Aadhaar Card Update: UIDAIയുടെ പുതിയ സംവിധാനം, ഓൺലൈൻ വഴി ഈസിയായി മേൽവിലാസം പുതുക്കാം

Aadhaar Card Update: UIDAIയുടെ പുതിയ സംവിധാനം, ഓൺലൈൻ വഴി ഈസിയായി മേൽവിലാസം പുതുക്കാം
HIGHLIGHTS

പുതിയ മേൽവിലാസം അപ്ഡേറ്റ് ചെയ്യാൻ ഇനി വിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല

ഈ പ്രക്രിയ വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാം

UIDAIയുടെ ഈ പുതിയ ഓൺലൈൻ സംവിധാനത്തെ കുറിച്ച് വിശദമായി വായിക്കുക

ആധാർ ഉടമകൾക്ക് അവരുടെ ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനും മാറ്റം വരുത്തുന്നതിനും (New address in Aadhaar Card) പുതിയ സൗകര്യമൊരുക്കി UIDAI- യുഐഡിഎഐ. ഈ പുതിയ സംവിധാനത്തിലൂടെ ആധാർ ഉപയോക്താക്കൾക്ക് വിലാസം തെളിയിക്കുന്ന രേഖകൾ കാണിക്കാതെ തന്നെ Aadhaar Cardലെ വിലാസം മാറ്റാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും എന്നതാണ് നേട്ടം. എന്നാൽ മുൻപ് വരെ ആധാർ വിലാസത്തിൽ മാറ്റം- update address in Aadhaar Card വരുത്തണമെങ്കിൽ ഉപയോക്താക്കൾ UIDAIയ്‌ക്ക് പുതിയ വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യേണ്ടത് ആവശ്യമായിരുന്നു.

ഈ രേഖ അനിവാര്യമല്ലെന്ന് UIDAI പുതിയതായി അറിയച്ചതോടെ, ഇനിമുതൽ കുടുംബനാഥന്റെ (HoF) സമ്മതത്തോടെ ഓൺലൈനായി ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. അതായത്, കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥ നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സമർപ്പിച്ചാൽ വീട്ടിലെ കുട്ടികൾ, പങ്കാളി, മാതാപിതാക്കൾ എന്നിവർക്ക് Aadhaar Cardലെ മേൽവിലാസം പുതുക്കാനാകും. യുഐഡിഎഐ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ അറിയിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുടുംബനാഥനും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കാൻ റേഷൻ കാർഡ്, മാർക്‌ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ അപേക്ഷകന്റെയും ഗൃഹനാഥൻ/ ഗൃഹനാഥയുടെ പേര്, അവർ തമ്മിലുള്ള ബന്ധം എന്നിവയുടെ രേഖകൾ സമർപ്പിക്കുന്നതിലൂടെ ആധാറിലെ വിലാസം മാറ്റാവുന്നതാണ് (Change Address). ഇതിന് പുറമെ, കുടുംബനാഥന് ലഭിക്കുന്ന ഒടിപിയും വേരിഫിക്കേഷൻ പ്രക്രിയയ്ക്ക് നിർണായകമാണ്.

രാജ്യത്തിനുള്ളിൽ വിവിധ കാരണങ്ങളാൽ ആളുകൾ നഗരങ്ങളിലേക്കും മറ്റും താമസം മാറുന്നതിനാൽ, ഇത്തരമൊരു സൗകര്യം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനകരമാകും. യുഐഡിഎഐ നിർദേശിച്ചിട്ടുള്ള ഏതെങ്കിലും സാധുവായ വിലാസ രേഖ ഉപയോഗിച്ച് നിലവിലുള്ള Address update ചെയ്യാമെന്ന സൗകര്യത്തിന് പുറമെയായിരിക്കും ഈ സംവിധാനവും അധികൃതർ കൊണ്ടുവരുന്നത്. 
18 വയസ്സിന് മുകളിലുള്ള ആർക്കും ഗൃഹനാഥൻ/ ഗൃഹനാഥ ആകാമെന്നും ഈ പ്രക്രിയയിലൂടെ അവരുടെ വിലാസം ബന്ധുക്കളുമായി പങ്കിടാമെന്നും UIDAI സ്ഥിരീകരിച്ചു.

Aadhaar Cardലെ വിലാസം എങ്ങനെ മാറ്റാം

  • ഘട്ടം 1: മൈ ആധാർ പോർട്ടലിലേക്ക് പോകുക. അല്ലെങ്കിൽ https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഘട്ടം 2: ഓൺലൈനിൽ വിലാസം അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് പുതിയ ഓപ്ഷൻ തെരഞ്ഞെടുക്കാം
  • ഘട്ടം 3: നിങ്ങൾ കുടുംബനാഥന്റെ ആധാർ നമ്പർ നൽകേണ്ടതുണ്ട്. എന്നാൽ ഇയാളുടെ ആധാറിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സ്ക്രീനിൽ പ്രദർശിപ്പിക്കില്ല.
  • ഘട്ടം 4: കുടുംബനാഥൻ/ കുടുംബനാഥയുടെ ആധാർ നമ്പർ സ്ഥിരീകരണം പൂർത്തിയായ ശേഷം, നിങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
  • ഘട്ടം 5: ഈ സേവനത്തിന് നിങ്ങൾ 50 രൂപ ഫീസ് അടയ്ക്കണം.
  • ഘട്ടം 6: പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ,  ഒരു SRN ലഭിക്കുകയും കുടുംബനാഥന് ഒരു SMS ലഭിക്കുകയും ചെയ്യും.
  • ഘട്ടം 7: അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മൈ ആധാർ പോർട്ടലിൽ ലോഗിൻ ചെയ്‌ത് HOF അഥവാ കുടുംബനാഥൻ അഭ്യർഥന അംഗീകരിച്ച് സമ്മതം നൽകണം.

ഈ സമയത്തിനുള്ളിൽ അഭ്യർഥന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അപേക്ഷ അവസാനിപ്പിക്കും. അഭ്യർഥന അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഒരു SMS വഴി നിങ്ങളെ അറിയിക്കും. എന്നാൽ ഇങ്ങനെ നിരസിക്കുന്ന അപേക്ഷയിൽ Aadhaar Updateന് നിങ്ങൾ അടച്ച 50 രൂപ ഫീസ് അപേക്ഷകന് തിരികെ നൽകുന്നതല്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo