കോടീശ്വരന്മാർ പോലും വാങ്ങാത്ത, സ്വർണവും രത്നങ്ങളും കൊണ്ട് നിർമിച്ച ഫോൺ!
ലോകത്തെ ഏറ്റവും വില കൂടിയ ഫോൺ ശതകോടീശ്വരന്മാർ പോലും വാങ്ങില്ല
എന്നാൽ ഫോൺ സ്വർണവും രത്നങ്ങളും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്
അതുപോലെ ഫോൺ വിൽക്കുന്നതിലുമുണ്ട് കൗതുകവും രസകരവുമായ ചില കാര്യങ്ങൾ...
ലോകത്തെ ഏറ്റവും വില കൂടിയ ഫോണുകൾ (World’s Most Expensive phones) ആപ്പിളിനാണ് എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? അത്യാകർഷകമായ ഡിസൈനിലും നൂതന സാങ്കേതിക വിദ്യകളിലുമെല്ലാം iPhoneനെ മറികടക്കാൻ കുറച്ച് പ്രയാസമാണെങ്കിലും, വിലയെ വെല്ലുന്ന മറ്റൊരു എതിരാളിയുണ്ട്. എന്നാൽ ഇതിൽ കൗതുകകരമായത് പറയട്ടെ, ഇത്രയും വില കൂടിയ ഫോൺ ശതകോടീശ്വരന്മാർ പോലും വാങ്ങില്ല എന്നതാണ്.
ആഡംബര ഫോൺ ബ്രാൻഡായി പേരുകേട്ട വെർച്യുവിന്റെ ഫീച്ചർ ഫോണിനാണ് കോടിയിലധികം രൂപ വില വരുന്നത്. Vertuവിന്റെ സിഗ്നേച്ചർ കോബ്ര ലിമിറ്റഡ് എഡിഷൻ ഫോണിന് അത് വിപണിയിൽ എത്തുന്ന സമയത്ത് ഏകദേശം 2.3 കോടി രൂപയായിരുന്നു വില. ഇത്രയധികം വില വരാൻ ഫോണിൽ അത്യാധുനിക ടെക്നോളജികൾ ഉണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. വില കൂടിയ ഫോൺ എന്ന പ്രശസ്തിയുണ്ടെന്ന് മാത്രം.
അങ്ങനെയെങ്കിൽ പിന്നെ എന്താണ് Vertuവിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ പറയാം… രത്നവും സ്വർണവും കൊണ്ടാണ് ഫോൺ നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ Vertu കോബ്ര ലിമിറ്റഡ് എഡിഷൻ ഫോണിന് ചുറ്റും പാമ്പിന്റെ ഡിസൈനും മറ്റും വരുന്നു. ഇതിലെല്ലാം വിലപിടിപ്പുള്ള രത്നങ്ങളും മറ്റുമാണ് പതിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് ജ്വല്ലറി ബ്രാൻഡായ ബൗച്ചറോൺ ആണ് വെർച്യു സിഗ്നേച്ചർ കോബ്ര ഡിസൈൻ ചെയ്തിരിക്കുന്നത്. 439 രത്നങ്ങളാണ് ഫോണിലെ കോബ്ര ഡിസൈനിൽ പതിപ്പിച്ചിരിക്കുന്നത്. കോബ്രയുടെ കണ്ണുകൾ മരതകം കൊണ്ട് നിർമിച്ചിരിക്കുന്നു.
എന്നാൽ, കോടിക്കണക്കിന് പൈസയുണ്ടെങ്കിലും ആരും വാങ്ങാൻ സാധ്യതയില്ലെന്ന് പറയാൻ കാരണം, ഇത് വെറും ഫീച്ചർ ഫോണാണ് എന്നത് തന്നെ. വെർച്യു സിഗ്നേച്ചർ ഫോണിനകത്ത് ഒരു ആൻഡ്രോയിഡ് ആപ്പോ, iOS ആപ്പോ ഒന്നുമില്ല. നമ്മുടെ പഴയകാല ഫോണുകൾ പോലെ ടെക്സ്റ്റ് മെസേജിനും, ഫോൺ കോളിനും തുടങ്ങിയ ബേസിക് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ഫോൺ ഡെലിവറിയും കേട്ടാൽ രസകരം
വിലയിൽ മാത്രമല്ല Vertu വ്യത്യസ്തനാകുന്നത്. അതിന്റെ ഡെലിവറി എങ്ങനെയാണെന്നതും അൽപ്പം രസകരമായ കാര്യമാണ്. വെർച്യു സിഗ്നേച്ചർ ഫോൺ വാങ്ങുന്നവർക്ക് ഹെലികോപ്റ്റർ വഴിയാണ് ഫോൺ എത്തിക്കുന്നത്.
ഇത്രയും വിലയുള്ള ഫോണിന് അധികം ആവശ്യക്കാരുണ്ടാവില്ല എന്ന് മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല കമ്പനി വെറും 8 യൂണിറ്റ് ഫോണുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. വെർച്യുവിന്റെ മാതൃരാജ്യമായ ചൈനയിൽ ഒരെണ്ണം മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ എന്നും പറയുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് Vertu Signature Cobra Limited Edition ഫോണിനെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile