ഇന്ന് ആധാർ എത്രത്തോളം അനിവാര്യമാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏത് സർക്കാർ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ആധാർ കാർഡ് (Aadhaar card) നിർബന്ധമാണ്. എല്ലാവരുടെയും പക്കൽ അതിനാൽ തന്നെ ആധാർ കാർഡ് ഉണ്ടാകും. എന്നാൽ, പഴയ ആധാർ കാർഡാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടില്ല.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (UIDAI) അടുത്തിടെ പുറപ്പെടുവിച്ച നിർദേശത്തിൽ 10 വർഷം മുമ്പെടുത്ത ആധാർ കാർഡുകൾ (Aadhaar cards) അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതായത്, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ആധാർ കാർഡ് ഉടമകൾ അവരുടെ തിരിച്ചറിയൽ രേഖയും, മേൽവിലാസം സംബന്ധിച്ച രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനായോ മൈ ആധാർ പോർട്ടൽ വഴിയോ അതുമല്ലെങ്കിൽ ഓഫ്‌ലൈനായി അടുത്തുള്ള അക്ഷയ/ ആധാർ കേന്ദ്രം സന്ദർശിച്ചോ അപ്‌ഡേറ്റ് ചെയ്യണം. എന്നാൽ സർക്കാർ ഇത് നിർബന്ധമാക്കിയോ എന്നതിനെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു.
10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണോ എന്ന് ചോദിച്ചാൽ ശരിക്കും അല്ലെന്നതാണ് ഉത്തരം. എങ്കിലും, പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. ഓരോ 10 വർഷത്തിലും ആധാർ അപ്ഡേഷൻ നടത്തുന്നത് നല്ലതാണ്. കാരണം, നിങ്ങളുടെ പുതിയ വിവരങ്ങളും രേഖകളും ആധാർ കാർഡിലുള്ളത് ഉപയോക്താക്കൾക്ക് സർക്കാർ സ്കീമുകൾ പ്രയോജനപ്പെടുത്തുന്നതിന് സഹായകരമാകും.
നിങ്ങളുടെ വീടിനടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം അഥവാ അക്ഷയയിലൂടെ ഓഫ്‌ലൈനായും ആധാർ അപ്ഡേഷൻ പ്രക്രിയ പൂർത്തിയാക്കാം. സമീപത്തെ ആധാർ കേന്ദ്രം കണ്ടെത്താനായി, നിങ്ങളുടെ പിൻകോഡോ സംസ്ഥാനത്തിന്റെ പേരോ പ്രദേശത്തിന്റെ പേരോ നൽകി സെർച്ച് ചെയ്യാം. ശ്രദ്ധിക്കുക, ഒറ്റത്തവണ ഫീസായി 50രൂപയാണ് ഈടാക്കുന്നത്.
90% സേവന മാനദണ്ഡങ്ങളോടെ 30 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് അഭ്യർത്ഥനകൾ പൂർത്തിയാകുമെന്ന് UIDAI അവകാശപ്പെടുന്നു. myaadhaar.uidai.gov.in സന്ദർശിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം.