Steve Jobs inspiring quotes
Steve Jobs: Apple എന്ന ബ്രാൻഡിന് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഒരു കോട്ടവുമില്ല. ഇത്രയും ടെക്നോളജിയില്ലാഞ്ഞിട്ടും ഇന്നത്തേക്കാൾ അന്ന് ടെക് വിസ്മയമൊരിക്കിയ പടനായകൻ. തിങ് ഡിഫറന്റ് അഥവാ വേറിട്ട് ചിന്തിക്കൂ, എന്ന ടാഗ് ലൈനാണ് ആപ്പിളിന്റേത്. ആപ്പിൾ വേറിട്ട് ചിന്തിച്ചുതുടങ്ങിയപ്പോഴാണ് സ്മാർട്ഫോണുകൾ പിറവി കൊണ്ടതും.
Steve Jobs ആപ്പിളിന്റെ തലപ്പത്തേക്കും സഹ സ്ഥാപകനുമായ ശേഷമാണ് പകുതി കടിച്ച ആപ്പിൾ കഷ്ണം പ്രചാരമേറിയത്. 2011 ഒക്ടോബറിലാണ് വിശ്വവിഖ്യാതനായ സംരഭകൻ വിടവാങ്ങിയത്. ഇന്ന് ജോബ്സിന്റെ 70-ാം ജന്മദിന വാർഷികമാണ്.
ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം കൂടിയാണ് സ്റ്റീവ് ജോബ്സ്. ഇന്ന് ആപ്പിളിന്റെ മേധാവിയായ ടിം കുക്ക് പോലും തന്റെ ഗുരുസ്ഥാനത്ത് കണക്കാക്കുന്നത് ജോബ്സിനെയാണ്. ചെറുപ്പത്തിലെ ടെക്നോളജിയിലും പുതിയ സംരഭങ്ങളിലും ഉത്സാഹം കാട്ടിയിരുന്ന ജോബ്സ് ഫോണുകളുടെ തലവര തന്നെ മാറ്റിമറിയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഒരു ഐപോഡ്, ഒരു ഫോൺ, ഒരു ഇന്റർനെറ്റ് മൊബൈൽ കമ്മ്യൂണിക്കേറ്റർ… ഇവ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളല്ല! ഞങ്ങൾ അതിനെ iPhone എന്ന് വിളിക്കുന്നു! ഇന്ന് ആപ്പിൾ ഫോൺ വീണ്ടും ഒരു പുതിയ കണ്ടുപിടിത്തത്തിലേക്ക്… എന്ന് പറഞ്ഞുകൊണ്ടാണ് അന്ന് ജോബ്സ് സദസ്സിന് ഐഫോൺ ആദ്യമായി പരിചയപ്പെടുത്തിയത്. സ്മാർട്ഫോണുകളുടെ തുടക്കം കുറിച്ച ചുവട് വയ്പ്പായിരുന്നു അത്.
അഭിനിവേശവും ലക്ഷ്യവുമായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിൻ്റെ കാതൽ. അർത്ഥവത്തായ ജോലിയിൽ ഏർപ്പെടുന്നതിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുപോലെ ആധികാരികമായി ജീവിക്കുന്നതിലൂടെ ജോബ്സ് സംതൃപ്തി കണ്ടെത്തി.
പഴയ ആശയങ്ങളെ മുറുകെ പിടിക്കുന്നത് നല്ലതല്ല. എപ്പോഴും മാറ്റത്തെ ഉൾക്കൊള്ളാനാണ് അദ്ദേഹം നിർദേശിക്കാറുള്ളത്. പുതിയ കാര്യങ്ങളിലേക്ക് മനസ്സ് തുറന്നിരുന്നാൽ, ജീവിതം അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹം വിശ്വസിക്കുകയും അത് തെളിയിക്കുകയും ചെയ്തു. iPhone ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ അതിനുള്ള തെളിവുമാണ്.
നിങ്ങൾ ഒരുപക്ഷേ കേട്ടിട്ടുള്ള മിക്ക പ്രചോദന വാചകങ്ങളും സ്റ്റീവ് ജോബ്സിൽ നിന്നുള്ളവയാകും. ജീവിതത്തിലും കരിയറിലും വിജയിക്കാനുള്ള മന്ത്രങ്ങളാണിവ. ഈ മന്ത്രങ്ങൾ നിങ്ങളുടെ യാത്രയിൽ പരീക്ഷിക്കാൻ തയ്യാറാണെങ്കിൽ, ജയിക്കാം…
വിശന്നിരിക്കൂ, മണ്ടരായി ഇരിക്കൂ… നിങ്ങളുടെ ഉത്സാഹവും അധ്വാനവുമാണ് വിജയത്തിന്റെ പടവുകൾ. പുതിയ കാര്യങ്ങൾക്കായി പരിശ്രമിക്കുന്നതും പുതിയ അനുഭവങ്ങൾ അറിയാൻ ശ്രമിക്കുന്നതും നിങ്ങളെ വളർത്തും. റിസ്ക് എടുക്കുന്നതിൽ മടി കാണിക്കരുത്. അതുപോലെ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ സ്വയം പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ബിസിനസ്സിലെ മഹത്തായ കാര്യങ്ങൾ ഒരിക്കലും ഒരാളല്ല ചെയ്യുന്നത്. അത് ഒരു കൂട്ടം ആളുകളുടെ പ്രയത്നമാണ്. ഐക്യത്തിന്റെയും സഹകരണത്തിന്റെയും മഹാത്മ്യമാണ് ഇതിൽ വിവരിക്കുന്നത്.
