Digital Voter ID എങ്ങനെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം?

Updated on 09-Feb-2023
HIGHLIGHTS

നാം ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കുന്ന രേഖയാണ് വോട്ടേഴ്സ് ഐഡി കാർഡ്

വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റലായി ഡൗൺലോഡ് ചെയ്ത് സ്മാർട്ട്ഫോണിൽ സൂക്ഷിക്കാം

ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ EPIC നമ്പർ ആവശ്യമാണ്

രാജ്യനിർമാണത്തിൽ പങ്കാളിയാകുക എന്നത് വളരെ മഹത്തായ കടമയായും കർത്തവ്യമായുമാണ് കരുതപ്പെടുന്നത്. വോട്ട് ചെയ്യണമെങ്കിൽ അ‌തിന് നാം ഇന്ത്യൻ പൗരന്മാരായിരിക്കണം. ഇന്ന് തിരിച്ചറിയൽ രേഖയായി ആധാർ ഉൾപ്പെടെയുള്ള രേഖകൾ നമുക്കുണ്ട് . എങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴസ് ഐഡി കാർഡ് (Voters ID card) ഇന്നും ഏറെ പ്രസക്തമാണ്. നാം ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ആധികാരിക രേഖയാണ് ഇലക്ഷൻ കമ്മീഷൻ (Election Commission) നൽകുന്ന തിരിച്ചറിയൽ കാർഡ്.

ഏറെ പ്രധാനപ്പെട്ട രേഖ വോട്ട് ചെയ്യുക എന്നതിനപ്പുറം സർക്കാർ ആവശ്യങ്ങളുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ള വോട്ടേഴ്സ് ഐഡി കാർഡ് നമുക്ക് ഉണ്ടാവേണ്ടത് ഏറെ പ്രധാനമാണ്. എല്ലാം ഡിജിറ്റൽ ആയി സൂക്ഷിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡും (Voters ID card) ഡിജിറ്റലായി ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ സൂക്ഷിക്കുകയോ, പ്രിന്റെടുക്കുകയോ ചെയ്താൽ അ‌വശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെ അ‌തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈലിലോ ടാബ്‌ലെറ്റിലോ ലാപ്‌ടോപ്പിലോ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് (Voters ID card) എങ്ങനെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം.

ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്​സൈറ്റ് ആദ്യം തന്നെ ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ് അ‌ഡ്രസിലേക്ക് പോകുക. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഔദ്യോഗിക വെബ്‌സൈറ്റാണിത്, പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്നതിനും വോട്ടർ ഐഡി (Voters ID card) യിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡിജിറ്റൽ വോട്ടർ ഐഡി (Voters ID card) ഡൗൺലോഡ് ചെയ്യുന്നതിനും ഈ പോർട്ടൽ ഉപയോഗിക്കാം. നിങ്ങൾ എപ്പിക് ( Electors Photo Identification Card-EPIC) നമ്പർ ഉള്ള ആളാണെങ്കിൽ തിരിച്ചറിയൽ കാർഡ് ഡൺലോഡ് ചെയ്യുന്നതിനായി ഹോം പേജിൽ കാണുന്ന വോ​ട്ടർ സർവീസ് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന പേജിൽ ഇ-എപ്പിക് (EPIC) എന്നു കാണുന്നതിൽ ക്ലിക്ക് ചെയ്യുക. 

ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക ആദ്യമായി ഈ സേവനം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഒരു ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം. അ‌ങ്ങനെ രജിസ്റ്റർ ചെയ്ത് പോർട്ടലിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഡൗൺലോഡ് ഇ-എപ്പിക് എന്നതിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ EPIC നമ്പർ (വോട്ടർ ഐഡി കാർഡിൽ പ്രിന്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ 10 അക്ക ഐഡി) നൽകുക. ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ, ഒരാൾക്ക് EPIC നമ്പറും അതിലേക്ക് ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറും ആവശ്യമാണ്. ഇ-എപ്പിക് അല്ലെങ്കിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, നമ്മുടെ ഫോൺ നമ്പർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കണം. ഇതിനും ​വെബ്സൈറ്റിൽ സംവിധാനമുണ്ട്.

മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന്, തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിന്റെ (https://www.nvsp.in/) ഹോം പേജിലേക്ക് പോയി ഫോമുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോം 8-ൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ ഒരു കുടുംബാംഗത്തിന്റെ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ സെൽഫ് അല്ലെങ്കിൽ ഫാമിലി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോം മെനുവിൽ നിന്ന് അതേ വെബ്‌സൈറ്റിൽ ഫോം 8 പൂരിപ്പിച്ച് വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ ചേർക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.

നിങ്ങൾ നൽകുന്ന വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതിനാൽ വോട്ടർ ഐഡിയുമായി ഒരു ഫോൺ നമ്പർ ജോടിയാക്കാൻ കുറച്ച് ദിവസമെടുത്തേക്കും. ഫോൺ നമ്പർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, https://eci.gov.in/e-epic/ എന്ന വെബ്‌സൈറ്റിലേക്ക് പോയി EPIC നമ്പർ പോലുള്ള വിശദാംശങ്ങൾ നൽകുക. തുടർന്ന് OTP ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ച് ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക. ഫോം 8 പൂരിപ്പിച്ച് അതേ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി നേടാനും കഴിയും. അത് നിങ്ങളുടെ വോട്ടർ ഐഡിയിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തിലേക്ക് എത്തുകയാണ് ചെയ്യുക.

Connect On :