ഓൺലൈൻ തട്ടിപ്പുകൾ ഇന്ത്യയിൽ ദിവസവും വർധിച്ചുവരികയാണ്. വിവിധ മാർഗങ്ങളിലൂടെ സൈബർ ക്രിമിനലുകൾ നിരവധിപേരുടെ അക്കൗണ്ട് കാലിയാക്കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാർ മുതൽ സോഫ്ട്വേർ എൻജിനീയർമാരും പോലീസ് ഉദ്യോഗസ്ഥരും വരെ സൈബർ ക്രിമനിലുകളുടെ വലയിൽ വീണുപോകുന്നു. കഴിഞ്ഞ ദിവസം ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത പോലീസുകാരന് രണ്ട്ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
മൊബൈലിലേക്ക് ആക്സസ് നേടുന്നതിനായി അവരെ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തശേഷം ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുക എന്നതാണ് ഏറ്റവും സാധാരണമായി പ്രയോഗിക്കുന്ന രീതി. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന വിധത്തിൽ ആധികാരികമായി സംസാരിച്ച് കബളിപ്പിച്ചാണ് ഇത്തരം ആപ്പുകളിലോ ലിങ്കുകളിലേക്കോ അവരെ എത്തിക്കുന്നത്. ഇതുവഴി ആളുകളുടെ ഡിവൈസിലേക്ക് ആക്സസ് നേടിയെടുത്താൽ, ഇരയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാർ യുപിഐ ആപ്പുകൾ പോലുള്ള മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നു.
ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം. എങ്കിലും അറിയാതെ ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്മുടെ യുപിഐ ഐഡി ഉപയോഗിക്കുന്നതിൽനിന്ന് തട്ടിപ്പുകാരെ തടയാൻ ചില സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാവുന്നതാണ്. നമ്മുടെ യുപിഐ ഐഡി സംരക്ഷിക്കുന്നതിനായി ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ സജ്ജീകരിക്കുക എന്നതാണ് ഒരു വഴി. നമ്മുടെ ഡിവൈസിലേക്ക് ആക്സസ് നേടുന്ന തട്ടിപ്പുകാർക്ക് ഒടിപികൾ ലഭിക്കുന്നതിന് എസ്എംഎസ് ആപ്പ് ഹാക്ക് ചെയ്യാൻ കഴിയും. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് യുപിഐ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഫോണിന്റെ ബിൽറ്റ്-ഇൻ സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുന്നത് ഒരു അധിക പരിരക്ഷ നൽകുന്നു. ബയോമെട്രിക് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയാൽ, ഓരോ തവണയും യുപിഐ ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ, മുഖം കാണിച്ചോ വിരലടയാളം നൽകിയോ നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കേണ്ടിവരും. ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്താലും ഹാക്കർമാർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി യുപിഐ ആപ്പുകൾ തുറക്കാൻ സാധിക്കില്ല. അതിനാൽത്തന്നെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ തുറക്കുന്നതിന് ബയോമെട്രിക് സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുക. ഇതിലൂടെ ഫോണിന് ഒരു അധിക സുരക്ഷാ പരിരക്ഷ നൽകാൻ കഴിയും. വിവിധ യുപിഐ ആപ്പുകളിൽ എങ്ങനെയാണ് ബയോമെട്രിക് പരിരക്ഷ ഉറപ്പാക്കുന്നത് എന്ന് പരിചയപ്പെടാം.