാർക്ക് മാത്രമല്ല, പുതുവത്സര അവധിക്കാലത്ത് ഇടയ്‌ക്കിടെ വിദേശത്തേക്ക് പോകുന്നവർക്കും പ്രയോജനപ്പെടുത്താം. ഇവർക്ക് സ്വന്തമായി കാർ ഓടിച്ച് യാത്രകൾ ആസ്വദിക്കാം. ഇന്ത്യയിൽ നിർമ്മിച്ച ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് ഏകദേശം 150 രാജ്യങ്ങളിൽ സാധുതയുണ്ട്.
നിങ്ങൾ ഒരു സാധാരണ ലൈസൻസ് ഉണ്ടാക്കുന്നത് പോലെ തന്നെ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസും (International driving license) ഉണ്ടാക്കാം. ഇതിനായി പ്രാദേശിക ആർടിഒ ഓഫീസിൽ പോയി അപേക്ഷിക്കാം.
ഒരു ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഈ രേഖകളുടെ ഒറിജിനൽ നിങ്ങളുടെ പക്കൽ സൂക്ഷിക്കേണ്ടതുണ്ട്. ഫോം 4A (അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷാ ഫോം), ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിനുപുറമെ, സാധുവായ ഡ്രൈവിങ് ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അഡ്രസ് പ്രൂഫിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സാധുവായ പാസ്‌പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സാധുവായ വിസയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിമാന ടിക്കറ്റിന്റെ പകർപ്പ്, അഞ്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മെഡിക്കൽ ഫോം 1-എ തുടങ്ങിയവ ആവശ്യമാണ്. ഇതിനുപുറമെ, തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും വയസ്സ് തെളിയിക്കുന്ന രേഖയും ആവശ്യമാണ്.
കൂടുതൽ വാർത്തകൾ: ഫോട്ടോ എഡിറ്റിങ്ങും ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി; ചിത്രങ്ങൾ വൈറൽ
ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ്- International driving license ലഭിക്കുന്നതിന് 800 രൂപ ഫീസ് നൽകണം. ഇത് നിങ്ങളുടെ പ്രദേശത്തെ ലോക്കൽ ട്രാൻസ്പോർട്ട് ഓഫീസിൽ പണമായി അടയ്ക്കാവുന്നതാണ്. ഒരു വർഷത്തേക്കാണ് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നത്. ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങൾ ഇത് ഉപയോഗിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാവുന്നതല്ല. സാധുത അവസാനിച്ചതിന് ശേഷം, നിങ്ങൾ വീണ്ടും പുതിയതിനായി അപേക്ഷിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച് കഴിഞ്ഞാൽ, 7 പ്രവൃത്തി ദിവസങ്ങൾ മുതൽ പരമാവധി 30 ദിവസം വരെ നൽകും.