WhatsApp തങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കുമായി 'വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അതായത് ഇതുവരെ നിങ്ങൾക്ക് ഫോട്ടോകളും വാക്കുകകളും വീഡിയോകളുമായിരുന്നു വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കി വയ്ക്കാം. ഇതുവരെ ഉണ്ടായിരുന്ന ഫീച്ചറുകളിൽ, അഥവാ നിങ്ങൾക്ക് വീഡിയോ വേണ്ട, ഓഡിയോ മാത്രം മതി എന്നുണ്ടെങ്കിൽ വീഡിയോ മോഡ് ഡാർക് ആക്കിയാണ് പലരും സ്റ്റാറ്റസുകൾ ഇട്ടിരുന്നത്. എന്നാൽ ഇനി വീഡിയോ ഒന്നും ഇല്ലാതെ നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള വോയിസുകളോ, പാട്ടുകളോ അങ്ങനെ എന്ത് ഓഡിയോ ഫയലുകളും Voice Status ആക്കി വയ്ക്കാവുന്നതാണ്.
നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും അത് സ്റ്റാറ്റസായി പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണിത്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഒഎസ് ഉപഭോക്താക്കൾക്കും ഇത് ലഭ്യമാണ്. ഈ പുതിയ ഫീച്ചർ എങ്ങനെ വാട്സ്ആപ്പിൽ സെറ്റ് ചെയ്യാമെന്നും, വോയ്‌സ് സ്റ്റാറ്റസിന്റെ മറ്റ് നിബന്ധനകളും മനസിലാക്കാം…
മറ്റ് സാധാരണ സ്റ്റാറ്റസുകൾ പോലെ നിങ്ങളുടെ Voice Status ആർക്കൊക്കെ കാണാമെന്നത് നിങ്ങൾക്ക് നിശ്ചയിക്കാം. വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിട്ട് കുറച്ച് മാസങ്ങളായി. എന്നാൽ എല്ലാ ഉപയോക്താക്കളിലേക്കും ഇപ്പോഴാണ് വോയിസ് സ്റ്റാറ്റസ് ഫീച്ചർ എത്തുന്നത്.
അതുപോലെ WhatsApp അടുത്തിടെ പുറത്തിറക്കിയ എഡിറ്റ് മെസേജ് ഫീച്ചറും എല്ലാ ഉപയോക്താക്കളിലേക്കും പൂർണമായി എത്തിയിട്ടില്ല. അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാമെന്നതിനാൽ ഈ ഫീച്ചർ ഏവരും കാത്തിരിക്കുന്ന അപ്ഡേറ്റുമാണ്.