ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും ധാരാളം ഡാറ്റ ൽകുന്ന പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്, എങ്കിലും ദിവസവും ലഭിക്കുന്ന ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. മൊബൈൽ ഡാറ്റ വേഗം തീർന്നുപോകുന്നു എന്ന പരാതി നമ്മളിൽ പലർക്കും കാണും. ആൻഡ്രോയിഡ് ഫോണിൽ തന്നെ ഡാറ്റ ഉപഭോഗം ട്രാക്ക് ചെയ്യാനും അനാവശ്യമായി ഡാറ്റ ചിലവാകുന്നത് തടയാനും ചില വഴികളുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം.
ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുന്നതിലൂടെ ഒരു പരിധിക്ക് അപ്പുറം ഡാറ്റ ചിലവാകുന്നത് തടയാൻ സാധിക്കും. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ കുറച്ച് ഡാറ്റ കരുതിവെയ്ക്കാനും ഇതിലൂടെ സാധിക്കും.
ഡാറ്റ ഉപയോഗിക്കുന്നതിൽ നിന്നും നിയന്ത്രിക്കേണ്ട ആപ്പുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ഡാറ്റ സേവർ ഓണായിരിക്കുമ്പോൾ പോലും എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാൻ ചില ആപ്പുകളെ അനുവദിക്കുകയും ചെയ്യാം.
വൺപ്ലസ് പോലുള്ള ബ്രാൻഡുകളുടെ ചില സ്മാർട്ട്ഫോണുകൾ, ഡൗൺലോഡുകൾ വേഗത്തിലാക്കാൻ വൈഫൈയും മൊബൈൽ ഡാറ്റയും ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഡ്യുവൽ-ചാനൽ നെറ്റ്വർക്ക് ആക്സിലറേഷൻ ഓപ്ഷനുമായാണ് വരുന്നത്. ഇത് ഓഫ് ചെയ്തിട്ടാൽ നിങ്ങൾക്ക് ധാരാളം ഡാറ്റ ലാഭിക്കാം.
ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചാലുടൻ ആപ്പുകൾ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാറുണ്ട്. നിങ്ങളുടെ സ്മാർട്ട്ഫോൺ വൈഫൈ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്തിരിക്കുമ്പോൾ മാത്രം സെറ്റിങ്സ് മാറ്റാനും അവ ഓട്ടോ അപ്ഡേറ്റിലേക്ക് മാത്രം പരിമിതപ്പെടുത്താനും കഴിയും. ഗൂഗിൾ പ്ലേ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഇമേജിൽ ടാപ്പ് ചെയ്യുക. തുറന്ന് വരുന്ന മെനുവിൽ നിന്ന് സെറ്റിങ്സ് ടാപ്പുചെയ്ത് നെറ്റ്വർക്ക് പ്രിഫറൻസ് തിരഞ്ഞെടുക്കുക. ഓപ്പൺ ആയി വരുന്ന സ്ക്രീനിൽ ആപ്പ് ഡൗൺലോഡ് പ്രിഫറൻസ്, ഓട്ടോ അപ്ഡേറ്റ് ആപ്പ്സ്, ഓട്ടോ-പ്ലേ വീഡിയോസ് എന്നിവ കാണാം. മൂന്ന് ഓപ്ഷനുകൾക്കും ഓവർ വൈഫൈ ഓൺലി എന്നത് തിരഞ്ഞെടുക്കുക.
ചില ആപ്പുകൾ ലോഡ് ചെയ്യാൻ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ചില ആപ്പുകൾ ലോഡുചെയ്യാൻ അധികം വേഗതയുള്ള ഇന്റർനെറ്റ് കണക്ഷനോ കൂടുതൽ ഡാറ്റയോ ആവശ്യമില്ല. ഫേസ്ബുക്ക് ലൈറ്റ്, ഇൻസ്റ്റഗ്രാം ലൈറ്റ് പോലുള്ള ലൈറ്റ് പതിപ്പുകൾ മിക്ക സോഷ്യൽമീഡിയ ആപ്പുകൾക്കും ഉണ്ട്. ലൈറ്റ് പതിപ്പുകൾ ആണെങ്കിലും എല്ലാ ബേസിക് പ്രവർത്തനങ്ങളും ഇവയിൽ നടക്കും. ഡാറ്റ ലാഭിക്കാൻ ഇത്തരം ആപ്പുകൾ ഉപയോഗിക്കാം. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആപ്പുകൾ ഒഴിവാക്കാം.