നിങ്ങൾ നിരീക്ഷണത്തിലാണോ? പറയുന്നതോ ചിന്തിക്കുന്നതോ പരസ്യങ്ങളായി വരാറുണ്ടോ?

Updated on 09-Jun-2023
HIGHLIGHTS

നിങ്ങളുടെ ഓരോ ചലനങ്ങളും വാക്കുകളും നിങ്ങളുടെ സന്തതസഹചാരിയായ സ്മാർട്ഫോൺ നിരീക്ഷിക്കുന്നു?

പിന്നീട് പരസ്യങ്ങളിലൂടെയും മറ്റ് അവ നിങ്ങളുടെ മുൻപിൽ എത്തുന്നു

ഇവ നിങ്ങളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രശ്നമാകുമോ?

പുതിയതായി ഒരു ഷർട്ട് വാങ്ങണമെന്നോ, ബർഗർ ഓർഡർ ചെയ്യണമെന്നോ, ചുരിദാർ പർച്ചേസ് ചെയ്യണമെന്നോ ആഗ്രഹിക്കുകയോ, നിങ്ങളുടെ അടുത്തിരിക്കുന്ന ആളോട് പറയുകയോ ആണെങ്കിൽ, കുറച്ച് നിമിഷങ്ങൾ കഴിഞ്ഞ് അത് നിങ്ങളുടെ ഫോണിൽ പരസ്യമായി വരാറില്ലേ?

നിങ്ങൾ അടുത്തിരിക്കുന്ന സുഹൃത്തിനോട് പറയുന്നതും ചിന്തിക്കുന്നതുമെല്ലാം ഉടനെ ഫോൺ തുറന്നുനോക്കുമ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റ് പരസ്യമായി അവതരിക്കുന്നത് ഒരു അത്ഭുതമാണെന്നാണോ കരുതുന്നത്? എന്നാൽ അല്ല. നിങ്ങളുടെ ഓരോ ചലനങ്ങളും വാക്കുകളും നിങ്ങളുടെ സന്തതസഹചാരിയായ സ്മാർട്ഫോൺ നിരീക്ഷിക്കുന്നതാണ്. എല്ലാ ഫോണുകളിലും ഇന്റർനെറ്റ് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അവയിൽ ഒരു വെർച്വൽ അസിസ്റ്റന്റും പ്രവർത്തനക്ഷമമായിരിക്കും.

ഇവ നിങ്ങളുടെ സംഭാഷണങ്ങളും മറ്റും കേൾക്കുന്നു. പിന്നീട് പരസ്യങ്ങളിലൂടെയും മറ്റ് അവ നിങ്ങളുടെ മുൻപിൽ എത്തുന്നു. ഫോണിന് ലഭിക്കുന്ന വിവരങ്ങൾ പരസ്യദാതാക്കളുടെ പക്കലേക്ക് എത്തിച്ചേരും. എങ്കിലും ഇവ നിങ്ങളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രശ്നമാകുമോ എന്ന് നോക്കാം.

നിങ്ങളുടെ ആപ്പുകളിലും ഫോണിലെ സെറ്റിങ്സിലും നൽകിയിരിക്കുന്ന ആക്സസ് അനുസരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് നിങ്ങളുടെ അനുമതിയോടെ പ്രവർത്തിക്കുന്നതിനാൽ വിവരങ്ങൾ ഫോൺ ശ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയാൻ സാധിക്കില്ല.

ഏതാനും ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൈക്രോഫോൺ, ക്യാമറ അനുമതി ചോദിക്കാറില്ലേ? ഇവ ആപ്പ് തുറക്കുമ്പോൾ മാത്രമല്ല ഫോൺ പ്രവർത്തിക്കാതെ ഇരിക്കുമ്പോഴും പശ്ചാത്തലത്തിൽ വിവരങ്ങൾ ആക്സസ് ചെയ്യുന്നുണ്ട്.

നിങ്ങളുടെ പ്രൈവസി മുഖ്യമാണെങ്കിൽ, നിങ്ങൾ ഫോണിന്റെ നിരീക്ഷണത്തിലാണോ എന്ന് ആദ്യം പരിശോധിക്കുക. ശേഷം സെറ്റിങ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരിക. ഇത് അറിയുന്നതിനായി ആദ്യം നിങ്ങളുമായി ബന്ധമില്ലാത്ത ഒരു വിഷയം തെരഞ്ഞെടുക്കണം. ഉദാഹരണം നിങ്ങൾ ഇതുവരെ വിമാനയാത്ര നടത്തിയിട്ടില്ലെങ്കിൽ, ഈ വിഷയം ഗൂഗിളിലും മറ്റും സെർച്ച് ചെയ്തിട്ടില്ലെങ്കിൽ ഇത് തന്നെ തെരഞ്ഞെടുക്കാം. 

ഈ വിഷയത്തെ കുറിച്ച് സംസാരിക്കുക എന്നതാണ് അടുത്ത ടാസ്ക്. അടുത്ത സുഹൃത്തിനോടോ മറ്റോ നിങ്ങൾ വിമാനയാത്രയെ കുറിച്ചോ Flight ticket വർധനവിനെ കുറിച്ചോ സംസാരിക്കുക. സംഭാഷണത്തിൽ തീർച്ചയായും ഈ വാക്കുകൾ ഉൾപ്പെടുത്തിയിരിക്കണം. തുടർച്ചയായി ഇതിനെ കുറിച്ച് സംഭാഷണം നടത്തുന്നതോ, അല്ലെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ സംസാരവിഷയമാക്കുന്നതോ നല്ലതാണ്. ഈ സംഭാഷണ വേളകളിലെല്ലാം ഫോൺ നിങ്ങളുടെ ശബ്ദം കേൾക്കുന്ന പരിധിയിലാണ് വരുന്നതെന്നതും ശ്രദ്ധിക്കുക. എന്നാൽ സംസാരത്തിൽ മാത്രമാണ് ഇത് കൊണ്ടുവരേണ്ടത്. ഗൂഗിളിലോ സോഷ്യൽ മീഡിയയിലോ ഈ വിഷയം സെർച്ച് ചെയ്യരുത്. 

ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഫോൺ ഉപയോഗിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട വാർത്തകളോ പരസ്യങ്ങളോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. സമൂഹമാധ്യമങ്ങളിലും മറ്റും Flight  ticket ഓഫറുകളും മറ്റും ദൃശ്യമാകുന്നുവെങ്കിൽ നിങ്ങളുടെ ഫോൺ ഇതെല്ലാം പകർത്തുന്നുവെന്നത് ബോധ്യമാകും. 

Off  ചെയ്യണമെങ്കിൽ?

ഇത് എങ്ങനെ ഒഴിവാക്കാമെന്നാൽ…

നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിൽ ചെന്ന് ഡാറ്റ & പ്രൈവസി ടാബ് തുറന്ന് മാനേജ് ആക്ടിവിറ്റി ഓപ്പൺ ചെയ്ത് ഇത് ഓഫ് ചെയ്യാം. ഇതിൽ വെബ് ആക്ടിവിറ്റി എന്ന ഓപ്ഷനിൽ വോയിസ് & ഓഡിയോ ആക്ടിവിറ്റി ഓഫ് ചെയ്യാം.

കൂടാതെ ഗൂഗിൾ അസിസ്റ്റന്റും ഓഫ് ചെയ്യണം. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ Google ആപ്പ് തുറന്ന് മുകളിൽ കാണുന്ന പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. ശേഷം, സെറ്റിങ്സ് > Google അസിസ്റ്റന്റ് എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക. ഇവിടെ നിന്നും General ക്ലിക്ക് ചെയ്യുക. തുടർന്ന് ഗൂഗിൾ അസിസ്റ്റന്റ് ഓഫ് ചെയ്യാം. iOS അഥവാ ആപ്പിൾ ഉപഭോക്താക്കൾ ഫോണിലെ സെറ്റിങ്സ് ആപ്പ് തുറന്ന് Google അസിസ്റ്റന്റ് ക്ലിക്ക് ചെയ്യുക. ശേഷം മൈക്രോഫോൺ ഓഫ് ചെയ്തുകൊണ്ട് Google അസിസ്റ്റന്റ് നീക്കം ചെയ്യാവുന്നതാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :