കിടക്കുന്നതിന് മുമ്പ് ഫോൺ നോക്കി (Phone use before sleeping), ശേഷം കിടക്കയിൽ തന്നെ മൊബൈൽ വച്ച് ഉറങ്ങുന്നതായിരിക്കും പലരുടെയും ശീലം. ഉറങ്ങി എഴുന്നേറ്റാലും പുതിയ അപ്ഡേറ്റെല്ലാം അറിയാൻ ഫോൺ ഇങ്ങനെ അടുത്ത് വച്ചാൽ എളുപ്പമാണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കാരണം, നല്ല ഉറക്കം ലഭിക്കുക എന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ ഫോൺ കിടക്കയിലും അടുത്തും വയ്ക്കുന്നത് സുരക്ഷിതമല്ല.
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പോ, കിടക്കുമ്പോഴോ ഫോൺ ഉപയോഗിക്കുന്നവർ ആരോഗ്യകരമായ ഉറക്കമല്ല ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ കണ്ണുകൾക്കും ഇത് അപകടമാണ്.
ഫോൺ കിടക്കയിൽ വച്ചാൽ…
ആരോഗ്യത്തിന് മാത്രമല്ല, ചില അവസരങ്ങളിൽ ഫോൺ പൊട്ടിത്തെറിക്കാനും ഇത് കാരണമാകും. മൊബൈൽ ഒരുപക്ഷേ അമിതമായി ചൂടായിട്ടുണ്ടെങ്കിൽ ഫോൺ പൊട്ടിത്തെറിക്കാൻ (Phone explode) സാധ്യതയേറെയാണ്.
അതിനാൽ തന്നെ നിങ്ങളുടെ കിടക്ക വിശ്രമിക്കാനോ ഉറങ്ങാനോ മാത്രമുള്ളതായിരിക്കണം എന്നത് തീർച്ചപ്പെടുത്തുക. ഏതെങ്കിലും അത്യാവശ്യ അവസരത്തിൽ ഫോൺ ഉപയോഗിക്കേണ്ടതായി വന്നാൽ നൈറ്റ് ടൈം മോഡ് സജ്ജീകരിക്കുക.
കിടക്കുമ്പോൾ പകരം പുസ്തകം വായിക്കുന്നതോ ധ്യാനിക്കുന്നതോ നല്ലതായിരിക്കും. അതുപോലെ ഫോണില്ലാതെ ചിലപ്പോൾ ഉറങ്ങാൻ കഴിയില്ലെന്ന ശീലം ഒരുപക്ഷേ നിങ്ങൾക്കുണ്ടായിരിക്കും. ഇതിന് മുറിയിൽ മങ്ങിയ ലൈറ്റ് ഇടുക. ഇങ്ങനെ പതിയെ ഉറക്കത്തിന് മുമ്പ് ഫോൺ ഉപയോഗിക്കുന്ന ശീലം കുറയ്ക്കാനാകും.