ടെക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് ChatGPT, Bard, Bing തുടങ്ങിയ ചാറ്റ്ബോട്ടുകൾ. മനുഷ്യന്റെ സ്ഥാനത്തേക്ക് ഇത്തരം ചാറ്റ്ബോട്ടുകൾ കയറിക്കൂടാൻ സാധിക്കുമെന്നതാണ് സമീപകാലങ്ങളിലെ അനുഭവങ്ങളും വ്യക്തമാക്കുന്നത്. അതുപോലെ, മനുഷ്യനെ സഹായിക്കാനും ചാറ്റ്ജിപിറ്റി ഉൾപ്പെടെയുള്ള AI ചാറ്റ്ബോട്ടുകൾക്ക് സാധിക്കുമെന്ന് വിലയിരുത്തുന്നു. എങ്കിലും ഈ AI Chatbotകൾ മനുഷ്യന് വരമാണോ വിനയാണോ എന്നതിൽ സ്ഥിരീകരണം ഒന്നും ഇതുവരെയില്ല.
കൃത്രിമബുദ്ധി മനുഷ്യനെ മാറ്റിസ്ഥാപിക്കുമെന്നും മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ, AI ചാറ്റ്ബോട്ടുകളെ കുറിച്ച് Googleന്റെ അമരക്കാരൻ സാക്ഷാൽ സുന്ദർ പിച്ചൈയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാമോ? AI മനുഷ്യർക്ക് എതിരാളിയാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെയൊരു അഭിപ്രായത്തിൽ ഗൂഗിൾ CEO എത്താനുള്ള കാരണമെന്തെന്നാൽ…
'Artificial intelligence അഥവാ നിർമിത ബുദ്ധി ഭാവിയിൽ മനുഷ്യരാശിക്ക് എതിരായി ഭവിക്കുകയില്ല. പകരം, ഇതുപോലുള്ള സാങ്കേതികവിദ്യ മനുഷ്യരുടെ സേവകരാകും. ഇത്തരം ടെക്നോളജികൾ സ്മാർട്ട്‌ഫോണുകൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരിക്കും.' ഇന്നത്തേത്തിൽ നിന്ന് വ്യത്യസ്തമായി ഭാവിയിൽ AI കൂടുതൽ സ്വാഭാവികവും അതുപോലെ സംവദിക്കാൻ അനായാസമാവുകയും ചെയ്യുമെന്നും Sundar Pichai വിശദീകരിച്ചു. പ്രശസ്ത യൂട്യൂബർ അരുൺ മൈനിയുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വിശദീകരിച്ചത്.
എഐ ഇനിയും കൂടുതൽ പരിവർത്തനപ്പെടുമെന്നും, ഇങ്ങനെ മനുഷ്യന്റെ ഭാഷ മനസിലാക്കാനും പ്രാദേശിക ഭാഷകളിലും ആശയവിനിമയം നടത്താനും സാധിക്കുമെന്നുമാണ് ഗൂഗിൾ സിഇഒ വിശ്വസിക്കുന്നത്. ഇത്തരത്തിൽ AI ഒരു വിനയാകാതെ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ കൂടുതൽ അറിവുകൾ വ്യാപിക്കുമ്പോൾ സാങ്കേതിക വിദ്യയും മെച്ചപ്പെടുകയാണ് ചെയ്യുന്നതെന്നും പിച്ചൈ വ്യക്തമാക്കി.
'ഫോണും കമ്പ്യൂട്ടറുമെല്ലാം ഉപയോഗിക്കാൻ ഈ പുതിയ സാങ്കേതിരക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്. കാരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ ഗാഡ്‌ജെറ്റുകൾ കൂടുതൽ സുഗമമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു.' ഇതുവരെ AIയുമായി പൊരുത്തപ്പെടുന്നത് മനുഷ്യരായിരുന്നുവെങ്കിൽ, ഭാവിയിൽ AI മനുഷ്യരുമായി പൊരുത്തപ്പെടാൻ കമ്പ്യൂട്ടറുകളെ പ്രാപ്തമാക്കുകയായിരിക്കും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഗൂഗിൾ നിരവധി AI ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഗൂഗിളിലെ ബാർഡ് എന്ന എഐ ചാറ്റ്ബോട്ടും, ജിമെയിലിനായുള്ള ഹെൽപ്പ് മീ റൈറ്റ് ടൂളും എല്ലാം AIയെ പിന്തുണയ്ക്കുന്നവയാണ്. ഇതിന് പുറമെ ഗൂഗിൾ പിക്സൽ ഫോണുകളിലും മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും AI ഫീച്ചറുകൾ കൊണ്ടുവരുന്നതിനും Google ആലോചിക്കുന്നുണ്ട്.