ഓരോ അപ്ഡേറ്റിലൂടെയും പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് (WhatsApp) അവതരിപ്പിക്കുന്നു. അടുത്തിടെ വന്ന അപ്ഡേറ്റിലൂടെ ആപ്പിലെ ചാറ്റിൽ ഒരുമിച്ച് അയക്കാവുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും എണ്ണം 100 ആയി ഉയർത്തിയിരുന്നു. ഷെയർ ചെയ്യുന്ന ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഫീച്ചറും അടുത്തിടെ വാട്സ്ആപ്പി(WhatsApp)ൽ വന്നു. ഇനിയിതാ വാട്സ്ആപ്പിൽ വളരെ ഉപകാരപ്രദമായ ഒരു ഫീച്ചർ കൂടി വരാൻ പോവുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആർക്കെങ്കിലും ഒരു മെസ്സേജ് അയച്ചാൽ അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ഡിലീറ്റ് ഫോർ എവരിവൺ കൊടുത്ത് പൂർണമായും ഡിലീറ്റ് ചെയ്ത് പുതിയ മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കുകയാണ് ചെയ്യാറ്. എന്നാൽ വാട്സ്ആപ്പി (WhatsApp)ൽ വരാൻ പോകുന്ന പുതിയ ഫീച്ചർ ഈ ബുദ്ധിമുട്ട് ഒഴിവാക്കും. നമ്മൾ അയച്ച മെസേജുകൾ അയച്ച് കഴിഞ്ഞും എഡിറ്റ് ചെയ്യാനുള്ള (edit sent messages) സൗകര്യമാണ് ഇനി വരുന്നത്.
അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറിൽ വാട്സ്ആപ്പിന്റെ ഡെവലപ്പർമാർ പ്രവർത്തിക്കുന്നു എന്നും വൈകാതെ തന്നെ ഈ ഫീച്ചർ ലഭ്യമാകുന്ന അപ്ഡേറ്റ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഫീച്ചർ പുറത്തിറങ്ങി കഴിഞ്ഞാൽ അയക്കുന്ന മെസേജുകളിൽ തെറ്റുകൾ വന്നാലും നമുക്ക് വീണ്ടും എഡിറ്റ് ചെയ്യാൻ സാധിക്കും. പല മെസേജിങ് ആപ്പുകളും ഇത്തരം ഫീച്ചർ നൽകുന്നുണ്ട്.
അയച്ച മെസേജുകൾ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ളതായിരിക്കും പുതിയ എഡിറ്റ് മെസേജ് ഫീച്ചർ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മെസ്സേജിലെ ഏതെങ്കിലും തെറ്റ് തിരുത്താനോ മെസേജിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനോ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അയച്ച മെസേജുകൾ ചാറ്റിൽ നിന്നും ഡിലീറ്റ് ചെയ്യാൻ ഇതിനകം തന്നെ വാട്സ്ആപ്പ് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ നൽകുന്നുണ്ട്.
മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പിൽ മാത്രം സപ്പോർട്ട് ചെയ്യും. മെസേജുകൾ മാത്രമേ ഇത്തരത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കൂ എന്നും മീഡിയകൾക്കൊപ്പമുള്ള അടിക്കുറിപ്പുകൾ അയച്ച ശേഷം എഡിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഐഒഎസ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരു പുതിയ ഫീച്ചറും പരീക്ഷിക്കുന്നുണ്ട്. ഈ ഫീച്ചറിലൂടെ ഇമേജ് ക്വാളിറ്റി മാറ്റാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ് എന്നും വൈകാതെ തന്നെ ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
വാട്സ്ആപ്പ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. അയച്ച മെസേജിൽ ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ ഡിലീറ്റ് ഫോർ എവരിവൺ കൊടുത്ത് മെസേജ് ഇല്ലാതാക്കിയാൽ ദിസ് മെസേജ് ഡിലീറ്റഡ് എന്ന് ചാറ്റിൽ എഴുതികാണിക്കുന്നുണ്ട്. ഇത്തരത്തിൽ അയച്ച മെസേജ് എഡിറ്റ് ചെയ്താൽ ഇത് എഡിറ്റ് ചെയ്ത മെസേജാണ് എന്ന് കാണിക്കാനും സാധ്യതയുണ്ട്.