ഇന്ത്യക്കാർക്ക് വാട്സ്ആപ്പ് (WhatsApp) ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ അതോടൊപ്പം നാം നിരവധി സുരക്ഷാ വെല്ലുവിളികളും ഓൺലൈനിൽ നേരിടുന്നുണ്ട്. സ്ത്രീകളാണ് കൂടുതലായും ഓൺലൈനിലെ വിവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നത്. അതിനാൽത്തന്നെ വാട്സ്ആപ്പി (WhatsApp) ന്റെ സുരക്ഷാ ഫീച്ചറുകൾ കൂടുതൽ പ്രയോജനപ്പെടുക സ്ത്രീകൾക്കാണ്. ഏവർക്കും പ്രയോജനപ്പെടുത്താവുന്ന ചില വാട്സ്ആപ്പ് (WhatsApp) ഫീച്ചറുകളെ ഇവിടെ സൂചിപ്പിക്കാം.
പല വിധത്തിൽ നിങ്ങളുടെ നമ്പർ മറ്റുള്ളവരുടെ കൈകളിലേക്ക് എത്താം. ഇങ്ങനെ ലഭിക്കുന്ന നിങ്ങളുടെ നമ്പരിലേക്ക് ചിലപ്പോൾ തുടർച്ചയായി അനാവശ്യ മെസേജുകളും ശല്യം ചെയ്യലുകളും ഉണ്ടായെന്ന് വരാം. അത്തരം ശല്യക്കാരിൽനിന്ന് രക്ഷപ്പെടാൻ അവരെ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് (WhatsApp) നൽകിവരുന്നുണ്ട്. ഏതാണ്ട് എല്ലാ വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്കും അറിയാവുന്ന ഒരു ഫീച്ചർ തന്നെയാണിത്. നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത നമ്പറാണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കിൽ ആ നമ്പർ വാട്സാപ്പി (WhatsApp) ൽ ഓപ്പൺ ചെയ്യുക. അപ്പോൾ കാണാൻ കഴിയുന്ന റിപ്പോർട്ട് സ്പാം, ബ്ലോക്ക്, ആഡ് കോൺടാക്ട് എന്നീ ഓപ്‌ഷനുകളിൽ നിന്നും ബ്ലോക്ക് തിരഞ്ഞെടുത്ത് ബ്ലോക്ക് ചെയ്യാം.
വാട്സ്ആപ്പി (WhatsApp) ലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എല്ലാ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും വോയ്‌സ് സന്ദേശങ്ങളും ഡോക്യുമെന്റുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും കോളുകളും സുരക്ഷിതമാക്കുന്നു. നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ വ്യൂ വൺസ് ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഒറ്റത്തവണ മാത്രമേ കാണാൻ സാധിക്കൂ എന്നതാണ് 'വ്യൂ വൺസ്'ഫീച്ചറിന്റെ പ്രത്യേകത.
മറ്റുള്ളവർ വിവിധ ഗ്രൂപ്പുകളിൽ നമ്മളെ അംഗമാക്കുന്നതിൽ നിന്ന് ഒഴിവാകാൻ വാട്സ്ആപ്പ് (WhatsApp)സൗകര്യം ഒരുക്കിയിട്ടുണ്ട്. വാട്സ്ആപ്പ് (WhatsApp) പ്രൈവസി ഓപ്ഷനിൽ ഗ്രൂപ്പ് വിഭാഗത്തിൽ ഇതിനുള്ള ഓപ്ഷൻ ലഭ്യമാണ്. നമ്മളെ ഒരു ഗ്രൂപ്പിൽ ആർക്കൊക്കെ ചേർക്കാം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഇവിടെ ലഭ്യമാണ്.
ഇത് നൽകുന്നതോടെ ഏതെങ്കിലും ഗ്രൂപ്പുകളിൽ നമ്മെ ചേർക്കണമെങ്കിൽ ഗ്രൂപ്പ് അഡ്മിൻ നമുക്ക് ക്ഷണം അയയ്ക്കേണ്ടിവരും. നമ്മുടെ താൽപര്യം പോലെ ഗ്രൂപ്പിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സാധിക്കുന്നു. അതേപോലെ നാം ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഗ്രൂപ്പ് അംഗങ്ങൾ അത് അറിയാതിരിക്കാനുള്ള ഓപ്ഷനും വാട്സ്ആപ്പ് (WhatsApp) നൽകിയിട്ടുണ്ട്.
വാട്സ്ആപ്പ് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷാ നൽകുന്നു. ഒരു സിം കാർഡ് മോഷ്ടിക്കപ്പെടുകയോ ഫോൺ അപഹരിക്കപ്പെടുകയോ ചെയ്താൽ വിവരങ്ങൾ നഷ്ടമാകുന്നത് തടയാൻ ഈ ആറക്ക നമ്പർ വെരിഫിക്കേഷൻ ഫീച്ചർ ഏറെ സഹായിക്കും. ഈ ഫീച്ചറുകൾ എല്ലാം തന്നെ വാട്സ്ആപ്പ് ഉപയോക്താക്കൾ നിലവിൽ ഫലപ്രദമായി ഉപയോഗിച്ച് വരുന്നവയാണ്.
ഓൺലൈൻ സുരക്ഷ ഒരു വെല്ലുവിളിയായി നിൽക്കുന്ന നമ്മുടെ നാട്ടിൽ വാട്സ്ആപ്പ് മാത്രമല്ല, ഏത് ആപ്ലിക്കേഷനുകളും ഓൺലൈൻ ഇടപാടുകളും ഉപയോഗിക്കുമ്പോഴും ലഭ്യമായിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പറ്റി അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും. പുതിയ തട്ടിപ്പുകൾ ദിവസവും വിവിധ രീതിയിൽ എത്തുമ്പോൾ അവയിൽനിന്ന് രക്ഷപ്പെടാൻ ഇത്തരം അറിവുകൾ സഹായിക്കും.