സുരക്ഷിതമായി Telegram ഉപയോഗിക്കാൻ 8 ടിപ്സുകൾ ഇതാ…

Updated on 03-Jan-2023
HIGHLIGHTS

ടെലിഗ്രാമിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാൻ സാധിക്കും

ഇതിന് സെറ്റിങ്സിൽ ചില മാറ്റങ്ങൾ നടത്തിയാൽ മതി

സുരക്ഷിതമായി ടെലിഗ്രാം ഉപയോഗിക്കാനുള്ള ടിപ്സുകളിതാ...

ഓൺലൈനിൽ ആശയവിനിമയം നടത്തുന്നതിനുള്ള മികച്ച ആപ്ലിക്കേഷനാണ് ടെലിഗ്രാം (Telegram). അതുപോലെ ചിലരെല്ലാം പഴയ സിനിമകളും ചലച്ചിത്ര ഗാനങ്ങളും മറ്റ് വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കുന്നു. മൊബൈലിലും കമ്പ്യൂട്ടറിലും ഒരുപോലെ ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു. എന്നാൽ മറ്റ് മെസേജിങ് ആപ്ലിക്കേഷൻ പോലെ ഇത് സുരക്ഷിതമല്ലെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ടെലിഗ്രാം സുരക്ഷിതമായി (safety in Telegram) ഉപയോഗിക്കാൻ ചില സൂത്രവിദ്യകളുണ്ട്. അത്തരത്തിലുള്ള എട്ട് ടിപ്സുകളാണ് ചുവടെ വിവരിക്കുന്നത്.

ഫോൺ നമ്പർ സുരക്ഷിതമാക്കുക

ടെലിഗ്രാമിൽ ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുന്നു. അത് ഡിഫോൾട്ടായി എല്ലാവർക്കും ദൃശ്യമാകുന്നു. ഗ്രൂപ്പുകളിൽ നിന്നും അല്ലെങ്കിൽ നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് ആക്‌സസ് ഉള്ളവർക്കും നിങ്ങളുടെ ഫോൺ നമ്പർ കാണാനാകും എന്നാണ് ഇതിനർഥം. ഇങ്ങനെ ഫോൺ നമ്പർ പരസ്യമാകുന്നത് വ്യക്തിഗത വിവരങ്ങളെയും സുരക്ഷയെയും ബാധിക്കും. ഇതിന്റെ പരിണിത ഫലങ്ങൾ എന്തെല്ലാമെന്നാൽ, ആർക്കും നിങ്ങളെ ബന്ധപ്പെടാൻ സാധിക്കും. മാത്രമല്ല, സ്‌കാം ചെയ്യുന്നതിനും അതുമല്ലെങ്കിൽ നിങ്ങൾക്ക് പോലും അറിയാത്ത ആളുകൾക്ക് വിവരങ്ങൾ കൈമാറുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ സ്വകാര്യമാക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യം. ഇതിന് നിങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ:

  • ടെലിഗ്രാം തുറന്ന് സെറ്റിങ്സ് ടാപ്പുചെയ്യുക.
  • പ്രൈവസി & സെക്യൂരിറ്റി തെരഞ്ഞെടുക്കുക.
  • പ്രൈവസി വിഭാഗത്തിൽ ഫോൺ നമ്പറിലേക്ക് പോകുക.
  • എന്റെ ഫോൺ നമ്പർ ആർക്കൊക്കെ കാണാൻ കഴിയും എന്ന വിഭാഗത്തിൽ, എന്റെ കോണ്ടാക്റ്റുകൾ അല്ലെങ്കിൽ None തെരഞ്ഞെടുക്കുക.
  • None ടാപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു ഓപ്ഷൻ കാണിക്കും. എന്റെ നമ്പർ പ്രകാരം ആർക്കൊക്കെ എന്നെ കാണാം എന്ന വിഭാഗത്തിൽ, പരിചയമില്ലാത്ത ആളുകളെ ഒഴിവാക്കാൻ മൈ കോണ്ടാക്റ്റ്സ് ടാപ്പ് ചെയ്യുക.

റാൻഡം ഗ്രൂപ്പുകളിൽ ചേരരുത്

ഒരു പൊതു ടെലിഗ്രാം പ്രൊഫൈൽ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സമീപത്തുള്ള ആളുകളും ഗ്രൂപ്പുകളും ആക്സസ് ചെയ്യാൻ സാധിക്കും. ഗ്രൂപ്പ് അഡ്മിന് അവരുടെ ഉപയോക്തൃനാമം വഴി ആരെയും ഉൾപ്പെടുത്താനും കഴിയും. ഗ്രൂപ്പിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്തതിനാൽ ഇത് സുരക്ഷിതമല്ലായിരിക്കാം. അതിനാൽ നിങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പ് സെറ്റിങ്സ് മാറ്റുകയും നിങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും വേണം.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കീഴിൽ, ഗ്രൂപ്പുകളിലേക്കും ചാനലുകളിലേക്കും പോകുക.
Who Can Add Me എന്ന വിഭാഗത്തിൽ, മൈ കോണ്ടാക്റ്റ്സ് ടാപ്പ് ചെയ്യുക. അതുപോലെ ഏതെങ്കിലും കോണ്ടാക്റ്റുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആ നമ്പറുകളും സെലക്ട് ചെയ്യാം.

വിശ്വസനീയമായ ലിങ്കുകൾ മാത്രം ക്ലിക്ക് ചെയ്യുക

നിങ്ങൾക്ക് ഗ്രൂപ്പുകളിലോ ചാറ്റുകളിലോ ഏതെങ്കിലും ലിങ്ക് ലഭിക്കുകയാണെങ്കിൽ, കൗതുകത്താൽ അതിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾക്ക് പരിചയമില്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ അപകടമാണ്. ഇങ്ങനെ ലിങ്കുകൾ തുറക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമായിരിക്കാം.

അല്ലെങ്കിൽ ആ ലിങ്കിലൂടെ ആരെങ്കിലും നിങ്ങളുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്‌തേക്കാം. റാൻഡം ടെലിഗ്രാം അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ട മികച്ച മാർഗം. അതുപോലെ തന്നെ, വിശ്വസനീയമായ ഗ്രൂപ്പുകളിൽ നിന്ന് വരുന്ന ലിങ്കായാലും, തുറക്കുന്നതിന് മുമ്പ് അത് സുരക്ഷിതമാണോ അല്ലെയോ എന്ന് ഉറപ്പിക്കുന്നത് നല്ലതാണ്.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക

നിങ്ങൾ ഒരു പുതിയ മൊബൈലിൽ നിന്നോ സിസ്റ്റത്തിൽ നിന്നോ ടെലിഗ്രാമിൽ ലോഗിൻ ചെയ്യുമ്പോൾ, അത് നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു കോഡ് അയയ്ക്കുന്നു. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ അധിക സുരക്ഷാ ഫീച്ചർ നിങ്ങളുടെ ആപ്പ് ഡാറ്റയെ സംരക്ഷിക്കുന്നു. ഒരു പുതിയ ഉപകരണത്തിൽ നിന്ന് ടെലിഗ്രാമിലേക്ക് ലോഗിൻ ചെയ്യുമ്പോൾ, നിങ്ങൾ ഒടിപി നൽകണം. നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ടിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കാൻ:

  • സെറ്റിങ്സിലേക്ക് പോയി പ്രൈവസി & സെക്യൂരിറ്റി ഓപ്പൺ ചെയ്യുക.
  • ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ടാപ് ചെയ്‌ത് സെറ്റ് അഡീഷണൽ പാസ്‌വേഡ് തെരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഇഷ്ടാനുസരണം പാസ്‌വേഡ് നൽകുക. വളരെ പ്രയാസമുള്ള ഒരു Password ആണെങ്കിൽ നല്ലത്.
  • നിങ്ങളുടെ റിക്കവർ ഇമെയിൽ നൽകി ആ ഇമെയിലിൽ നിങ്ങൾക്ക് ലഭിച്ച കോഡ് നൽകുക. നിങ്ങളുടെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സംവിധാനം പ്രവർത്തനക്ഷമമാകുന്നു.

പ്രൊഫൈൽ ചിത്രം സ്വകാര്യമാക്കാം

ആവശ്യമുള്ളവർ മാത്രം പ്രൊഫൈൽ ചിത്രം എല്ലാവർക്കും കാണാനാവുന്ന തരത്തിൽ ക്രമീകരിച്ചാൽ മതി. അതായത്, നിങ്ങളുടെ ടെലിഗ്രാം പ്രൊഫൈൽ ചിത്രത്തിന്റെ സ്വകാര്യത സെറ്റ് ചെയ്യുന്നതിനായി…

  • പ്രൈവസി & സെക്യൂരിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • പ്രൊഫൈൽ ഫോട്ടോ തെരഞ്ഞെടുക്കുക.
  • എന്റെ പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാൻ കഴിയും എന്ന വിഭാഗത്തിലേക്ക് പോയി മൈ കോണ്ടാക്റ്റ്സ് ടാപ്പ് ചെയ്യുക.
  • അടുത്തതായി, കോണ്ടാക്റ്റ് ലിസ്റ്റിലെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം പങ്കിടാൻ താൽപ്പര്യമില്ലാത്ത ആളുകളെ തെരഞ്ഞെടുക്കുക.

സംശയാസ്പദമായ ആളുകളെ നിയന്ത്രിക്കാം

ടെലിഗ്രാമും മറ്റ് മെസേജിങ് ആപ്പുകളും ചിലപ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. അതിനാൽ, ആപ്പിലെ സംശയാസ്പദമായ ചില ഉപയോക്താക്കളിലേക്ക് നിങ്ങൾ ചെന്ന് അകപ്പെട്ടേയ്ക്കാം.
ടെലിഗ്രാമിൽ ഇങ്ങനെ ആരെയെങ്കിലും തടയുന്നത് വളരെ ലളിതമാണ്. ഒരു iOS, Android അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ഉപകരണത്തിൽ നിന്ന് അത് ചെയ്യാൻ സാധിക്കും. നിങ്ങൾ ആരെയെങ്കിലും ടെലിഗ്രാമിൽ ബ്ലോക്ക് ചെയ്യുമ്പോൾ, മറ്റൊരാൾക്ക് നിങ്ങളുടെ പ്രൊഫൈൽ ചിത്രമോ ബന്ധപ്പെടാനുള്ള വിശദാംശങ്ങളോ കാണാൻ കഴിയില്ല. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളെ ബന്ധപ്പെടാനും അവർക്ക് സാധിക്കുന്നതല്ല.

കോൾ, മെസേജ് സെറ്റിങ്സ് മാറ്റുക

നിങ്ങളുടെ പ്രൊഫൈലിലേക്കോ ഫോൺ നമ്പറിലേക്കോ ആക്‌സസ് ഉള്ള ആർക്കും ടെലിഗ്രാമിൽ നിങ്ങളെ ബന്ധപ്പെടാം. നിങ്ങളുടെ കോൾ, മെസേജ് സെറ്റിങ്സ് മാറ്റുന്നതിലൂടെ, തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രം നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു നിയന്ത്രിത അന്തരീക്ഷം നിങ്ങൾക്ക് സൃഷ്ടിക്കാനാകും.

  • ഇതിനായി പ്രൈവസി & സെക്യൂരിറ്റി എന്ന വിഭാഗത്തിൽ, കോളുകൾ ടാപ്പ് ചെയ്യുക.
  • ആർക്ക് എന്നെ വിളിക്കാം എന്ന വിഭാഗത്തിന് കീഴിൽ, നിങ്ങളുടെ കോൾ സെറ്റിങ്സ് എവരിബഡി എന്നതിൽ നിന്ന് മൈ കോണ്ടാക്റ്റ്സ് അല്ലെങ്കിൽ None എന്നതിലേക്ക് മാറ്റുക.
  • നിങ്ങളുടെ IP വിലാസം മറയ്‌ക്കാൻ, പിയർ-ടു-പിയർ എന്നതിന് കീഴിൽ Never എന്നത് തെരഞ്ഞെടുക്കുക.

ആപ്പ് ആക്‌സസ് ചെയ്യാൻ ഒരു പാസ്‌കോഡ് ഉണ്ടാക്കുക

ടെലിഗ്രാമിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ചാറ്റുകൾ, കോളുകൾ, നിങ്ങളുടെ കോൺടാക്റ്റുകൾ നിങ്ങളെ വിശ്വസിക്കുന്ന ഡാറ്റ എന്നിവ അടങ്ങിയിരിക്കുന്നു. ടെലിഗ്രാം ആക്‌സസ് ചെയ്യാൻ പാസ്‌കോഡ് പോലെയുള്ള ഒരു അധിക സുരക്ഷാ കവർ നിങ്ങൾ ഉൾപ്പെടുത്തണം.

കൂടുതൽ വാർത്തകൾ: ഒരേ WhatsApp രണ്ട് മൊബൈലുകളിൽ! എങ്ങനെയെന്നല്ലേ?

ഇതിനായി പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ തെരഞ്ഞെടുത്ത് പാസ്‌കോഡും ഫേസ് ഐഡിയും തുറക്കുക. പാസ്കോഡ് On ടാപ്പ് ചെയ്യുക. അടുത്തതായി, നിങ്ങൾക്ക് നാലക്ക കോഡ് വേണോ അക്കങ്ങളുടെയും അക്ഷരങ്ങളുടെയും ഇഷ്‌ടാനുസൃത കോമ്പിനേഷൻ വേണോ എന്ന് തെരഞ്ഞെടുക്കാൻ പാസ്‌കോഡ് ഓപ്‌ഷനുകൾ സെലക്ട് ചെയ്യാം. ഈ കോഡ് രണ്ട് തവണ നൽകണം.

ഇതിന് പുറമെ, ടെലിഗ്രാമിൽ കോണ്ടാക്റ്റ് സിൻക്രൊണൈസേഷൻ സംവിധാനവുമുണ്ട്. അതായത്, നിങ്ങളുടെ ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള ആളുകളെ നിങ്ങളുടെ ടെലിഗ്രാം (Telegram) അക്കൗണ്ടിലേക്ക് പതിവായി ചേർക്കുന്നു എന്നാണ് അത് അർഥമാക്കുന്നത്. 

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :