ഒരുപക്ഷേ നിങ്ങളെ നിങ്ങളേക്കാൾ നന്നായി അറിയുന്നത് നിങ്ങളുടെ കൈയിലെ ഫോണിനാണ്. അതിൽ തന്നെ ഫോൺ ഒന്ന് മാറിയാലും ഗൂഗിൾ (Google) അക്കൗണ്ട് മാറണമെന്നില്ല. അതിനാൽ തന്നെ നിങ്ങൾ എങ്ങനെ ജീവിക്കുന്നു, എന്തെല്ലാം ചിന്തിക്കുന്നു, എന്തെല്ലാം അന്വേഷിക്കുന്നു, എവിടെയെല്ലാം പോകുന്നു, ആരെല്ലാമായി സമ്പർക്കം പുലർത്തുന്നു എന്നിവയെല്ലാം വളരെ കൃത്യമായി അറിയുന്ന മറ്റൊരാളുണ്ടാവില്ല. നിങ്ങൾക്ക് മറവി സംഭവിച്ചാലും ഗൂഗിളിന് സംഭവിക്കില്ല.
എന്നാൽ ഒരു ഉപയോക്താവിന്റെ മരണശേഷം അവരുടെ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവ ഉപയോഗിക്കാതിരുന്നാൽ inactive ആകുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അത് വാസ്തവമല്ല. മരണപ്പെട്ട ഒരാളുടെ ഗൂഗിൾ അക്കൗണ്ടും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളായാലും അക്കൗണ്ട് ശാശ്വതമായി ഇല്ലാതാന്നതിനുള്ള സൌകര്യം നൽകുന്നുണ്ട്. ഇത് കുടുംബാംഗങ്ങൾ മുഖേനയാണ് ചെയ്യുന്നത്.
മരണപ്പെട്ട ഒരാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടും ഗൂഗിൾ അക്കൗണ്ടും പിന്നീട് എന്താകുന്നുവെന്ന് നോക്കാം.
മരണശേഷം ഒരാളുടെ ഗൂഗിൾ അക്കൗണ്ടിൽ നിന്നുള്ള ഡാറ്റ പൂർണമായും ഡിലീറ്റ് ചെയ്യാൻ സാധിക്കും. അതുമല്ലെങ്കിൽ മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കോ കുടുംബത്തിലെ ആർക്കെങ്കിലുമോ അതിന്റെ ആക്സസ് നൽകുവാനും സാധിക്കും. ഗൂഗിളിന്റെ ഇൻആക്റ്റീവ് അക്കൗണ്ട് മാനേജർ വഴിയാണ് ഇത് സാധ്യമാക്കുന്നത്. എന്നാൽ അക്കൗണ്ട് കുറച്ച് കാലം ഇൻആക്റ്റീവ് ആയിരിക്കണം എന്നത് ഈ സംവിധാനത്തിന്റെ നിബന്ധനയാണ്. ലാസ്റ്റ് സൈൻ-ഇൻ, റീസന്റ് ആക്റ്റിവിറ്റി, ജിമെയിൽ ആപ്പ് ഉപയോഗം, ആൻഡ്രോയിഡ് ചെക്ക് ഇൻസ് എന്നിവ കണക്കിലെടുത്താണ് ഗൂഗിൾ അക്കൗണ്ടിന്റെ ഇൻആക്റ്റിവിറ്റി നിശ്ചയിക്കുന്നത്.
മരണം സംഭവിച്ച ഒരാളുടെ അക്കൗണ്ട് ഫേസ്ബുക്കിൽ (Facebook after your death) നിന്ന് നീക്കം ചെയ്യാൻ കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ ഫേസ്ബുക്കിനോട് അഭ്യർഥിക്കാം. ഇതിനർഥം നിങ്ങളുടെ എല്ലാ ഫോട്ടോകളും സന്ദേശങ്ങളും പോസ്റ്റുകളും കമന്റുകളും Facebookൽ നിന്ന് ഇല്ലാതാക്കപ്പെടും എന്നതാണ്. അതുമല്ലെങ്കിൽ, അക്കൗണ്ട് മെമ്മോറിയലൈസ് ചെയ്യുക എന്നതാണ് മറ്റൊരു ഓപ്ഷൻ. മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒരു വ്യക്തിയുടെ മരണശേഷം ഓർമകൾ രേഖപ്പെടുത്തുന്നതിനും പങ്കിടാനും ഉപയോഗിക്കാം. മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകൾക്ക് അവരുടെ പ്രൊഫൈലിൽ വ്യക്തിയുടെ പേരിന് അടുത്തായി 'Remembering' എന്ന വാക്ക് കാണിക്കും.
കൂടുതൽ വാർത്തകൾ: Merry Christmas: വെറുമൊരു ആശംസയല്ല, ചരിത്രം ഇതാണ്…
അക്കൗണ്ടിന്റെ സ്വകാര്യതാ ക്രമീകരണം അനുസരിച്ച്, മെമ്മോറിയലൈസ് ചെയ്ത ടൈംലൈനിൽ സുഹൃത്തുക്കൾക്ക് ഓർമകൾ പങ്കിടാനാകും. ഉദാഹരണത്തിന് മരണപ്പെട്ട ആളുമായുള്ള ഫോട്ടോകൾ, പോസ്റ്റുകൾ എന്നിവ. എന്നാൽ ഈ അക്കൗണ്ടുകളിൽ ഫ്രണ്ട് സജഷൻ, പരസ്യങ്ങൾ, ജന്മദിനങ്ങളുടെ ഓർമപ്പെടുത്തലുകൾ എന്നിവ ദൃശ്യമാകില്ല. മാത്രമല്ല, മെമ്മോറിയലൈസ് ചെയ്ത അക്കൗണ്ടിലേക്ക് ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല.