Power Bank നിങ്ങളുടെ Smartphone-ന്റെ ബെസ്റ്റ് ഫ്രണ്ടാണല്ലേ? സ്മാർട്ഫോണുകൾക്ക് മാത്രമല്ല സ്മാർട് വാച്ചുകളിലും ഇയർപോഡുകളിലും പവർ ബാങ്ക് ഉപയോഗിക്കാറുണ്ട്. നമ്മൾ അടിയന്തര ചാർജറായാണ് പവർ ബാങ്കിനെ ഉപയോഗിക്കാറുള്ളത്. പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോഴോ വൈദ്യുതി പ്രശ്‌നങ്ങൾ നേരിടുന്ന സമയത്തോ ഉപയോഗിക്കുന്നു.
എന്നാലും ചാർജ് ചെയ്യാവുന്ന ഏതൊരു ഉപകരണത്തെയും പോലെ, പവർ ബാങ്കുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങളുണ്ട്. ഫോൺ പൊട്ടിത്തെറിക്കുന്ന പോലെ സ്ഫോടന സ്വഭാവം പവർ ബാങ്കുകൾക്കുമുണ്ട്. അതിനാൽ, പവർ ബാങ്ക് ഉപയോഗിക്കുമ്പോഴോ ചാർജ് ചെയ്യുമ്പോഴോ ചില മുൻകരുതലുകളും അത്യാവശ്യമാണ്.
യുഎസ്സിൽ പവർ ബാങ്കിൽ തീപിടിച്ച ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ (Li-ion) ബാറ്ററിയാണ് പ്രധാന കാരണം. ഇവ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായാണ് ഉപയോഗിക്കുന്നത്. എന്നാലും പലപ്പോഴും നമുക്ക് അപകടം സംഭവിക്കാനും കാരണമാകുന്നു.
ഇവ ദീർഘനേരം വൈദ്യുതോർജ്ജം സംഭരിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ്. എന്നാൽ ചില രാസപ്രവർത്തനങ്ങളാൽ, പവർ ബാങ്കിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. ഷോർട്ട് സർക്ക്യൂട്ടുകളിൽ ചാർജ് ചെയ്യുമ്പോഴുള്ള അപകടം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്ത് ഉപകരണവും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമാണ്. അതിനാൽ പവർ ബാങ്ക് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നത് അറിഞ്ഞിരിക്കുക.
നിങ്ങൾ പവർ ബാങ്കിന് ഏത് ചാർജ് അഡാപ്റ്ററും തെരഞ്ഞെടുക്കരുത്. പവർ ബാങ്കിന്റെ ചാർജിങ് കപ്പാസിറ്റി അനുസരിച്ചായിരിക്കണം ചാർജിംഗ് അഡാപ്റ്റർ തെരഞ്ഞെടുക്കേണ്ടത്. 10W മുതൽ 22.5W വരെയുള്ള സാധാരണ ചാർജറാണ് ഇതിന് അനുയോജ്യം. ചില പവർ ബാങ്കുകളും ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇത്തരത്തിലുള്ള ഹൈ-പവർ ബാങ്കുകൾക്ക് കൂടിയ അഡാപ്റ്റർ തന്നെയാണ് അനുയോജ്യം.
ചാർജ് ചെയ്യുമ്പോൾ പവർ ബാങ്ക് അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ഇടയ്ക്കിടെ നിങ്ങൾ പവർ ബാങ്ക് പരിശോധിക്കുന്നത് നല്ലതാണ്. ഇതിന് ചൂട് അനുഭവപ്പെടുകയാണെങ്കിൽ, പവർ ബാങ്ക് വിച്ഛേദിക്കുക.
അതുപോലെ പോർട്ടുകളും പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്. ഫോണോ പവർ ബാങ്കോ ചാർജ് ചെയ്യുന്നതിന് മുമ്പ്, നൽകിയിരിക്കുന്ന പോർട്ടുകൾ പരിശോധിക്കുക. പ്രത്യേകിച്ച് ഫോൺ നനവുണ്ടോ, പോർട്ടിൽ വെള്ളം കേറിയിട്ടുണ്ടോ എന്നൊക്കെ നിരീക്ഷിക്കണം. പവർ ബാങ്കിന്റെ പോർട്ടും ഈർപ്പമില്ലാത്തതാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഇങ്ങനെ ഈർപ്പം വരുന്നത് ഷോർട്ട് സർക്യൂട്ടുകളുടെ അപകടസാധ്യത വർധിപ്പിക്കും. പോർട്ടുകൾ ഉണങ്ങിയ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.
മറ്റൊരു പ്രധാന കാര്യം പവർ ബാങ്ക് വെയിലത്ത് വയ്ക്കരുത്. ഇത് ലിഥിയം-അയൺ ബാറ്ററികളുടെ സ്ഫോടനാത്മകമായ സ്വഭാവത്തിന് വഴിയൊരുക്കും. പവർ ബാങ്ക് ഉയരത്തിൽ നിന്ന് വീഴാതിരിക്കാനും ശ്രദ്ധിക്കണ. ഒരുപാട് പഴകിയ പവർ-ബാങ്ക് ഉപയോഗിക്കുന്നതും അപകട സാധ്യതയുണ്ടാക്കും.
പവർ ബാങ്ക് വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഫോണിൽ 10 ശതമാനം ചാർജ് മാത്രമാണുള്ളത്, അത്രയും അടിയന്തര ആവശ്യമാണെങ്കിൽ മാത്രം ചാർജ് ചെയ്യുക. കഴിവതും നിങ്ങൾ സാധാരണ ചാർജിങ് ഉപയോഗിക്കുന്നതാണ് നല്ലത്.
എപ്പോഴും പവർ ബാങ്ക് മാത്രം ചാർജ് ചെയ്യുന്നത് സ്മാർട്ഫോണിന്റെ ബാറ്ററിയെ ബാധിക്കും. Power bank charging ഫോൺ ചൂടാകുന്നതിനും കാരണമാകുന്നു. അതുപോലെ ഫോൺ ഒട്ടിച്ച് വച്ച് ചാർജ് ചെയ്യാതിരിക്കുക.