ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സ് കിട്ടും

ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സ് കിട്ടും
HIGHLIGHTS

ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു

അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് ഗവണ്മെന്റിന്റെ നീക്കം

അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്ററുകൾക്ക് അനുമതി നല്‍കുക

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് (Driving License) നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പുതിയ ചില നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് 2021 ഫെബ്രുവരിയില്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. 

റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ്(License)ലഭിക്കാൻ അവസരമൊരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രെഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് നീക്കം. ഈ സെന്‍ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആർടിഒയുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചതായും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരന്മാർക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. അക്രഡിറ്റഡ് സെന്ററുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടെ നിന്നുതന്നെ ലൈസൻസ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം നൽകാനും ഇത്തരം സെന്ററുകൾക്ക് അനുമതിയുണ്ട്. ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനമായിരുന്നു ഫെബ്രുവരിയില്‍ പുറത്തിറക്കിയത്. 1989-ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യുന്നതായിരുന്നു ഈ കരട് വിജ്ഞാപനം. ഇതനുസരിച്ച് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള ലേണേഴ്‍സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകൾക്ക് പുറമേ ആർടി ഓഫീസിൽ അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‍സ് പൂർത്തിയാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

12-ാം ക്ലാസ് ജയിച്ച 5 വർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ തുടങ്ങാൻ അനുമതി നല്‍കുക. മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച അംഗീകൃത സർട്ടിഫിക്കറ്റുള്ള വ്യക്തികൾ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുൻഗണനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം  കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വർക് ഷോപ്പും നിർബന്ധമാണ്. ഈ മാനദണ്ഡങ്ങൾ മറികടന്നാൽ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്‍ററുകള്‍ക്ക് അനുമതി നല്‍കുക. പിന്നീട് പുതുക്കാനും അവസരമുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo