ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരണപ്പെട്ട ദാരുണസംഭവം അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു. വേനൽക്കാലമാണ്, ഫോൺ വേഗം ചൂടുപിടിക്കുമെന്നും പൊട്ടിത്തെറിക്കുമെന്നും ഇതിന് പിന്നാലെ ഊഹാപോഹങ്ങളും ഉയർന്നു. എന്നാൽ, ശരിക്കും ഫോൺ പൊട്ടിത്തെറി (phone blast)ക്കാനുള്ള കാരണമെന്തെന്ന് അറിയാമോ? ഫോൺ അമിതമായി, തുടർച്ചയായി ഉപയോഗിക്കുന്നതും ഫോണിലെ ബാറ്ററിയിലെ ചില പ്രശ്നങ്ങളും ഇത്തരം സംഭവങ്ങൾക്ക് കാരണമായേക്കാം.
കുട്ടികളും മറ്റും അവധിക്കാലത്തിമർപ്പിലായതിനാൽ തന്നെ ഫോണിൽ അധിക സമയം ചെലവഴിക്കാനും സാധ്യതയേറെയാണ്. അതിനാൽ തന്നെ ഫോണിൽ നിന്നുണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത അപകടങ്ങളെ എങ്ങനെ ചെറുക്കാമെന്ന് മനസിലാക്കാം.
ഫോൺ ചാർജ് ചെയ്യുമ്പോൾ നിങ്ങൾ വരുത്തുന്ന ചില പിഴവുകൾ വിപത്തുകളിലേക്ക് നയിച്ചേക്കാം. ഫോണിന്റെ അംഗീകൃത ചാർജറുകളും കേബിളുകളും മാത്രം ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കുക. വിലകുറഞ്ഞതോ മറ്റ് ലോക്കൽ ചാർജറുകളോ ഉപയോഗിക്കുന്നതിലൂടെ അമിത ചാർജിങ്ങിനും, അമിതമായി ചൂടാകുന്നതിനും, ഫോൺ പൊട്ടിത്തെറിക്കുന്നതിനും കാരണമായേക്കാം.
കൂടാതെ, ഫോൺ ചാർജിങ്ങിലുള്ളപ്പോൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ഫോൺ അമിതമായി ചാർജ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ പൂർണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ, അത് ചാർജറിൽ നിന്ന് അൺപ്ലഗ് ചെയ്യുക. ചാർജ് ചെയ്യുമ്പോൾ മൊബൈൽ തലയിണയ്ക്കടിയിലോ മറ്റ് മൃദുവായ പ്രതലങ്ങളിലോ വയ്ക്കരുത്. ഇങ്ങനെ ചെയ്താൽ ഫോൺ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്.
ഫോണിന്റെ ബാറ്ററിയും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഫോൺ വെള്ളത്തിലും മറ്റും വീഴാതെ സൂക്ഷിക്കുക. വെള്ളത്തിൽ വീണ ഫോൺ വെയിലത്ത് വച്ച് ഉണക്കുന്നത് ശാസ്ത്രീയമായി ഒരു പരിഹാരമല്ല. പകരം ഏതെങ്കിലും സർവ്വീസ് സെന്ററിൽ കാണിച്ച് ഫോൺ ശരിയാക്കുക. ഫോണിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും സർവ്വീസ് സെന്ററിൽ കൊടുത്ത് പരിശോധിക്കുക.
ചൂടുകാലത്ത് ഫോൺ കൂടുതലും ചൂടാകുമെന്ന് പറയാൻ സാധിക്കില്ല. എങ്കിലും സൂര്യപ്രകാശം ഒരുപാട് ഏൽക്കാൻ അനുവദിക്കരുത്. നിങ്ങളുടെ ഫോൺ ചൂടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ഓഫ് ചെയ്യുക. കൂടാതെ കുറേ നേരം ഫോണിൽ നിന്ന് ചൂട് പോകുന്നത് വരെ അത് വെറുതെ വയ്ക്കുക. ഇതിനെല്ലാം പുറമെ, ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നും മറ്റ് ചൂടുള്ള പ്രതലങ്ങളിൽ നിന്നും അകറ്റി നിർത്തുക. ഫോൺ കാറിലോ ഡാഷ്‌ബോർഡിലോ വയ്ക്കുന്നതും ഒഴിവാക്കുക. വേനൽക്കാലങ്ങളിൽ കാറും മറ്റും ചൂട് പിടിക്കുന്നത് കൂടുതലായതിനാൽ, ഫോണിനും ഇത് ദോഷം ചെയ്യും.
ഫോണിനകത്തും ചില മുൻകരുതലുകൾ ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. അതായത്, ഫോണിലെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തരുത്. കാരണം, phone software അപ്ഡേറ്റ് ചെയ്യുമ്പോൾ അതിൽ ബഗ് പരിഹാരങ്ങളും സുരക്ഷാ പാച്ചുകളും ഉണ്ടായിരിക്കും. ഇത് ഫോൺ അമിതമായി ചൂടാകാതെ സൂക്ഷിക്കുന്നു. അതുപോലെ വീർത്ത ബാറ്ററിയുള്ള ഫോണുകളോ, ഒരുപാട് സമയം ഉപയോഗിച്ച ഫോണോ, പഴയ ഫോണോ ഒന്നും കുട്ടികൾക്ക് നൽകാതിരിക്കാനും ശ്രദ്ധിക്കണം.