നിങ്ങളെല്ലാവരും UPI വഴി പേയ്മെന്റ് നടത്തുന്നവരായിരിക്കും അല്ലേ? വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാനായാലും വലിയ ഷോപ്പിങ്ങിനായാലും, സുഹൃത്തിനോ വീട്ടുകാർക്കോ പണം അയക്കാനാണെങ്കിലും, ഫോൺ റീചാർജിങ്ങിനുമെല്ലാം ഇന്ന് UPI നിർണായക സേവനമായിക്കഴിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ എത്ര വിദൂരമിരിക്കുന്നവർക്കും പണം അയക്കാമെന്നത് തന്നെയാണ് ഇതിന്റെ നേട്ടം. എന്നാൽ, ചിലപ്പോഴൊക്കെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ പണിയാകാറുണ്ട്, അല്ലേ? എന്നാൽ നമ്മൾ പരിചയക്കാരോട് കടം പറയുന്ന പോലെ ഇനിമുതൽ യുപിഐ പേയ്‌മെന്റ് നടത്തുമ്പോഴും കടം പറയാം. അതായത്, അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താനാകുമെന്ന് സാരം.
UPIയിലെ 'പേ ലേറ്റർ' എന്ന ഓപ്ഷനാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. പേയ്മെന്റ് നടത്തുമ്പോൾ Insufficient balance എന്ന് വന്നാൽ ഇനി പേ ലേറ്റർ ഓപ്ഷനിലൂടെ തടസ്സമില്ലാതെ പേയ്മെന്റ് നടത്താം. എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെന്ന് നോക്കാം…
അടുത്ത കാലത്താണ് RBI യുപിഐ ഇടപാടുകൾക്കായി പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകൾ അനുവദിക്കാമെന്ന് തീരുമാനിച്ചത്. അതായത്, അക്കൌണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും പേയ്‌മെന്റുകൾ നടത്താൻ ഇത് സഹായിക്കും.
ഇതുവരെ സേവിങ്സ് അക്കൗണ്ടുകളും ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകളും പ്രീപെയ്ഡ് വാലറ്റുകളും മാത്രമായിരുന്നു യുപിഐയിൽ ഉപയോഗിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ ഒരു നിശ്ചിത തുക (മുൻകൂട്ടി കണക്കാക്കിയത്) കടമായി നൽകാൻ ബാങ്കുകൾക്ക് RBI അനുമതി നൽകിയതിന് ശേഷമാണ് ഈ സൌകര്യം UPI Paymentൽ ലഭ്യമായത്. ജനപ്രിയ യുപിഐ ആപ്പുകളായ Google Pay, Paytm, PhonePe എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭിക്കുന്നതാണ്.
എന്നാൽ ബാങ്കുകൾ ഇങ്ങനെ തരുന്ന കടം മുൻകൂട്ടി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തിരികെ അടയ്ക്കണം. കൂടാതെ, ഇങ്ങനെ Pay later ഫീച്ചർ ഉപയോഗിക്കുന്നതിന് ഒരു ഫീസ് ഈടാക്കിയേക്കാം.
GPay, PhonePe, Paytm തുടങ്ങിയ നിങ്ങളുടെ യുപിഐ ആപ്പുകളിൽ ഈ 'പേലേറ്റർ' ഓപ്‌ഷൻ ആക്ടീവാക്കാം. ഇത് ആക്ടീവാക്കിയാൽ UPI വഴി ഇടപാടുകൾ നടത്തുന്നതിന് ഒരു നിശ്ചിത തുക കടമായി നൽകും. എന്നാൽ ശ്രദ്ധിക്കേണ്ടത്, PayLaterന് കീഴിലുള്ള ഓവർഡ്രാഫ്റ്റ് അക്കൗണ്ട് വ്യാപാരികൾക്ക് പണമടയ്ക്കുന്നതിന് മാത്രമേ ഇത് വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ. മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് ഇത് ഉപയോഗിക്കാനാകില്ല.
നിലവിൽ HDFC, ICICI Bankകൾ മാത്രമാണ് ഈ ക്രെഡിറ്റ് സംവിധാനം അനുവദിച്ചിട്ടുള്ളത്. 50,000 രൂപ വരെ, അതും അക്കൌണ്ട് ഉടമയുടെ യോഗ്യത കണക്കിലെടുത്താണ് വായ്പ തുകയായി നൽകുക.