നവീകരിക്കാനുള്ള/ കണ്ടുപിടിത്തങ്ങളാണ് നേതൃത്വത്തിന്റെ മുഖ മുദ്ര. എപ്പോഴും ക്രിയേറ്റീവായി ഇരിക്കുന്നതും റിസ്ക് എടുക്കാൻ ഭയപ്പെടാത്തവരുമാണ് യഥാർത്ഥ നേതാക്കൾ.
ടെക്നോളജിയിലല്ല മനുഷ്യരിലാണ് വിശ്വാസം വേണ്ടത്. ഇന്ന് മനുഷ്യന് പകരം വയ്ക്കാൻ എഐ പോലുള്ളവ വരുമ്പോഴും സ്റ്റീവ് ജോബ്സിന്റെ ഈ വാചകം ചെവികൊള്ളാതിരിക്കാനാകില്ല.
നിങ്ങളുടെ ഹൃദയത്തെയും അവബോധത്തെയും പിന്തുടരാൻ ധൈര്യം കാണിക്കുക. നിങ്ങൾ യഥാർത്ഥത്തിൽ എന്തായിത്തീരാൻ ആഗ്രഹിക്കുന്നുവെന്ന് ഹൃദയത്തിന് എന്തായാലും ഇതിനകം അറിയാം.
ഏത് മേഖലയിലുള്ള ആളുകളും എപ്പോഴും ഉൾക്കൊള്ളേണ്ട Quotes ആണിത്. നമ്മുടെ ഇഷ്ടം അനുസരിച്ച് ജോലിയും ജീവിതവും തെരഞ്ഞെടുക്കാൻ ജോബ്സ് ആഹ്വാനം ചെയ്യുന്നു.
ശ്മശാനത്തിലെ ഏറ്റവും വലിയ ധനികനായി മരിക്കുക എന്നതല്ല എന്റെ ലക്ഷ്യം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നമ്മൾ എന്തോ അദ്ഭുതകരമായി ചെയ്തു എന്നെനിക്ക് തോന്നണം… അതാണ് പ്രധാനം.
ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തി അതിനായി പരിശ്രമിക്കുക എന്നാണ് ജോബ്സ് പറയുന്നത്.
ജീവിതത്തിൽ വലിയ തീരുമാനങ്ങളെടുക്കാൻ എന്നെ സഹായിക്കുന്ന പ്രധാന ആയുധം, അത് ഞാൻ ഉടൻ മരിക്കുമെന്ന് എന്നെ ഓർമ്മിപ്പിക്കുന്നതാണ്. സമയം പണത്തിനേക്കാൾ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ സ്റ്റീവ് ജോബ്സിന്റെ അതേ അർത്ഥത്തിലുള്ള മറ്റൊരു നിർദേശം.
നിങ്ങൾ എന്തെലെങ്കിലും വിശ്വസിക്കണം – അത് നിങ്ങളുടെ സ്വത്വത്തിലോ, വിധി, ജീവിതം, കർമ്മം അങ്ങനെയെന്തിലോ വിശ്വസിക്കണം. ഈ സമീപനം ഒരിക്കലും നിരാശപ്പെടുത്തില്ല, അത് ജീവിതത്തിൽ എല്ലാ മാറ്റങ്ങളും കൊണ്ടുവരും. നമ്മുടെ ആത്മവിശ്വാസവും ലക്ഷ്യവുമാണ് ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതെന്ന് സ്റ്റീവ് ജോബ്സ്.
മഹത്തായ ജോലി ചെയ്ത് പൂർത്തിയാക്കാനുള്ള ഒരേയൊരു മാർഗം നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. നിങ്ങൾ അത് ഇതുവരെ കണ്ടെത്തിയില്ലെങ്കിൽ, തിരഞ്ഞുകൊണ്ടേയിരിക്കൂ… നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി തന്നെ തെരഞ്ഞെടുക്കാനും, അത് സ്നേഹത്തോടെ പൂർത്തിയാക്കാനുമാണ് ആപ്പിൾ മുൻമേധാവി പറയുന്നത്.
വ്യത്യസ്തമായി ചിന്തിക്കൂ… ആപ്പിളിന്റെ വിജയമന്ത്രം സ്റ്റീവ് ജോബ്സിന്റേതാണ്. ഇത് ഓരോരുത്തർക്കും അവരുടെ ജീവിതം ഉത്സാഹത്തോടെയും, ജോലി ആവേശത്തോടെയും കൊണ്ടുപോകാനുള്ള മന്ത്രമാണ്. (സ്രോതസ്സ്: goodreads.com)
Also Read: 119 Mobile Apps BLOCK ചെയ്യാൻ നടപടി… ചൈനയ്ക്കും Hong Kong-നും ഇന്ത്യയുടെ മുട്ടൻ പണി!