5G ശരിക്കും ബാറ്ററിയെ ബാധിക്കുമോ! എങ്ങനെ തിരികെ 4Gയാക്കും?

Updated on 28-Apr-2023
HIGHLIGHTS

ബാറ്ററി പെട്ടെന്ന് തീർന്നുപോകാതിരിക്കാൻ 4Gയിലേക്ക് തിരിച്ചുവരുന്നതാണോ നല്ലത്?

5G ഉപയോഗിക്കുന്നവർ എന്തുകൊണ്ടാണ് ബാറ്ററി പ്രശ്നം ചൂണ്ടിക്കാട്ടുന്നത്?

5Gയിൽ രാജ്യം കുതിക്കുകയാണ്. ഇതിനകം 4Gയിൽ നിന്നും അതിവേഗ ഇന്റർനെറ്റിലേക്ക് ചുവട് വച്ചവർ ഇന്ന് പരക്കെ പരാതിപ്പെടുന്നത് ഫോണിന്റെ ബാറ്ററിയെ കുറിച്ചാണ്. അതായത്, 5G ഉപയോഗിക്കാൻ തുടങ്ങിയ ശേഷം ഫോണിന്റെ ബാറ്ററി പതിവിലും വേഗത്തിൽ തീർന്നുപോകുന്നുവെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇതിൽ ചില വസ്തുതയുള്ളതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

5G ബാറ്ററിയ്ക്ക് വില്ലനോ?

ഉയർന്ന വൈദ്യുതി ഉപഭോഗവും താപ ഉൽപാദനവും 5Gയിലൂടെ ഉണ്ടാകുന്നതായി ആരോപണമുണ്ട്. കാരണം, 5ജി Network, 4G LTE പോലെ ഊർജ്ജക്ഷമതയുള്ളതല്ലെന്നാണ് പറയുന്നത്. 5G നെറ്റ്‌വർക്കുകളിൽ ബാറ്ററി ചോർച്ചയുടെ പ്രശ്നം കൂടുതൽ കാണുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരെമറിച്ച്, സ്റ്റാൻഡേലോൺ (SA) 5G നെറ്റ്‌വർക്കുകൾ 4G ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കാത്തതിനാൽ ബാറ്ററി പെട്ടെന്ന് തീരുന്ന സാഹചര്യവുമില്ല. ഇന്റർനെറ്റ് വേഗതയേക്കാൾ ബാറ്ററിയുടെ നിലനിൽപ്പാണ് പ്രധാനമെങ്കിൽ 5Gയിലെത്തിയ നിങ്ങളുടെ ഫോണിനെ തിരിച്ച് 4Gയിലേക്ക് എത്തിക്കാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിക്കുന്നു.

5Gയിൽ നിന്നും തിരികെ 4Gയിലേക്ക്… (5G to 4G)

ബാറ്ററി പെട്ടെന്ന് തീർന്നുപോകാതിരിക്കാൻ നിങ്ങൾക്ക് എളുപ്പത്തിൽ 4Gയിലേക്ക് മാറാം. Android ഫോണായാലും iPhone ആയാലും 5G-ൽ നിന്ന് 4G നെറ്റ്‌വർക്കിലേക്ക് മാറാവുന്നതാണ്. അതായത്, നീണ്ട യാത്രയിലോ മറ്റോ ആണെങ്കിൽ ഫോണിന്റെ ബാറ്ററിയ്ക്കാണ് പ്രാമുഖ്യം. ഇങ്ങനെയുള്ള അവസരങ്ങളിൽ പരമാവധി ചാർജ് സേവ് ചെയ്ത് വയ്ക്കണമെന്നാണ് പറയുന്നത്.

5Gയിൽ നിന്ന് 4G; Android ഫോണിൽ എങ്ങനെ?

ഇതിനായി ആദ്യം നിങ്ങൾ ഫോണിലെ 'സെറ്റിങ്സ്' ആപ്പ് തുറക്കുക.

ശേഷം ഇവിടെ കാണുന്ന 'Connections' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് മൊബൈൽ നെറ്റ്‌വർക്സ് തെരഞ്ഞെടുക്കുക.

മൊബൈൽ നെറ്റ്‌വർക്സ് മെനുവിൽ നിന്ന് 'നെറ്റ്‌വർക്ക് മോഡ്' സെലക്റ്റ് ചെയ്യുക.

ഇവിടെ നിങ്ങൾക്ക് വ്യത്യസ്ത നെറ്റ്‌വർക്ക് മോഡുകളുടെ ഒരു ലിസ്റ്റ് കാണാനാകും.

ഈ ലിസ്റ്റിൽ നിന്ന്, 'LTE/3G/2G (ഓട്ടോ കണക്റ്റ്)' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഫോണിൽ നിലവിൽ ആക്ടീവായ  5G പ്രവർത്തനരഹിതമാക്കാനാണ്.

ഫോണിൽ നിന്ന് 5G ഓഫായി എന്ന് മനസിലായാൽ,  4G LTEയിലേക്ക് കണക്റ്റ് ചെയ്യാവുന്നതാണ്.

5Gയിൽ നിന്ന് 4G; iPhoneൽ എങ്ങനെ?

ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിൽ 'സെറ്റിങ്സ്' ആപ്പ് തുറക്കുക.

ഇവിടെ നിന്നും 'സെല്ലുലാർ' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

'സെല്ലുലാർ' മെനുവിൽ, 'സെല്ലുലാർ ഡാറ്റ ഓപ്ഷൻസ്' ടാപ്പ് ചെയ്യുക.

തുടർന്ന് Voice & Data എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇവിടെ 'LTE' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇതിലൂടെ 5G പൂർണമായും പ്രവർത്തനരഹിതമാക്കാൻ സാധിക്കുന്നതാണ്.

അതുപോലെ ഐഫോണിൽ 5G ഓട്ടോ തെരഞ്ഞെടുക്കുകയാണെങ്കിൽ, ബാറ്ററി ലൈഫ് പ്രശ്നമല്ലാത്ത സമയങ്ങളിൽ 5G ഉപയോഗിക്കാൻ സാധിക്കും. 

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :