ഇന്ത്യയുടെ ടെലികോം സേവന രംഗത്തേക്ക് മറ്റൊരു വിപ്ലവ കരമായ ചുവടുവയ്പ്പുമായി Reliance Jio. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇപ്പോഴിതാ രാജ്യത്തെ ആദ്യ സാറ്റലൈറ്റ് അധിഷ്ഠിത ഗിഗാ ഫൈബർ സേവനവും അവതരിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023ലാണ് JioSpaceFiber പ്രദർശനം നടന്നത്.
ജിയോ ഫൈബറും, ജിയോ എയർ ഫൈബറും പുറത്തിറക്കി ഓരോ വീടുകൾക്കും കുറഞ്ഞ പൈസയിൽ കണക്റ്റിവിറ്റി നൽകുന്ന സേവനം ഇതിനകം റിലയൻസ് കൊണ്ടുവന്നിരുന്നു. ഇതിൽ തന്നെ എവിടേക്കും എടുത്തുകൊണ്ടുപോകാനാകുന്ന എയർഫൈബർ വിപ്ലവകരമായ ഒരു സേവനമാണെന്ന് തന്നെ പറയാം. ഇതിന് പുറമെയാണ് റിലയൻസ് ജിയോ ഇപ്പോൾ ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ മുൻനിര ശ്രേണിയിലേക്ക് ജിയോസ്പേസ്ഫൈബറും എത്തിച്ചിരിക്കുന്നത്.
വിദൂര പ്രദേശങ്ങളിലേക്കും ഇപ്പോഴും പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾ എത്തപ്പെടാത്ത ദേശങ്ങളിലേക്കും വേഗതയേറിയതും വിശ്വസനീയവുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിന് ജിയോയുടെ സ്പേസ് ഫൈബർ വിനിയോഗിക്കാം.
അതും ഏറ്റവും ചെലവ് കുറഞ്ഞ നിരക്കിലാണ് ഇത് ഇന്ത്യക്കാർക്കായി എത്തിക്കുന്നത് എന്നതിനാൽ സാധാരണക്കാർക്ക് അതിവേഗ കണക്റ്റിവിറ്റി ലഭിക്കാൻ എന്തുകൊണ്ടും ജിയോ സ്പേസ് ഫൈബർ ഒരു ഉത്തേജനമാകും. 2022 സെപ്തംബറിലാണ് റിലയൻസ് ജിയോ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഇതിനായുള്ള അനുമതി നേടി.
മുമ്പ് പറഞ്ഞ പോലെ രാജ്യത്തെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായാണ് ഒരുക്കുന്നത്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബരംഗ്പൂർ, അസമിലെ ഒഎൻജിസി-ജോർഹത്ത് എന്നിവിടങ്ങളിൽ ജിയോസ്‌പേസ് ഫൈബർ കണക്ഷൻ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.
മീഡിയം എർത്ത് ഓർബിറ്റ് അഥവാ MEO എന്ന ലോകത്തിലെ ഏറ്റവും പുതിയ സാറ്റലൈറ്റ് ടെക്നോളജിയിലേക്ക് ആക്സസ് ലഭിക്കുന്നതിന് റിലയൻസ് ജിയോ SESമായാണ് പങ്കാളിത്തം ഉണ്ടാക്കിയിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഗിഗാബൈറ്റ് ഫൈബർ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് നിലവിലുള്ള ഏക സാങ്കേതിക വിദ്യ MEO ആണെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഈ സാങ്കേതിക വിദ്യയ്ക്കായി എസ്ഇഎസ്സുമായി കൈകോർത്തതിനാൽ ജിയോയ്ക്ക് തങ്ങളുടെ സ്പേസ് ഫൈബറിലൂടെ O3b, O3b mPOWER സാറ്റലൈറ്റുകളിലേക്കും ആക്സസ് ലഭിക്കുന്നതാണ്.
മുമ്പ് റിലയൻസ് കൊണ്ടുവന്നിട്ടുള്ള ജിയോ ഫൈബറിൽ നിന്ന് വ്യത്യസ്തമായി, ഈ ജിയോ സ്പേസ് ഫൈബർ വയർലെസ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഉപഗ്രഹത്തിലേക്ക് തന്നെ നേരിട്ട് കണക്ഷൻ നൽകുന്നതിനാൽ, വീടുകളിൽ ഫിക്‌സഡ്-ലൈൻ ബ്രോഡ്‌ബാൻഡ് കണക്ഷൻ സ്പേസ് ഫൈബറിന് ആവശ്യമില്ല.
അതിനാലാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് കണക്റ്റിവിറ്റി കൂടുതൽ എളുപ്പമാക്കുന്നതും.
മൊബൈൽ ബാക്ക്‌ഹോളിന്റെ കപ്പാസിറ്റിയെ പിന്തുണയ്ക്കുന്നതിനും, ഗ്രാമപ്രദേശങ്ങളിൽ വരെ ജിയോ ട്രൂ5G ലഭ്യമാക്കുന്നതിനും ജിയോയുടെ ഈ ഉപഗ്രഹാധിഷ്ഠിത ഫൈബർ സേവനം സഹായകരമാകും.