രണ്ട് ഫോൺ നമ്പറുകളിലും WhatsApp ആവശ്യമുള്ളവർ ഉണ്ടാകില്ലേ? ഉദാഹരണത്തിന് വ്യക്തിഗത ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും 2 നമ്പറുകൾ ഉപയോഗിക്കുന്നവർ. ഇവർ 2 ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരോ, അല്ലെങ്കിൽ വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരോ ആയിരിക്കും. എന്നാൽ, ബിസിനസ് ആവശ്യങ്ങൾക്കല്ലാതെ 2 വാട്സ്ആപ്പ് ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും?
ഇതിനുള്ള ഉപാധിയാണ് മെറ്റ തന്നെ തങ്ങളുടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഒരു ഫോണിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനമാണിത്.
ഒരേ ഫോണിൽ ഇനി ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വരുമെന്ന് മുമ്പ് മെറ്റ അറിയിച്ചിരുന്നു. എന്നാൽ ഈ അപ്ഡേറ്റ് എന്നായിരിക്കും ലഭ്യമാകുക എന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിരുന്നില്ല. കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വരുന്ന ആഴ്‌ചകളിലോ തൊട്ടടുത്ത മാസത്തിലോ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ്.
ഇന്ത്യക്കാർ ഡ്യുവൽ സിം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ഈ ഫീച്ചർ ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളിലേക്ക് ഉടനടി എത്തുമെന്നാണ് മെറ്റ പറയുന്നത്. ഇത് ഉപയോക്താക്കൾക്ക് വളരെ പ്രയോജനപ്പെടുന്ന ഫീച്ചറായിരിക്കുമെന്നും പറയുന്നു.
‘ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് ഒരു ഫോണിൽ നിന്ന് തന്നെ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ ജോലിയും വ്യക്തിപരമായ കാര്യങ്ങളും സംവദിക്കാനുള്ള, 2 നമ്പരുകളിലുള്ള വാട്സ്ആപ്പ് ഉപയോഗിക്കാനാകും. ഇപ്പോൾ ചെയ്യുന്ന പോലെ ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുന്നതും, രണ്ട് ഫോണുകൾ കൊണ്ടു നടക്കുന്നതുമെല്ലാം ഇങ്ങനെ ഒഴിവാക്കാം,’ എന്ന് വാട്സ്ആപ്പ് ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.
ഒന്നിലധികം അക്കൗണ്ടുകൾ ഫോണിൽ പ്രവർത്തിക്കണമെങ്കിൽ മെറ്റ ഏതാനും നിബന്ധനകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത്, രണ്ടാമത് ചേർക്കുന്ന വാട്സ്ആപ്പ് അക്കൌണ്ടിനുള്ള നമ്പറും ആക്ടീവായിരിക്കണം എന്നതാണ്. രണ്ടാമത്തെ സിം കാർഡ് ആക്ടീവ് അല്ലാത്ത പക്ഷം നിങ്ങൾക്ക് ഈ നമ്പറിൽ ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകുന്നതല്ല. ഇ സിം ഉപയോഗിക്കുകയാണെങ്കിലും നമ്പർ ആക്ടീവായിരിക്കും എന്നത് ശ്രദ്ധിക്കുക.
ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നതിനായി ആദ്യം നിങ്ങൾ ഫോണിലെ 2 സിമ്മുകളും ആക്ടീവാണോ എന്നത് ശ്രദ്ധിക്കുക. അതായത്, ഫോണിൽ ഇൻകമിങ് മെസേജുകൾ ലഭ്യമാകുന്നുണ്ടോ എന്നതും ശ്രദ്ധിക്കുക.