വാട്സാപ്പ് തുറന്നാലും, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആയാലും എങ്ങും ക്രിസ്മസ് ആശംസകൾ നിറയുകയാണ്. പ്രിയപ്പെട്ടവർക്ക് മെറി ക്രിസ്മസ് (Merry Christmas) സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ഈ സന്ദേശത്തിന് ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. അതായത്, ടെക്നിക്കൽ ലോകത്തെ വളരെ നിർണായക സന്ദേശമാണ് മെറി ക്രിസ്മസ് (Merry Christmas). അത് ഒരു ക്രിസ്തുമസ് ആശംസ എന്നതിലുപരി എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യമർഹിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
30 വർഷം മുമ്പ്, അതായത് 1992ൽ ഡിസംബർ 3നാണ് ഒരു മൊബൈൽ ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് ആ സന്ദേശം സഞ്ചരിച്ചത്. എസ്എംഎസ് (SMS) അഥവാ Short Message Service എന്ന് ഇത് പിന്നീട് അറിയപ്പെട്ടു. യുകെയിലെ ബെർക്ക്‌ഷെയറിലെ ഒരു വോഡഫോൺ എഞ്ചിനീയർ അയച്ചതാണ് ഈ സന്ദേശം എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സന്ദേശം ഇതായിരുന്നു- Merry Christmas.
അതായത്, സോഫ്റ്റ്‌വെയർ പ്രോഗ്രാമറായ നീൽ പാപ്‌വർത്ത് സ്ഥാപനത്തിന്റെ മേധാവികളിൽ ഒരാളായ റിച്ചാർഡ് ജാർവിസിനാണ് സന്ദേശം അയച്ചത്. ജാർവിസ് ഒരു ക്രിസ്മസ് പാർട്ടിയിലായിരുന്നതിനാൽ പാപ്‌വർത്തിന് മറുപടി ലഭിച്ചില്ല. ഈ സമയം, ടെക്നോളജി പരീക്ഷിക്കാനായി അയാൾ "മെറി ക്രിസ്മസ്" എന്ന് ടെപ്പ് ചെയ്ത് റിച്ചാർഡ് ജാർവിസിന് അയക്കുകയായിരുന്നു. ഇത് ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജായി. ഇന്ന് വാട്സ്ആപ്പും മറ്റും വന്നപ്പോൾ സന്ദേശങ്ങൾ വാക്കുകളിൽ നിന്ന് ഫോട്ടോകളും ഇമോജികളും ജിഫുകളുമൊക്കെയായി പുരോഗമിച്ചപ്പോഴും മെറി ക്രിസ്മസ്സായിരുന്നു ഇതിന്റെ തുടക്കക്കാരൻ എന്ന് മിക്കവർക്കും അറിയില്ല.
വാസ്തവത്തിൽ, ഒരു SMS പരമാവധി 160 പ്രതീകങ്ങളുള്ള ടെക്‌സ്‌റ്റ് മാത്രമായിരിക്കും. 1980കളുടെ തുടക്കത്തിലാണ് മൊബൈൽ വഴിയുള്ള ടെക്സ്റ്റ് മെസേജ് എന്ന ആശയം പിറവി കൊള്ളുന്നത്. എന്നാൽ ഇത് മൊബൈൽ ഉപകരണത്തിലേക്ക് പ്രാവർത്തികമാക്കുന്നതിന് ഏകദേശം പത്ത് വർഷമെടുത്തു. പിന്നീട് 2010ലാണ് "ടെക്‌സ്റ്റിങ്" എന്ന പദം നിഘണ്ടുവിൽ പ്രവേശിക്കുന്നത്. ഈ സേവനം ഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിലും, ഇന്റർനെറ്റ് അധിഷ്‌ഠിതവും എൻക്രിപ്റ്റ് ചെയ്‌തതുമായ സന്ദേശമയയ്‌ക്കൽ WhatsApp, iMessage എന്നീ പ്ലാറ്റ്‌ഫോമുകൾ വന്നത് കൂടുതൽ ജനപ്രിയത നൽകി.