ഡ്രൈവിങ്ങിനിടെ പാട്ട് കേൾക്കാനും, കോളുകൾ സ്വീകരിക്കാനുമുള്ള ഫീച്ചറുകൾ ഇന്നത്തെ എല്ലാ കാറുകളിലുമുണ്ട്. ദൈനംദിന ജീവിതത്തിൽ സ്മാർട്ഫോണുകളുടെ അനിവാര്യത മുന്നിൽക്കണ്ടാണ് ഇത്തരത്തിൽ കാറുകളിലും സജ്ജീകരിച്ചിരിക്കുന്നത്. ഫോണുകൾ ചെവിയിൽ പിടിച്ച് സംസാരിക്കുമ്പോഴും മറ്റുമുള്ള പ്രയാസങ്ങളും അപകടങ്ങളും ഇതുവഴി ഒഴിവാക്കുകയും ചെയ്യാം. ഇങ്ങനെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് കാറുകളിൽ ഇൻഫോടെയ്ൻമെന്റ് എന്ന സംവിധാനമാണുള്ളത്. ഈ infotainment systemത്തെ കാറിന്റെ ഓഡിയോ സിസ്റ്റമെന്നും പറയാം.
എന്നാൽ ചിലപ്പോഴൊക്കെ ഫോണും കാറിന്റെ ബ്ലൂടൂത്തും തമ്മിൽ കണക്റ്റ് ചെയ്യാൻ സാധിക്കാതെ വരുന്നു. Bluetooth സിസ്റ്റവും സ്മാർട്ട്ഫോണും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കാത്തതിനാൽ പാട്ടോ വാർത്തയോ കേട്ട് ഡ്രൈവിങ് ചെയ്യാൻ കഴിയാതെ വരികയും, ഡ്രൈവിങ്ങിനിടെ ഫോൺ കോൾ വന്നാൽ എടുക്കാനാകാതെ വരികയും ചെയ്യാറുണ്ട്. ഒരുപക്ഷേ ഫോണിന്റെ പ്രശ്നമായിരിക്കാം ഇത്. അല്ലെങ്കിൽ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലെ എന്തെങ്കിലും അപാകതയുമാകാം.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തെല്ലാം മാർഗങ്ങളാണ് നിങ്ങൾ പരീക്ഷിക്കേണ്ടതെന്ന് ചുവടെ വിശദീകരിക്കുന്നു. ഫോണിന്റെയും കാറിന്റെയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുനരാരംഭിക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യത്തെ മാർഗം. അതായത്, ഒരുപക്ഷേ ഫോണിലെ OSന്റെ എന്തെങ്കിലും പ്രശ്നമായിരിക്കാം. അപ്പോൾ നിങ്ങൾക്ക് ഫോൺ റീസ്റ്റാർട്ട് ചെയ്യാം. അതുമല്ല ഇൻഫോടെയ്ൻമെന്റിനും എന്തെങ്കിലും സാങ്കേതിക തകരാറുണ്ടെങ്കിൽ അത് റീസ്റ്റാർട്ട് ചെയ്താൽ ചിലപ്പോഴൊക്കെ പരിഹരിക്കാം. ഇതിന് ശേഷം രണ്ടും കണക്റ്റ് ചെയ്യാൻ ശ്രമിക്കുക.
അതുപോലെ ഫോണിലെയും കാറിലെയും ബ്ലൂടൂത്ത് ഓണാക്കുക. രണ്ടിലെയും ബ്ലൂടൂത്ത് സെറ്റിങ്സ് ശരിയാക്കിയ ശേഷം കണക്റ്റ് ചെയ്യുക. ചിലപ്പോഴൊക്കെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാത്തതിലും പ്രശ്നം വന്നേക്കാം. ഫോണിലെയും ഇൻഫോടെയ്ൻമെന്റിലെയും സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നത് പ്രധാനമാണ്. അപ്ഡേറ്റ് ചെയ്യാത്തതാണങ്കിൽ ഇവ തമ്മിൽ കണക്റ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തന്നെ രണ്ട് ഉപകരണങ്ങളിലും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ വേർഷനാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഇതിലൊന്നും പ്രശ്നപരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് കാറിന്റെ യൂസർ മാനുവൽ പരിശോധിക്കാം. അതുമല്ലെങ്കിൽ കാർ നിർമാതാവിന്റെ സഹായം തേടാം. കാറിന്റെ ബ്ലൂടൂത്ത് സിസ്റ്റത്തിന് ആവശ്യമായ മാർഗ നിർദേശങ്ങളും, പരിഹാരങ്ങളും അവർക്ക് നൽകാൻ സാധിക്കും.
അതുപോലെ, ഫോണും കാറും ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച ശേഷം, എല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചില കാറുകളിൽ, ഉദാഹരണത്തിന് ടൊയോട്ട കാമ്‌രിയിൽ, സ്റ്റിയറിങ് വീലിലെ ബട്ടണുകൾ ഹാൻഡ്‌സ്‌ഫ്രീ കോളിങ് മോഡ് ഫീച്ചറുള്ളവയാണ്. ഇവ കോൾ ഓൺ ആക്കുകയും ഷട്ട് ഡൗണും ചെയ്യുന്നു. അതിനാൽ തന്നെ ടച്ച് സ്‌ക്രീൻ വഴി ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലൂടെ ഫോണിന്റെ ആക്‌സസ് നേടാം.